ട്രാവലറും ചരക്കു ലോറിയും ബൈക്കും കൂട്ടിയിടിച്ച് പതിനാറ് പേര്‍ക്ക് പരുക്ക്
വാടാനപ്പള്ളി: ദേശിയപാത പതിനേഴ് ഗണേശമംഗലം പെട്രോള്‍ പമ്പിനു മുന്നില്‍ ട്രാവലറും ചരക്കു ലോറിയും ബൈക്കും കൂട്ടിയിടിച്ച് പതിനാറ് പേര്‍ക്ക് പരുക്ക്.
ട്രാവലര്‍ ഡ്രൈവര്‍ ചിറ്റിലപ്പള്ളി സ്വദേശി നിമീഷ് (26), യാത്രക്കാരായ ചൂണ്ടല്‍ കുന്നത്ത് വളപ്പില്‍ വീട്ടില്‍ വേലായുധന്റെ മകള്‍ സുനിത (32), കണിമംഗലം കോന്തായിക്കല്‍ സൗമ്യ (50), പൂചെടി നരിപ്പാറയില്‍ ലില്ലി (48), ചൂണ്ടല്‍ ഞായിമഠത്തില്‍ സിനി (36), ബൈക്ക് യാത്രക്കാരനായ തളിക്കുളം പുത്തന്‍ തോട് സ്വദേശി തോട്ടുപുരക്കല്‍ സുരേഷിന്റെ മകന്‍ വൈശാഖ് (26), സിസ്റ്റര്‍ സിസ്‌ലി (74), സിസ്റ്റര്‍ അല്‍ഫോണ്‍സ (44), ഡോക്ടര്‍ ഫ്രാന്‍സിസ്, ശ്രീശാന്ത്, ലിറ്റില്‍ മറിയ, ഡോക്ടര്‍ ബീന, ലിലി തെരേസ, ടെസി, ജോജി മറിയ, ലിസ (73)എന്നിവര്‍ക്കാണ് പരുക്ക്. പരുക്കേറ്റവര്‍ തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലും, ജൂബിലില്‍ മിഷന്‍ ആശുപത്രിയിലും ചികില്‍സയിലാണ്. ഇന്നലെ വൈകീട്ട് അഞ്ചരക്കായിരുന്നു അപകടം.
ചൂണ്ടല്‍ സി.എം.എസ് മഠത്തില്‍ നിന്നും തളിക്കുളം സ്‌നേഹതീരത്തേക്ക് പോകുകയായിരുന്ന പന്ത്രണ്ടംഗ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ ഗണേശമംഗലത്ത് സ്റ്റോപ്പില്‍ നിറുത്തിയിട്ടിരുന്ന ബസ്സിനെ മറികടക്കുമ്പോള്‍ എതിരെ വരികയായിരുന്ന എറണാകുളത്ത് നിന്നും ചാവക്കാട്ടേക്ക് പോകുകയായിരുന്ന ചരക്കുലോറിയുമായി കൂട്ടിയിടിച്ച് സമീപത്തെ മരത്തിലും ഇടിച്ചു നില്‍ക്കുക യായിരുന്നു.
ട്രാവലാറിനു പുറകിലിടിച്ചാണ് ബൈക്ക് യാത്രക്കാരനു പരിക്കേറ്റത്. അപകടത്തില്‍ പെട്ട ട്രാവലറിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം വാഹന ഗതാഗതം തടസ്സപ്പെട്ടു.
വാടാനപ്പള്ളി പൊലിസും, ഗുരുവായൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴസും, നാട്ടുകാരും ചേര്‍ന്ന് അപകടത്തില്‍ പെട്ട വാഹനങള്‍ റോഡില്‍ നിന്നും മാറ്റിയാണ് വാഹനഗതാഗതം പുനരാരംഭിച്ചത്.
പരിക്കേറ്റവരെ വാടാനപ്പള്ളിയിലേയും തൃപ്രയാറിലേയും ആക്ട്‌സ് പ്രവര്‍ത്തകരും, ചേറ്റുവയിലെ എഫ്.എ.സി പ്രവര്‍ത്തകരും, തളിക്കുളം ആംബുലന്‍സ് പ്രവര്‍ത്തകരും, നാട്ടുകാരും ചേര്‍ന്നാണ് തൃശൂരിലെ വിവിധ ആശുപത്രികളില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."