ശാപമോക്ഷമില്ലാതെ കൊടുവേലിക്കോണം പള്ളി റോഡ്
കല്ലമ്പലം: ഉള്‍നാടുകളിലെ റോഡുകളെല്ലാം ടാറിന്റെ കരിംപടം പുതച്ചിട്ടും കൊടുവേലിക്കോണം പള്ളി റോഡിനു മാത്രം ശാപമോക്ഷമില്ല.
നാവായിക്കുളം പഞ്ചായത്തില്‍ മലച്ചിറ കൊടുവേലിക്കോണം റോഡാണ് ഇനിയും ടാര്‍ ചെയ്യാതെ തകര്‍ന്നുകിടക്കുന്നത്. വേനലില്‍ പൊടിയും മഴക്കാലത്ത് ചെളിക്കുണ്ടുമാകുന്ന റോഡ് പറകുന്ന്, ഇരുപത്തെട്ടാംമൈല്‍ മേഖലയിലുള്ളവര്‍ക്കു കൊടുവേലിക്കോണം ജമാഅത്ത് പള്ളിയിലേക്കുള്ള ഏക റോഡാണ്.
പൊതുവേ കയറ്റവും ഇറക്കവും അധികമുള്ള റോഡില്‍ മണ്ണൊലിപ്പു മൂലമുള്ള ചാലുകള്‍ കാരണം ഓട്ടോറിക്ഷകള്‍ പോലും ഇതുവഴി സഞ്ചരിക്കാറില്ല.
നാവായിക്കുളം പഞ്ചായത്താണ് റോഡ് പുനരുദ്ധരിക്കേണ്ടത്. എന്നാല്‍ പഞ്ചായത്തില്‍ നിരവധി പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും നൂറ്റാണ്ട് പഴക്കമുള്ള ഈ റോഡിനുമാത്രം ശാപമോക്ഷമായില്ല. റോഡ് നവീകരിച്ച് മലച്ചിറ വഴി മുത്താന റോഡുമായി ബന്ധിപ്പിച്ചാല്‍ വര്‍ക്കലയിലേക്കു പോകുന്നതിനുള്ള എളുപ്പമാര്‍ഗവുമാകും. ഓരോ തെരഞ്ഞെടുപ്പു വരുമ്പോഴും നാട്ടുകാര്‍ റോഡ് വിഷയമാക്കുമെങ്കിലും യാതൊരു നടപടിയും പിന്നീട് ഉണ്ടാകാറില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇക്കുറിയും പതിവുപോലെ അഡ്വ. വി. ജോയി എം.എല്‍.എക്ക് നിവേദനം നല്‍കിയിരിക്കുകയാണ്.
നടപടിയുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."