വാഹനപരിശോധനക്കിടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു; യാത്രികനായ വിദ്യാര്‍ഥിക്കും പൊലിസുകാരനും പരുക്ക്
കഴക്കൂട്ടം: വാഹന പരിശോധനക്കിടയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ഇടിച്ച് കയറി സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥിക്കും പൊലിസുകാരനും പരിക്ക്. കഴക്കൂട്ടം മരിയന്‍ എന്‍ജിനിയറിങ് കോളജിനും മേനംകുളത്തിനുമിടക്ക് ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. തലക്കറക്കവും ചെവിക്കും പരുക്കേറ്റ മരിയന്‍ എന്‍ജിനയറിങ് കോളജിലെ മൂന്നാംവര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ഥി വലിയതുറ സ്വദേശി റൊണാള്‍ഡോ(19), തലയ്ക്കും കൈകള്‍ക്കും പരുക്കേറ്റ കഴക്കൂട്ടം പൊലിസ് സ്റ്റേഷനിലെ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍പിള്ള (45) എന്നിവരെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്.ഐയും പൊലിസുകാരും ഡ്രൈവറും ചേര്‍ന്ന് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് സംഭവം. കൈനറ്റിക്ക് ഹോണ്ടയില്‍ കോളജിലേക്ക് വരുകയായിരുന്ന റൊണാള്‍ഡോയെ പൊലിസ് കൈ കാണിച്ചു. ഇതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ഉണ്ണിക്കൃഷ്ണപിള്ളയുടെ ദേഹത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ പൊലിസ്‌കാരനും വിദ്യാര്‍ഥിയും നിലത്ത് വീണു.
ഇതിനിടെ ഇത് കണ്ട് നിന്ന മറ്റൊരു പൊലിസുകാരന്‍ റൊണാല്‍ഡോയെ ക്രൂരമായി തല്ലിയെന്ന് റൊണാള്‍ഡോ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് കഴക്കൂട്ടം സൈബര്‍ സിറ്റി പൊലിസ് അസിസ്റ്റന്റ് കമ്മിഷണര്‍ അനില്‍ കുമാറിന് മൊഴി നല്‍കി. ഇതിനൊപ്പം റൊണാള്‍ഡോയുടെ മൊബൈല്‍ പൊലിസ് ചവിട്ടി പൊട്ടിച്ചതായും പരാതിയുണ്ട്. പൊലിസുകാരന്റെ മര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ ചെവിക്കും തലക്കും പരുക്കേറ്റതായും പരാതിയുണ്ട്. എന്നാല്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചില്ലെന്നും അപകടം നടന്നയുടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നുമാണ് കഴക്കൂട്ടം പൊലിസ് പറയുന്നത്.
അതേ പോലെ ഒരുകൈയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് മറുകൈ കൊണ്ട് സ്‌കൂട്ടറും ഓടിച്ച് വരുകയായിരുന്ന റൊണാള്‍ഡോ അമിതവേഗതയില്‍ പൊലിസ് ഡ്രൈവറായ ഉണ്ണികൃഷ്ണന്‍പിള്ളയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നും വീഴ്ചയിലാണ് റൊണാള്‍ഡോയ്ക്ക് പരുക്കേറ്റതെന്ന് കഴക്കൂട്ടം പൊലിസ് പറഞ്ഞു. പരുക്കേറ്റ പൊലിസുകാരനെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നിന്ന് സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ സംഭവമറിഞ്ഞ് കോജേിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജിലെത്തുകയും കഴക്കൂട്ടം പൊലിസിന്റെ ജീപ്പ് തടയുകയും ചെയ്തു. ഇവര്‍ക്കൊപ്പം ആശുപത്രിയില്‍ പൊതിച്ചോറ് വിതരണം നടത്തിയിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്നതോടെ പൊലിസുകാരുമായി ഉന്തും തള്ളുമായി.
തുടര്‍ന്ന് സ്ഥലത്ത് എത്തിയ എ.ആര്‍.ക്യാംപിലെ പൊലിസ് സംഘം ഇവര്‍ക്കെതിരേ ലാത്തി വീശിയതില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഈ സമയം സംഭവസ്ഥലത്തെത്തിയ കഴക്കൂട്ടം എ.സി യുടെ ഇടപെടലോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. പൊലിസ് ലാത്തി വീശിയതിനെ കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടി എടുക്കുമെന്നും അസിസ്റ്റന്റ് കമ്മിഷണര്‍ വിദ്യാര്‍ഥികളോട് പറഞ്ഞു. സംഭവത്തെപറ്റി പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."