ശസ്ത്രക്രിയ കൂടാതെ ഹൃദയ വാല്‍വ് മാറ്റിവച്ച് ശ്രീചിത്ര ചരിത്രത്തിലേക്ക്
തിരുവനന്തപുരം: ശസ്ത്രക്രിയ കൂടാതെ ഹൃദയ വാല്‍വ് മാറ്റിവച്ച് തിരുവനന്തപുരം ശ്രീചിത്ര ചരിത്രത്തിലേക്ക്. നെഞ്ചും ഹൃദയവും തുറക്കാതെയും ഹൃദയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താതെയും ഹൃദയവാല്‍വ് മാറ്റിവയ്ക്കുന്ന നൂതനമായ ചികിത്സാരീതിയാണ് തിരുവനന്തപുരം ശ്രീചിത്രയില്‍ വിജയകരമായി നടത്തിയത്. അതും രണ്ടു രോഗികളില്‍. ട്രാന്‍സ് കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് റീപ്‌ളേസ്‌മെന്റ് (ടി.എ.വി.ആര്‍) എന്ന ഈ ചികിത്സാ രീതി യൂറോപ്പിലും അമേരിക്കയിലും മാത്രമാണ് പ്രചാരത്തിലുള്ളത്.
ഓപ്പണ്‍ഹാര്‍ട്ട് ശസ്ത്രക്രിയക്ക് റിസ്‌ക് കൂടുതല്‍ ഉള്ള രോഗികളില്‍ ടി.എ.വി.ആര്‍ വളരെയധികം പ്രയോജനം ചെയ്യും. ഈ ചികിത്സയില്‍ ഇടുപ്പിലെ രക്തക്കുഴലില്‍ കൂടി വാല്‍വ് കടത്തി അസുഖം ബാധിച്ച വാല്‍വിന്റെ സ്ഥാനത്ത് ആന്‍ജിയോഗ്രാഫിയുടെ സഹായത്തോടെ പുതിയ വാല്‍വ് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.
തല്‍ഫലമായി ഓപ്പണ്‍ഹാര്‍ട്ട് സര്‍ജറിയുടെ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സാധിക്കും. തെക്കേ ഇന്ത്യയില്‍ ഈ ചികിത്സ നടത്തുന്ന ആദ്യ ആശുപത്രിയായ, ശ്രീചിത്രയില്‍ മറ്റ് കോര്‍പ്പറേറ്റ് ആശുപത്രികളുമായി താരതമ്യം ചെയ്യുമ്പോള്‍ ചികിത്സാച്ചെലവ് കുറവാണ്. ഇന്ത്യയിലെ ചുരുക്കം ചില ആശുപത്രികളില്‍ മാത്രമേ ഈ ചികിത്സാ സൗകര്യം നിലവിലുള്ളൂ. മാറ്റി സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന വാല്‍വിനു 18.5 ലക്ഷം രൂപ വരും.
ഡോ. എസ്. ബിജുലാല്‍, ഡോ. വി.കെ അജിത്കുമാര്‍, ഡോ. എസ്. ഹരികൃഷ്ണന്‍, ഡോ. സൗരഭ് ഗുപ്ത (യു.എസ്.എ), ഡോ. വിവേക് പിള്ള, ഡോ. കെ. ജയകുമാര്‍, ഡോ. വി. ശ്രീനിവാസ് ഗധിന്‍ഗ്ലജര്‍, ഡോ. പി.കെ ഡാഷ് എന്നിവരടങ്ങിയ സംഘമാണ് നൂതന ചികിത്സാ രീതിക്ക് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."