കോള്‍പടവുകളിലൂടെ സ്ഥാപിച്ച ഗെയില്‍ പൈപ്പുകളില്‍ വ്യാപകമായി മണ്ണ് നിറഞ്ഞ നിലയില്‍
അന്തിക്കാട്: കോള്‍പടവുകളിലൂടെ സ്ഥാപിച്ച ഗെയില്‍ പ്രകൃതി വാതക പൈപ്പുകളില്‍ മണ്ണ് നിറഞ്ഞത് അധികൃതരെ ദുരിതത്തിലാക്കുന്നു. ജില്ലയിലെ പ്രധാന കോള്‍പാടശേഖരങ്ങളായ അന്തിക്കാട്, മണലൂര്‍ താഴം, ആലപ്പാട്, പുള്ള് എന്നിവിടങ്ങളിലൂടെ സ്ഥാപിച്ചിട്ടുള്ള ഗെയില്‍ പൈപ്പുകളിലാണ് വ്യാപകമായി മണ്ണ് നിറഞ്ഞത്. കിലോമീറ്ററുകളോളം സ്ഥലത്തെ പൈപ്പുകളില്‍ മണ്ണ് കയറിയിട്ടുണ്ട്.
കോള്‍പടവുകളിലൂടെ ആറടിയോളം താഴ്ചയിലാണ് ഗെയില്‍ പൈപ്പുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പൈപ്പുകള്‍ ഇടുന്ന സമയത്ത് മണ്ണ് കയറിയതാകാമെന്നാണ് ഗെയില്‍ അധികൃതര്‍ പറയുന്നത്. പൈപ്പുകള്‍ പരസ്പരം ബന്ധിപ്പിക്കുമ്പോള്‍ വിടവിലൂടെ മണ്ണ് കയറിയതാകാനും സാധ്യതയുണ്ട്. മണ്ണ് വ്യാപകമായി കയറിയത് ഗെയില്‍ അധികൃതരെയും ആശങ്കയിലാക്കിയിട്ടുണ്ട്.
വലിയ എന്‍ജിന്‍ ഉപയോഗിച്ച് വെള്ളം ശക്തിയായി പമ്പ് ചെയ്ത് മണ്ണിനെ പുറത്തു കളയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഏകദേശം ഒരു കിലോമീറ്ററോളം വരുന്ന ഭാഗങ്ങളില്‍ വച്ച് പൈപ്പ് വലിയ ഗ്യാസ് വെല്‍ഡര്‍ ഉപയോഗിച്ച് മുറിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു കിലോമീറ്ററോളം ദൂരത്തില്‍ പൈപ്പ് മുറിച്ചെടുക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തരത്തില്‍ മുറിച്ചെടുക്കുന്ന പൈപ്പുകളിലൂടെ വെള്ളം പമ്പ് ചെയ്താല്‍ മണ്ണിനെ പുറന്തള്ളാന്‍ കഴിയുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. മണ്ണ് നീക്കം ചെയ്ത ശേഷം പൈപ്പിന്റെ മുറിച്ച ഭാഗം വീണ്ടും കൂട്ടി ഘടിപ്പിക്കാമെന്നും അവര്‍ പറഞ്ഞു. അതിനിടെ മണ്ണുമാന്തിയന്ത്രം കോള്‍പടവില്‍ താഴുന്നതും ഗെയില്‍ അധികൃതരെ വലക്കുന്നുണ്ട്. ഇതുമൂലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോകുകയാണ്. നിശ്ചിത സമയത്തിനുള്ളില്‍ പൈപ്പിടല്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന ആശങ്കയും നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."