ജില്ലയില്‍ ഭക്ഷ്യസുരക്ഷാ പരിശോധന പ്രതിസന്ധിയില്‍
കോഴിക്കോട്: മായം ചേര്‍ത്ത ഭക്ഷ്യ വസ്തുക്കള്‍ ജീവനുകളെടുക്കുന്ന സാഹര്യത്തിലും ജില്ലയിലെ ഭക്ഷ്യ സുരക്ഷാ പരിശോധന പ്രതിസന്ധിയില്‍. പരിശോധന നടത്തുന്നതിന് ആവശ്യത്തിന് ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ജില്ലയിലെ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകളും ഓഫിസുകളും പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 13 ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാര്‍ വേണ്ടിടത്ത് കോഴിക്കോട് സൗത്തിലും, പേരാമ്പ്രയിലും മാത്രമാണ് ഓഫിസര്‍മാരുള്ളത്. ഇവര്‍ക്ക് ആവശ്യമായ വാഹനങ്ങളോ മറ്റു സംവിധാനങ്ങളോ ഇല്ല.
ഇതോടെ കഴിഞ്ഞ മൂന്നുമാസമായി ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലയില്‍ പരിശോധന നടത്തിയിട്ടില്ല. സുരക്ഷാ പരിശോധനയ്ക്കായി ജില്ലയിലാകെ ഒരു വാഹനം മാത്രമാണുള്ളത്. ജില്ലയിലെ പ്രധാന നഗരങ്ങളും പട്ടണങ്ങളിലും പരിശോധന നടക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ കുറവും ആവശ്യമായ വാഹനങ്ങളുമില്ലാതെ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രതിസന്ധിയിലാകുന്നത്.
കോഴിക്കോട് നഗരത്തില്‍ ജെല്ലി മിഠായി കഴിച്ച് നാലുവയസുകാരന്‍ മരിക്കുകയും ഉമ്മയ്ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. നാദാപുരത്ത് ബേക്കറിയില്‍ നിന്ന് പുഴുവിനെ കണ്ടെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും, വിവിധ ഭരണകൂടങ്ങളുടെയും നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കിയത്. ജില്ലയിലെ വിവിധ സര്‍ക്കിളുകളില്‍ നാദാപുരം, കുറ്റ്യാടി, ബേപ്പൂര്‍, കോഴിക്കോട് നോര്‍ത്ത്, വടകര തുടങ്ങി 11 ഓളം സ്ഥലങ്ങളിലാണ് ഉദ്യോഗസ്ഥരുടെ കുറവ് പരിശോധനയ്ക്ക് വെല്ലുവിളിയാകുന്നത്. എന്നാല്‍ അടുത്ത മാസത്തോടെ ഓഫിസര്‍മാരുടെ കുറവ് നികത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ജില്ലാ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ അറിയിച്ചു.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട് തെരുവോര കച്ചവടക്കാര്‍ക്കും, ഹോട്ടലുകള്‍ക്കും, റസ്‌റ്റോറന്റുകള്‍ക്കും, ചെറുകിട കച്ചവടക്കാര്‍ക്കും വ്യത്യസ്ത നിയമങ്ങളാണ് നിലവിലുള്ളത്. മെയ് മാസത്തോടെ ജില്ലാ അതിര്‍ത്തികളിലും ചെക്ക്‌പോസ്റ്റുകളിലും കര്‍ശന പരിശോധന നടത്താനാണ് വരും ദിവസങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.
പരിമിധികള്‍ക്കിടയില്‍ നിരവധി ജോലികള്‍ ചെയ്തുതീര്‍ക്കാനുള്ളതും പരിശോധനയ്ക്ക് വിലങ്ങുതടിയാണ്. മത്സ്യത്തില്‍ രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള പരിശോധനയും ഫെബ്രുവരിയില്‍ സ്‌കൂളുകളിലെ ഭക്ഷണത്തിന്റെ പരിശോധനയും മാര്‍ച്ചില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള ബോധവത്കരണ പരിപാടിയുമാണ് ഭഷ്യസുരക്ഷ വകുപ്പ് നടത്തിയത്. ഈ മാസത്തോടെ കടകളില്‍ പരിശോധന നടത്തുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."