നെല്ലിക്കുന്നിലെ അക്രമം: സ്‌പെഷല്‍ ടീമിനെ നിയോഗിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ
കാസര്‍കോട്: നെല്ലിക്കുന്ന് മസ്ജിദ് ഇമാം അബ്ദുള്‍ നാസര്‍ സഖാഫിയെ കണ്ണില്‍ മുളകുപൊടി വിതറി അക്രമിച്ച കേസില്‍ പ്രതികളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്‌പെഷല്‍ ടീമിനെ നിയോഗിച്ച് സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ട് വരണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ 21ന് രാത്രിയാണ് നെല്ലിക്കുന്ന് മുഹ്‌യദ്ധീന്‍ ജുമാ മസ്ജിദ് ക്യാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചു തിരികെ പോകുന്ന സമയത്ത് കണ്ണില്‍ മുളകുപൊടി വിതറി ഇമാമിനെ അക്രമിച്ചത്. കാസര്‍കോട് പൊലിസ് സ്റ്റേഷനില്‍ നിന്ന് വിളിപ്പാടകലെ നടന്ന സംഭവത്തില്‍ ഇതുവരെ പ്രതികളെ കണ്ടെത്തിയിട്ടില്ല. പ്രതികള്‍ ആരാണെന്ന് പറഞ്ഞാല്‍ തങ്ങളവരെ പിടിച്ചോളാമെന്നാണ് പരാതിക്കാരനോട് പൊലിസ് പറയുന്നത്.
കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ ജില്ലയില്‍ നടന്ന ഒട്ടനവധി കേസുകളില്‍ ഇതുവരെ തുമ്പുണ്ടായിട്ടില്ല. ഇത്തരം കേസുകളുടെ വിശദാംശങ്ങളെക്കുറിച്ച് നിയമസഭയില്‍ ചോദിച്ചപ്പോള്‍ വിവരം ശേഖരിച്ചു വരുന്നുവെന്ന ഉത്തരമാണു ലഭിച്ചത്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ കേരള പൊലിസിനു ജാഗ്രതയും ബാധ്യതയും ഇല്ലെന്ന അവസ്ഥ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. പ്രമാദമായ പല കേസുകളും തെളിയിച്ചു ഖ്യാതി നേടിയതാണു കേരള പൊലിസ്. ചിലരുടെ നിഷ്‌ക്രിയത്വവും കൃത്യവിലോപവും പ്രസ്തുത ഖ്യാതിക്കു മങ്ങലേല്‍പ്പിക്കാന്‍ അനുവദിക്കരുതെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
നെല്ലിക്കുന്ന് സംഭവത്തില്‍ പൊലിസ് നിഷ്‌ക്രിയത്വം തുടര്‍ന്നാല്‍ ഊഹാപോഹങ്ങള്‍ ശക്തമായി പ്രചരിക്കുകയും നിക്ഷിപ്ത താല്‍പര്യക്കാര്‍ സാമൂഹികാന്തരീക്ഷം വഷളാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുകയും ചെയ്യും. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ലോക്കല്‍ പൊലിസിന് കേസന്വേഷണത്തില്‍ അവധാനത പുലര്‍ത്താന്‍ കഴിയില്ല. ആയതിനാല്‍ അന്വേഷണം ഒരു സ്‌പെഷല്‍ ടീമിനെ ഏല്‍പ്പിക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കയച്ച കത്തില്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."