സമരം നടത്തുന്നത് വഴിവിട്ട നടപടി പുറത്തറിയാതിരിക്കാന്‍ കെ.രാധാകൃഷ്ണന്‍
തൃശൂര്‍: അടാട്ട് ബാങ്ക് തനിക്ക് നല്‍കിയ വഴിവിട്ട പ്രയോജനം പുറത്തറിയാതിരിക്കാനാണ് അനില്‍ അക്കര എം.എല്‍.എ സമരം നടത്തുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നിയമസഭയിലേക്ക് നോമിനേഷന്‍ നല്‍കുന്നതിന്റെ തൊട്ടുമുമ്പ് ബാധ്യത ഇല്ലെന്നു ഉറപ്പുവരുത്താന്‍ അനില്‍ അക്കരക്ക് 24 ലക്ഷം രൂപ ഇളവ് നല്‍കി വായ്പ തീര്‍ത്തതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണം നടത്തുമെന്നുള്ളതിനാലാണ് സമിതി പിരിച്ചുവിട്ടതിനെതിരെ ബാങ്ക് പ്രസിഡന്റ് രാജേന്ദ്രന്റെ പ്രതികരണം പോലും വരുന്നതിനുമുമ്പ് സമരത്തിന് പുറപ്പെടാന്‍ എം.എല്‍.എയെ പ്രേരിപ്പിച്ചതെന്ന് രാധാകൃഷ്ണന്‍ വ്യക്തമാക്കി. അടാട്ട് ഫാര്‍മേഴ്‌സ് ബാങ്കിലും തൃശൂര്‍ ജില്ലയിലെ മറ്റു സഹകരണ സ്ഥാപനങ്ങളിലും നടന്ന തിരിമറികളുടെയും കൊള്ളയുടെയും വിവരങ്ങള്‍ പുറത്തുവരുന്നതിലുള്ള ആശങ്കയാണ് അന്വേഷണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി സമരത്തിനിറങ്ങാന്‍ കാരണം.
ബാങ്കിനെ സംബന്ധിക്കുന്ന സുപ്രധാന രേഖകള്‍ ലഭ്യമല്ല എന്ന് രേഖാമൂലം ബാങ്ക് അറിയിച്ചതിനെ തുടര്‍ന്നാണ് 32ാം വകുപ്പു പ്രകാരം ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
തട്ടിപ്പ് നടത്തിയ മാവേലിക്കര താലൂക്ക് സഹകരണ ബാങ്കില്‍ കോണ്‍ഗ്രസ് ഭരണസമിതി ഉപയോഗിച്ച അതേ സോഫ്റ്റ്‌വെയറാണ് അടാട്ട് ബാങ്കിലും ഉപയോഗിച്ചുവരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. അടാട്ട് ബാങ്കില്‍ 46.75 കോടി നഷ്ടപ്പെട്ടതായും ഒട്ടേറെ കോടി രൂപയുടെ കണക്കുകള്‍ ലഭ്യമല്ലാതെ തിരിച്ചുപിടിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
ബാങ്ക് പ്രസിഡന്റ് എം.വി രാജേന്ദ്രന്‍ ചെയര്‍മാനുമായുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന് ഒരു ഈടും നല്‍കാതെ 15 കോടി രൂപ വായ്പ നല്‍കിയതും മത്സ്യകൃഷിക്കാരുടെ പേരില്‍ പ്രസിഡന്റ് കൈവശപ്പെടുത്തിയ 40 ലക്ഷത്തില്‍ പരം രൂപ തിരിച്ചുപിടിക്കാനുള്ള ഉത്തരവ് നടപ്പാക്കാതിരിക്കുന്നതുള്‍പ്പെടെയുള്ള ക്രമക്കേടുകളും പുറത്തുവന്നിട്ടുണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പറഞ്ഞു.
വകുപ്പുതല അന്വേഷണത്തിന്റെ ഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും എം.എല്‍.എയും തയ്യാറാകണമെന്ന് രാധാകൃഷ്ണന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."