HOME
DETAILS
MAL
മതിയായ രേഖകളില്ലാതെ കടത്തിയ ആനയെ കൊല്ലത്ത് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു
backup
June 14 2020 | 03:06 AM
കൊല്ലം: മതിയായ രേഖകളില്ലാതെ തൃശൂരില്‍നിന്ന് കൊല്ലത്തേക്ക് കടത്തിയ ആനയെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തശേഷം തൃശൂരിലേക്ക് തിരിച്ചയച്ചു.
തൃശൂര്‍ പാമ്പുമേക്കാട്ട് മനയില്‍ വല്ലഭന് നമ്പൂതിരിയുടെ സംരക്ഷണയിലുള്ള ശാരംഗപാണി എന്ന ആനയെയാണ് തിരിച്ചയച്ചത്. നാട്ടാന പരിപാലന ചട്ടങ്ങള്‍ പാലിക്കാത്ത ആന ഉടമ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തു.
ഇന്നലെ പകല്‍ സമയത്ത് ആനയെ ലോറിയില്‍ കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട വനംവകുപ്പ് കൊല്ലം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഹീരാലാല്‍ വഴിയില്‍ കൈ കാണിച്ചെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് ലോറിയെ പിന്തുടര്‍ന്ന അദ്ദേഹം കൊല്ലത്തുവച്ച് ലോറിയും ആനയെയും പിടികൂടി. ആനയെ ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രമുറ്റത്ത് ഇറക്കിയശേഷം ലോറി കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ആനയെ തൃശൂരിലേക്ക് തിരിച്ചയച്ചു. ആനയെ ജില്ല വിട്ട് കൊണ്ടുപോകുമ്പോള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് നിയമം.
ആനയെ കൊണ്ടുപോകുന്ന ജില്ലയിലെ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനെ(എ.സി.എഫ്) വിവരമറിയിക്കണമെന്നും പകല്‍ 11നും വൈകിട്ട് നാലിനും ഇടയില്‍ ആനയെ കൊണ്ടുപോകാന്‍ പാടില്ലെന്നും നിയമമുണ്ട്. ചട്ടങ്ങള്‍ പാലിക്കാത്തതും ആനയെ സംബന്ധിച്ച രേഖകള്‍ കൈവശം വയ്ക്കാതിരുന്നതിനാലുമാണ് കസ്റ്റഡിയിലെടുത്തതെന്ന് ഹീരാലാല്‍ പറഞ്ഞു.
ആനയുടെ രജിസ്റ്റേര്‍ഡ് ഉടമ, നിലവിലെ സംരക്ഷകന്‍, രണ്ട് പാപ്പാന്മാര്, ലോറി ഉടമ, ലോറിയിലെ രണ്ടു തൊഴിലാളികള്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. കൊല്ലം സ്വദേശിയായ അനിരാജാണ് ആനയുടെ രജിസ്റ്റേര്‍ഡ് ഉടമ. അതേ സമയം ആനയെ കൊല്ലത്ത് വില്ക്കാന് എത്തിച്ചതെന്നാണ് വനംവകുപ്പിന്റെ സംശയം. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."