വിദ്യാര്‍ഥിനിയുടെ മരണം: വനിത കമ്മിഷന് സ്വമേധയാ കേസെടുത്തു
കോട്ടയം: വിദ്യാര്‍ഥിനിയെ മീനച്ചിലാറില്‍ കണ്ടെത്തിയ സംഭവത്തില്‍ വനിത കമ്മിഷന് സ്വമേധയാ കേസെടുത്തു. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളജ് അധികൃതര്‍ വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ഉയര്‍ന്നതോടെയാണ് വനിത കമ്മിഷന്റെ ഇടപെടല്‍. വനിത കമ്മിഷന് അംഗം ഇ.എം രാധയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്.സംഭവത്തില്‍ കോളജ് അധികൃതരില്‍ നിന്നും എം.ജി സര്‍വകലാശാല വിശദീകരണം തേടി.
വിദ്യാര്‍ഥിയുടെ മരണത്തില്‍ വിവിധ രാഷ്ട്രീകക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തി. മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ബിവിഎം കോളജിലേക്ക് മാര്‍ച്ച് നടത്തി.
അഞ്ജു പരീക്ഷയെഴുതിയ ഹോളി ക്രോസ് കോളജിനെതിരെ പിതാവ് ഗുരുതരമായ പരാതി ഉന്നയിച്ചു. വിദ്യാര്‍ഥിനിയെ കോളജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചെന്ന് പിതാവ് ഷാജി പറഞ്ഞു
പ്രൈവറ്റ് കോളജിലെ ബിരുദ വിദ്യാര്‍ഥിനിയായ അഞ്ജു ഷാജിക്ക് ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളജാണ് പരീക്ഷാ കേന്ദ്രമായി ലഭിച്ചിരുന്നത്. ശനിയാഴ്ച്ച പരീക്ഷ എഴുതുന്നതിനിടെ കോപ്പിയടിച്ചെന്ന് പറഞ്ഞ് ക്ലാസില്‍ നിന്ന് ഇറക്കിവിട്ടിരുന്നു. ശനിയാഴ്ച്ച സന്ധ്യ കഴിഞ്ഞും കുട്ടി വീട്ടില്‍ എത്താതിരുന്നപ്പോള്‍ മാതാപിതാക്കള്‍ കാഞ്ഞിരപ്പള്ളി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പൊലിസ് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ബാഗ് ചേര്‍പ്പുങ്കലിലെ പാലത്തില്‍ നിന്ന് കണ്ടെത്തി. മീനച്ചിലാറ്റില്‍ ചാടിയിരിക്കാം എന്ന നിഗമനത്തില്‍ ഫയര്‍ഫോഴ്സ് മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇന്നാണ് മീനച്ചിലാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."