ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍
കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ക്ലാസിനെക്കുറിച്ച് സംസാരിക്കവെ ഒരധ്യാപിക വേദനയോടെ പങ്കിട്ട ഒരു കാര്യമുണ്ട്. മൊബൈല്‍ ഡാറ്റ വളരെ വേഗം തീര്‍ന്നുപോകുന്നതിനെക്കുറിച്ചുള്ള സങ്കടങ്ങള്‍ രക്ഷിതാക്കള്‍ പങ്കുവയ്ക്കുന്നു എന്നാണവര്‍ പറഞ്ഞത്. സര്‍ക്കാരും പൊതുസമൂഹവും വേണ്ടത്ര ശ്രദ്ധിക്കാതെപോയ ഒരു കാര്യവുമാണത്. കേരളീയ സമൂഹത്തില്‍ സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം വ്യാപകമാണ്. തര്‍ക്കമില്ല. പക്ഷെ, മിക്കവരും ചെറിയ തോതില്‍ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കുന്നവരാണ്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ പറ്റുംവിധം ഒരു മാസത്തേക്ക് റീചാര്‍ജ് ചെയ്യാന്‍പോലും തൊഴിലും കൂലിയുമില്ലാതെ പട്ടിണിയിലേക്ക് വഴുതിവീഴുന്ന കുടുംബങ്ങള്‍ക്ക് സാധിക്കുകയില്ല. മികച്ച സ്മാര്‍ട്ട് ഫോണ്‍ അല്ലെങ്കില്‍ നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍, സിഗ്‌നല്‍ കിട്ടാത്ത അവസ്ഥ... ഇതൊക്കെയും പ്രശ്‌നമാണ്. രക്ഷിതാക്കള്‍ക്ക് മാത്രമാവും മിക്ക വീടുകളിലും ഫോണ്‍ ഉണ്ടാവുക. അതിന്റെ പ്രയാസങ്ങള്‍ വേറെയും.
കേരളത്തിലെ സാമൂഹിക സുരക്ഷയെക്കുറിച്ച് വീമ്പു പറഞ്ഞവര്‍ക്ക് മുന്‍പില്‍ ദൈന്യതയോടെ നില്‍ക്കുന്ന ചെറ്റക്കുടിലുകള്‍ നാം കണ്ടത് സന്നദ്ധ പ്രവര്‍ത്തകര്‍ അവിടേക്ക് സ്മാര്‍ട്ട് ടി.വിയുമായി ചെന്നപ്പോഴാണ്. സര്‍ക്കാരുകളും അവരുടെ പരിമിതികള്‍ തിരിച്ചറിഞ്ഞു തുടങ്ങി. ലോക്ക്ഡൗണിന്റെ തുടക്കത്തിലുണ്ടായിരുന്ന വീമ്പു പറച്ചില്‍ അവരും ഉപേക്ഷിച്ചിരിക്കുന്നു. പാത്രംകൊട്ടി കൊറോണയെ തോല്‍പ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രിക്കും മനസ്സിലായി. പുതിയ ടാസ്‌കുകള്‍ അദ്ദേഹം നല്‍കുന്നില്ല. രോഗവ്യാപനത്തിന്റെ കാര്യത്തിലുള്ള വീമ്പ് പറച്ചിലും നമുക്കിനി നിര്‍ത്തേണ്ടിവരും. ഇങ്ങനെ പോയാല്‍ രോഗവര്‍ധനവിന്റെ കാര്യത്തില്‍ നമ്മള്‍ ഒന്നാം സ്ഥാനത്തെത്തും. മരണ നിരക്കിലെ കുറവ് മാത്രമാണ് ആശ്വാസം. ഭരണകൂടങ്ങള്‍ നിസ്സാഹയമാവുന്ന അവസ്ഥ ഇതിനു മുന്‍പും ലോകം അഭിമുഖീകരിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലെ ഭരണകൂടങ്ങള്‍ എത്ര മേല്‍ രോഗാതുരമാണെന്ന തിരിച്ചറിയാനും കൊറോണ നമ്മെ പഠിപ്പിച്ചു.
ആപത്ത് വരുമ്പോള്‍ ജനങ്ങള്‍ക്കു നേരെ കൈനീട്ടേണ്ട അവസ്ഥയിലാണ് സര്‍ക്കാരുകള്‍. എന്നാലോ ധൂര്‍ത്തുകള്‍ക്ക് ഒരു കുറവുമില്ല. കഴിഞ്ഞ രണ്ട് പ്രളയകാലത്തും നമ്മെ സഹായിക്കാന്‍ കൈനീട്ടിയ പ്രവാസികള്‍ സ്വന്തം ജീവിതം വീണ്ടെടുക്കാനായി പിടയുകയാണിപ്പോള്‍. അതിസമ്പന്നര്‍ക്കൊപ്പം മാത്രം നിന്നതിന്റെ ദുരന്തം ഏറ്റുവാങ്ങുകയാണ് ഭാരത സര്‍ക്കാര്‍. കഞ്ഞിക്കലങ്ങള്‍ നിലവിളിക്കുന്ന വീടുകളില്‍നിന്ന് പാത്രത്തില്‍ കൊട്ടിയാല്‍ മറ്റൊരു കരച്ചിലല്ലാത്തെ വേറെന്ത് ഉണ്ടാവാനാണ്.
