ഡോക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം, ഡ്രൈവര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി; രോഗികള്‍ പെരുവഴിയില്‍
പേരാവൂര്‍: രണ്ടാഴ്ചക്കുള്ളില്‍ മൂന്നു ഡോക്ടര്‍മാരെ സ്ഥലം മാറ്റിയും രണ്ടു ഡ്രൈവര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി നല്‍കിയും പേരാവൂര്‍ താലൂക്കാശുപത്രിയോട് അധികൃതരുടെ അവഗണന. ഡോക്ടര്‍മാരുടെ കുറവ് കാരണം രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് നിയമിക്കപ്പെട്ട ഡോ. അഭിന, ഡോ. അനുശ്രീ, ഡോ. അമൃത എന്നിവരെയാണ് ഡി.പി.എമ്മിന്റെ ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥലം മാറ്റിയത്. പേരാവൂര്‍ താലൂക്കാശുപത്രി സൂപ്രണ്ടിന്റെ അനുമതി പോലും ഇല്ലാതെയാണു മൂന്നു ഡോക്ടര്‍മാരെയും ജില്ലാ പ്രോഗ്രാം മാനേജര്‍ സ്ഥലം മാറ്റിയതെന്നും ആക്ഷേപമുണ്ട്.രണ്ടു പേരെ ആറളം ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റിലേക്കും ഒരാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കുമാണ് സ്ഥലം മാറ്റിയത്. മൂന്നു ഡോക്ടര്‍മാരെ സ്ഥലം മാറ്റിയതോടെ ആശുപത്രിയിലെ ഒ.പി വിഭാഗത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാണ്.
ഇതിനിടയിലാണ് ആശുപത്രിയിലെ മൂന്നു ഡ്രൈവര്‍മാരില്‍ നിന്നു രണ്ടു പേരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചത്.
ആശുപത്രിയിലെ ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റിന്റെയും ഇമ്മ്യൂണൈസേഷന്‍ വിഭാഗത്തിന്റെയും ഡ്രൈവര്‍മാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിച്ചതോടെ ഇവയുടെ പ്രവര്‍ത്തനവും നിലച്ചു. ഡ്രൈവര്‍മാര്‍ ഇല്ലാതായതോടെ ആംബുലന്‍സ് സേവനവും പലപ്പോഴും ലഭിക്കുന്നില്ല. ആശുപത്രിയില്‍ ആവശ്യത്തിനു ഡോക്ടര്‍മാരെ ഉടന്‍ നിയമിക്കണമെന്നും ഡ്രൈവര്‍മാരെ ഡ്യൂട്ടിയില്‍ നിന്നു ഒഴിവാക്കി ആശുപത്രി പ്രവര്‍ത്തനം നല്ല രീതിയിലാക്കണമെന്നു ചേംബര്‍ ഓഫ് പേരാവൂര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."