മദ്യവിരുദ്ധ സമരം: സബ് കലക്ടര്‍ ഓഫിസിന് മുന്നിലേക്ക് മാറ്റി
മാനന്തവാടി: മാനന്തവാടി-വള്ളിയൂര്‍ക്കാവ് റോഡിലെ മദ്യശാല പൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി അമ്മമാര്‍ നടത്തുന്ന സമരം സബ് കലക്ടര്‍ ഓഫിസിന് മുന്നിലേക്ക് മാറ്റി.
സമരത്തിനെതിരേ അന്യായമായി കേസ് ചുമത്തി തടസപ്പെടുത്തുന്നതിനുള്ള നീക്കം അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ സാഹചര്യത്തിലാണ് സമര സമിതിയുടെ നേതൃത്വത്തില്‍ സബ് കലക്ടര്‍ ഓഫിസിന് മുന്നില്‍ സത്യഗ്രഹ സമരം ആരംഭിച്ചത്.
10 ഓളം ആദിവാസി സ്ത്രീകളാണ് കടുത്ത വെയിലിനെ അവഗണിച്ച് സമരം ആരംഭിച്ചത്. കഴിഞ്ഞ 445 ദിവത്തിലേറെയായി മദ്യത്തിനെതിരേ ഇവര്‍ നടത്തുന്ന സമരം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിനിടെ ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റണമെന്ന സുപ്രിം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ജില്ലയിലെ പല മദ്യശാലകളും പൂട്ടുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്തിട്ടും ഏറ്റവും കൂടുതല്‍ വിറ്റുവരവുള്ള മാനന്തവാടിയിലെ മദ്യശാല പൂട്ടാന്‍ അധികൃതര്‍ നടപടിയെടുത്തിരുന്നില്ല. സംസ്ഥാനപാതയില്‍ നിന്ന് 500 മീറ്ററിലധികം ദൂരമുണ്ടെന്ന വാദം നിരത്തിയായിരുന്നു ഇത്. കൂടാതെ പൊലിസിനെ ഉപയോഗിച്ച് സമരം തകര്‍ക്കാനും ബെവ്‌കോ അധികൃതര്‍ നീക്കം നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായി സമരത്തിലിരിക്കുന്നവര്‍ക്കെതിരേയും സഹായിക്കുന്നവര്‍ക്കെതിരേയും ഇതിനകം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയതിട്ടുണ്ട്. മദ്യശാല പൂട്ടുന്നത് വരെ സമരം തുടരാന്‍ തന്നെയാണ് സമരസമിതിയുടെ തീരുമാനം.
ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസുകളും അറസ്റ്റ് നടപടികളുമെടുത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് മദ്യശാലക്ക് മുന്നിലുണ്ടായിരുന്ന സമരം സബ് കലക്ടര്‍ ഓഫിസിന് മുന്നിലേക്ക് മാറ്റിയിരിക്കുന്നത്.
ഇത്തരം നടപടികള്‍ കൊണ്ട് തങ്ങളുടെ മനോധൈര്യത്തെ തകര്‍ക്കാനാവില്ലെന്നും വള്ളിയൂര്‍ക്കാവ് റോഡിലെ ബിവറേജ് ഔട്ട്‌ലെറ്റ് അടച്ച് പൂട്ടുന്നത് വരെ സമരം തുടരുമെന്നും സമരക്കാര്‍ പറഞ്ഞു.
മാക്ക പയ്യംമ്പള്ളി, വെള്ള സോമന്‍, മുണ്ടത്തി മേച്ചേരി, ജാനു പുതിയിടം, ചോച്ചി പൊട്ടന്‍കൊല്ലി എന്നിവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."