വളാഞ്ചേരിയിലെ ദേവികയുടെ ആത്മഹത്യയോടെയാണ് ഓണ്‍ലൈന്‍ പഠനത്തിന്റെ പരിമിതികളെക്കുറിച്ച് നാം ചര്‍ച്ച ചെയ്യുന്നത്. ആദ്യമുണ്ടായിരുന്ന കൗതുകം വളരെ പെട്ടെന്ന് ഇല്ലാതായി. സര്‍ക്കാര്‍ നയം പൂര്‍ണമായും തെറ്റായിരുന്നു എന്നല്ല പറഞ്ഞുവരുന്നത്. പ്രതിസന്ധികള്‍ വരുമ്പോള്‍ അതുമറികടക്കാന്‍ എല്ലാ സാധ്യതയും ഉപയോഗിക്കണം, തര്‍ക്കമില്ല. പക്ഷെ, ഓണ്‍ലൈന്‍ പഠനം ഏതോ വാശിയുടെ പുറത്ത് അടിച്ചേല്‍പ്പിക്കുന്ന പ്രതീതിയുണ്ടായി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പെരുപ്പിച്ചു കാണിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അവസരവും അല്ല ഇത്. ഓണ്‍ലൈന്‍ പഠനം സാധാരണ സ്‌കൂള്‍ പ്രവര്‍ത്തനത്തിന് പകരമാക്കുന്ന നയം സി.പി.എം അംഗീകരിച്ചിട്ടില്ലെന്ന് സീതാറാം യച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. അതു സാങ്കേതിക വിദ്യയോട് പുറംതിരിഞ്ഞു നില്‍ക്കുന്ന പഴയ കംപ്യൂട്ടര്‍ വിരുദ്ധതകൊണ്ടൊന്നുമല്ല. ലക്ഷക്കണക്കിനു കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസ് മുറികള്‍ക്ക് പുറത്താണ് എന്ന വസ്തുത തിരിച്ചറിഞ്ഞതുകൊണ്ടാണ്.
ഓണ്‍ലൈനായും ഓഫ്‌ലൈനായും വിദ്യാര്‍ഥി സമൂഹം രണ്ടായി വിഭജിക്കപ്പെട്ടു. ഇത് ജനാധിപത്യ വിരുദ്ധമാണ്. എല്ലാവര്‍ക്കും ഓണ്‍ലൈനില്‍ എത്തുക സാധ്യമായാലും ഇത്തരം പഠനരീതികള്‍ക്ക് പരിമിതികളുണ്ട്. പഠനപ്രവര്‍ത്തനത്തിന്റെ അനുബന്ധമായി മാത്രമേ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഇന്നത്തെ രീതിയില്‍ നില്‍ക്കാന്‍ പറ്റൂ. ക്ലാസ് മുറികള്‍ ജൈവികമായി നില്‍ക്കേണ്ട ഒന്നാണ്. ഓണ്‍ലൈനിനു പുറത്താണ് അതിന്റെ യഥാര്‍ഥ അസ്തിത്വം. അറിവു പകര്‍ന്നു നല്‍കാന്‍ മാത്രമുള്ളതല്ല ക്ലാസ് റൂം. മറ്റനേകം സാമൂഹിക വിനിമയങ്ങള്‍ ചേര്‍ന്നതാണ്. ഓണ്‍ലൈന്‍ ക്ലാസ് റൂമുകളുടെ പരിമിതിയും അതാണ്. നീന്താനുള്ള ഉപദേശങ്ങള്‍ നിങ്ങള്‍ക്ക് ഓണ്‍ലൈനായി നല്‍കാം. നീന്തിക്കയറാന്‍ പഠിക്കണമെങ്കില്‍ കുളത്തിലോ നദിയിലോ ഇറങ്ങണം. വീട്ടുമുറ്റത്ത് എത്ര കളിച്ചാലും വിദ്യാലയ മുറ്റത്തിനു പകരമാവില്ലല്ലൊ. വളരെ കുറച്ച് അധ്യാപകര്‍ മാത്രമാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ സജീവമാവുന്നത്. മഹാഭൂരിഭാഗവും മടുപ്പിലും മരവിപ്പിലുമാണ്. വെറുതെയിരുന്ന് ശമ്പളം പറ്റുന്നു എന്ന ദുഷ്‌പേര് കേള്‍ക്കേണ്ടിവരുന്നു അവര്‍ക്ക്. പൊതുസമൂഹം മൊത്തതില്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരാണിപ്പോള്‍. വണ്‍ ഇന്ത്യാ വണ്‍ പെന്‍ഷന്‍ എന്ന കാംപയിന്‍ രൂപപ്പെടുന്നതിന്റെ സാഹചര്യം അതാണ്.
