കരകൗശല വിരുതില്‍ നെറ്റിപ്പട്ടം നിര്‍മിച്ച് വിദ്യാര്‍ഥിനികള്‍
മേപ്പാടി: പാഴ് വസ്തുക്കള്‍ കൊണ്ടും മറ്റും വിദ്യാര്‍ഥികള്‍ നിര്‍മിക്കുന്ന കരകൗശല വസ്തുക്കള്‍ ശ്രദ്ധേയമാകുന്നു. മേപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ മിര്‍ഷാന നസ്‌റിനും അനഘയും ചേര്‍ന്നാണ് വിവിധ വസ്തുക്കള്‍ നിര്‍മിച്ചത്. ഇതില്‍ ആനയുടെ നെറ്റിപട്ടമാണ് ഏറെ ശ്രദ്ധേയമായത്. തുണി, വെല്‍വെറ്റ്, കടലാസ്, മുത്തുകള്‍ തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവര്‍ നെറ്റിപട്ടം നിര്‍മിച്ചത്. സ്‌കൂളിലെ പരിസ്ഥിതി ക്ലബിലെ അംഗങ്ങളാണ് ഇരുവരും.
മിര്‍ഷാന ഒമ്പതാം ക്ലാസിലും അനഘ 10-ാം ക്ലാസിലുമാണ് പഠിക്കുന്നത്. ഈ കുട്ടികളുടെ കഴിവ് തിരിച്ചറിഞ്ഞ അധ്യാപകരാണ് വേണ്ട പ്രോത്സാഹനവും പിന്തുണയും നല്‍കുന്നത്. കരകൗശല വസ്തു നിര്‍മാണത്തില്‍ വൈത്തിരി സ്വദേശിനിയായ സൗമ്യയാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. സ്‌കൂളില്‍ ലഭിക്കുന്ന ഒഴിവ് സമയങ്ങളിലാണ് കരകൗശല വസ്തു നിര്‍മാണം. സ്‌കൂളിലെ പരിസ്ഥിതി ക്ലബില്‍ ആകെ 100 അംഗങ്ങളാണ് ഉള്ളത്. സോപ്പ് നിര്‍മ്മാണം, കടലാസു കൊണ്ടും പ്ലാസ്റ്റിക് കൊണ്ടുമുള്ള വിവിധ വസ്തുക്കളുടെ നിര്‍മാണവുമാണ് ക്ലബിന് കീഴില്‍ ചെയ്യുന്നത്.
പാഴ് വസ്തുക്കളാണ് കൂടുതലും ഉപയോഗിക്കുന്നത്. പരിസ്ഥിതി ക്ലബിലെ കുട്ടികള്‍ നിര്‍മിക്കുന്ന സോപ്പ് സ്‌കൂളില്‍ തന്നെ വിറ്റ് പോകുന്നുണ്ട്. സോപ്പ് വിറ്റ് കിട്ടുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നത്. അധ്യാപകരായ അജിത, ഷജ്‌ന എന്നിവരാണ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."