തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാന്‍ ഫെസിലിറ്റേഷന്‍ യൂനിറ്റുകള്‍
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹരിതനിയമപാലനം ഉറപ്പു വരുത്തുന്നതിന് ജില്ല, താലൂക്ക്, പഞ്ചായത്ത് തലങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഫെസിലിറ്റേഷന്‍ യൂണിറ്റുകള്‍ സജ്ജമാക്കും.
യൂണിറ്റുകളുടെ രൂപീകരണത്തിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും ഹരിതകേരളം മിഷനും ശുചിത്വ മിഷനും നേതൃത്വം നല്‍കും. തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എആര്‍ഒമാരുടെയും ഇആര്‍ഒമാരുടെയും സംയുക്ത യോഗം ചര്‍ച്ച ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ് വിശദീകരിച്ചു. പ്രചരണ സാമഗ്രികള്‍, കൊടിതോരണങ്ങള്‍ എന്നിവയ്ക്കായി പ്ലാസ്റ്റിക്, പിവിസി തുടങ്ങിയവയ്ക്ക് പകരം പുനഃചംക്രമണം ചെയ്യാവുന്ന കോട്ടണ്‍ തുണി, പേപ്പര്‍ പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കണം. ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ പരമാവധി ഒഴിവാക്കണം. പോളിംഗ് ബൂത്തുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ ക്രമീകരണത്തിനും തിരഞ്ഞെടുപ്പ് സാധനസാമഗ്രികളുടെ വിതരണത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കണം.തെരഞ്ഞെടുപ്പ് സാമഗ്രികള്‍ പൊതിയുന്നതിന് തുണിയോ പുനഃചംക്രമണം ചെയ്യാന്‍ പറ്റുന്ന വസ്തുക്കളോ ഉപയോഗിക്കണം. വിതരണ-സ്വീകരണ കേന്ദ്രങ്ങളിലെ ഡ്യൂട്ടി പോസ്റ്റിംഗ്, ബസ് റൂട്ടുകള്‍, കൗണ്ടറുകള്‍ എന്നിവ സൂചിപ്പിക്കുന്നതിനുള്ള ബോര്‍ഡുകള്‍ തുണികൊണ്ട് തയ്യാറാക്കണം.
പ്ലാസ്റ്റിക് പൊതികളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങളും പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളവും പോളിംഗ് ബൂത്തുകളില്‍ കൊണ്ടുവരാന്‍ പാടില്ല. കൗണ്ടിംഗ് ഏജന്റുമാര്‍, ഇലക്ഷന്‍ ഏജന്റുമാര്‍, ചീഫ് ഏജന്റുമാര്‍ എന്നിവര്‍ക്ക് പ്ലാസ്റ്റിക് കൊണ്ട് ലാമിനേറ്റ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡിനു പകരം മൊട്ടുസൂചി കുത്തി ഉപയോഗിക്കാവുന്ന കടലാസ് കാര്‍ഡുകള്‍ നല്‍കണം. തെരഞ്ഞെടുപ്പിന് ഔദ്യോഗികമായി നല്‍കുന്ന ഫോട്ടോ വോട്ടര്‍ സ്ലിപ്, രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന സ്ലിപ്പുകള്‍ എന്നിവ പോളിംഗ് ബൂത്തിന്റെ പരിസരത്ത് ഉപേക്ഷിക്കാന്‍ പാടില്ല. ഇവ ശേഖരിച്ച് കളക്ഷന്‍ സെന്ററുകളില്‍ എത്തിച്ച് സ്‌ക്രാപ്പ് ഡീലേഴ്‌സിന് കൈമാറണം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലുടനീളം ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ ഫെസിലിറ്റേഷന്‍ യൂണിറ്റുകള്‍ മേല്‍നോട്ടം വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."