പഴയ രീതിയിലുള്ള സ്‌കൂള്‍ പ്രവര്‍ത്തനം ഇന്നത്തെ രീതിയില്‍ സാധ്യമല്ല. അതു എല്ലാവര്‍ക്കുമറിയാം. സ്‌കൂള്‍ സമയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി ഒരു പുതിയ ക്രമമുണ്ടാക്കണം. സ്‌കൂളില്‍ വരേണ്ട വിദ്യാര്‍ഥികളെ ചെറിയ ചെറിയ യൂണിറ്റുകളിലേക്കായി ഭാഗിക്കണം. സമയത്തില്‍ ക്രമീകരണം വരുത്തുന്നതോടെ അധ്യാപകരുടെ ജോലി ഭാരംകൂടും. ശനിയും ഞായറും ജോലി ചെയ്യേണ്ടി വരും. ഇപ്പോള്‍ കടുത്ത മടുപ്പിലും മരവിപ്പിലും നില്‍ക്കുന്ന അധ്യാപകര്‍ അതിനൊക്കെ സന്നദ്ധമാവും. കൊറോണക്കാലത്ത് ഞായറും തിങ്കളും തമ്മില്‍ എന്ത് വ്യത്യാസം? പ്രദേശിക പഠന കേന്ദ്രങ്ങളിലേക്ക് അധ്യാപകര്‍ ചെന്ന് ക്ലാസെടുക്കുന്ന രീതി പത്താം ക്ലാസുകളില്‍ സ്‌പെഷ്യല്‍ കോച്ചിങ് എന്ന പേരില്‍ ഇപ്പോല്‍ തന്നെയുണ്ട്. ക്ലബുകള്‍ വായനശാലകള്‍ സന്നദ്ധ സംഘടനകള്‍ എന്നിവയുമായി ചേര്‍ന്ന് ഇതിന്റെ വിപുലീകരണത്തെക്കുറിച്ച് ആലോചിക്കാം. അധ്യാപകര്‍ക്ക് ക്ലാസെടുക്കാനും വിദ്യാര്‍ഥികള്‍ നേരിട്ട് ക്ലാസുകള്‍ കേള്‍ക്കാനും ചെറിയ തോതിലെങ്കിലും അവസരം സൃഷ്ടിച്ചേ മതിയാവൂ.
ഇപ്പോള്‍ ഓണ്‍ലൈനിലുള്ളത് കൊറോണയാണ്. അത് ഓഫ്‌ലൈനിലേക്ക് മാറുക എളുപ്പമല്ല. മരുന്ന് അഥവാ വാക്‌സിന്‍ ഇതെക്കുറിച്ചൊന്നും ആരും ഇപ്പോള്‍ വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നില്ല. ചിലപ്പോള്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാം. കൊറോണയ്‌ക്കൊപ്പം ജീവിക്കുകയോ വഴിയുള്ളൂവെന്ന് പറയാതെ പറഞ്ഞു തുടങ്ങിയിരിക്കുന്നു ഭരണാധികാരികള്‍. സ്വയം പ്രതിരോധം മാത്രമാണ് വഴി. അതിനുള്ള പരിശീലനം ഇതിനകം നമുക്ക് കിട്ടിക്കഴിഞ്ഞു. ഇനി നമുക്ക് കൊറോണയ്ക്കിടയിലൂടെ മുന്നേറുന്നതിനെക്കുറിച്ച് ആലോചിക്കാം. ഒന്നും പഴയ രീതിയിലാവില്ല എന്നറിഞ്ഞുകൊണ്ട് ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം.
വലിയൊരളവുവരെ സമൂഹം ചലിക്കുന്നത് വിദ്യാലയങ്ങളിലൂടെയാണ്. ഈ രോഗത്തിന്റെ നിഴലില്‍നിന്നുകൊണ്ട് വിദ്യാലയങ്ങളില്‍ പോയി പഠിക്കാന്‍ കുട്ടികളേയും പരിശീലിപ്പിക്കേണ്ടതില്ലേ? പുതിയ വിദ്യാലയ പ്രവര്‍ത്തനരീതികള്‍ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ചര്‍ച്ച ചെയ്യണം. പ്രാദേശിക സാധ്യതകളും പരിമിതികളും ചര്‍ച്ച ചെയ്യണം. അനേക വര്‍ഷങ്ങള്‍ ഈ രോഗം കൂടെയുണ്ടാവുമെങ്കിലോ? ഒന്നും ചെയ്യാന്‍ സാധ്യമല്ല എന്നാണ് നാം തിരിച്ചറിയുന്നതെങ്കില്‍ കൊറോണ ഇല്ലാതാവുന്ന കാലം വരെയുള്ള മാസങ്ങളും വര്‍ഷങ്ങളും ജീവിതത്തില്‍ നിന്നുവെട്ടിക്കളയാം. വീട്ടിലിരുന്ന് നമുക്ക് ആയുസ്സ് കരഞ്ഞു തീര്‍ക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."