ചിറകറ്റ് പ്രവാസി ജീവിതം
യു.എ.ഇയില്‍ പ്രവാസ ജീവിതം നയിക്കുന്ന യുവാവ് രണ്ട് വര്‍ഷത്തെ സമ്പാദ്യത്തില്‍നിന്ന് മിച്ചം പിടിച്ചാണ് സ്വന്തമായി വാടകയ്ക്ക് ഫ്‌ളാറ്റെടുത്തത്. മൂന്ന് മാസത്തെ സന്ദര്‍ശക വിസയ്ക്ക് ഭാര്യയെ യു.എ.ഇയില്‍ എത്തിക്കുകയും ചെയ്തു. 2500 ദിര്‍ഹം മാസവരുമാനമുള്ള യുവാവിന് 3500 ദിര്‍ഹമാണ് മാസ വാടകയായി നല്‍കേണ്ടത്. ഇതിനിടെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം നടന്ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഇതോടെ വിമാന സര്‍വിസ് മുടങ്ങി. ജൂണ്‍ അഞ്ചിന് അവസാനിച്ച സന്ദര്‍ശക വിസയുടെ കാലാവധി നീട്ടാന്‍ അധികൃതര്‍ തയാറായി. പക്ഷേ, ഫ്‌ളാറ്റ് വാടക എവിടെ നിന്ന് കണ്ടെത്തുമെന്നറിയാത്ത അവസ്ഥയിലായി യുവാവ്. ലോക്ക്ഡൗണില്‍പെട്ട് തൊഴിലും വേതനവും നഷ്ടമായി. മറ്റുള്ളവരുടെ സാമ്പത്തികാവസ്ഥയും സമാനമായതിനാല്‍ ഒരിടത്തുനിന്നും സഹായ പ്രതീക്ഷയില്ല. തൊഴിലുടമയില്‍നിന്ന് മുന്‍കൂര്‍ ശമ്പളം വാങ്ങി വാടക നല്‍കാനുള്ള നീക്കവും തൊഴിലില്ലാതായ പ്രതിസന്ധി ഘട്ടത്തില്‍ നടക്കാതെയായി.
മുന്നറിയിപ്പില്ലാതെ ഇന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും വിമാന സര്‍വിസ് പൊടുന്നനെ നിര്‍ത്തിയതുമാണ് നാട്ടിലേക്ക് മടങ്ങുന്നതിന് തുടക്കത്തില്‍തന്നെ തടസമായത്. വിമാന സര്‍വിസ് പുനരാരംഭിച്ചപ്പോഴാകട്ടെ കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള അപ്രായോഗിക നിബന്ധനകളുമായി സംസ്ഥാന സര്‍ക്കാരിന്റെ ഉടക്ക്. ശക്തമായ പ്രതിഷേധത്തിനൊടുവില്‍ നിബന്ധനകള്‍ പിന്‍വലിച്ച് പകരം ഏര്‍പ്പെടുത്തിയ പി.പി.ഇ കിറ്റ് അടക്കമുള്ള നിര്‍ദേശങ്ങളാകട്ടെ അതിലേറെ അപ്രായോഗികമെന്ന് പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യമില്ലാതെ പ്രതിഷേധ രംഗത്തിറങ്ങേണ്ടിയും വന്നത്.കൊവിഡ് ബാധിച്ച ഗള്‍ഫ് നാടുകളിലെ മലയാളികളുടെ എണ്ണം മാത്രമെടുത്ത് പ്രതിസന്ധിയുടെ ആഴം അളക്കുമ്പോള്‍ കാണാതെ പോകുന്നതാണ് ഇത്തരം യാഥാര്‍ഥ്യങ്ങള്‍. ലോക്ക്ഡൗണില്‍ കുടുങ്ങി സാമ്പത്തിക പ്രതിസന്ധിയില്‍ ആത്മഹത്യയില്‍ അഭയം തേടിയവരുമുണ്ട് പ്രവാസി മലയാളികളുടെ കൂട്ടത്തില്‍. ശതകോടികളുടെ ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പെടുത്തവര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ഇവരൊന്നും കൊവിഡ് മരണക്കണക്കുകളില്‍ ഉള്‍പ്പെടില്ലെങ്കിലും കൊവിഡിനെ തുടര്‍ന്നുള്ള അനിശ്ചിത്വത്തിന്റേയും വ്യാപാര തകര്‍ച്ചയുടേയും ഇരകളാണ്.
1997ലെ സാമ്പത്തിക പ്രതിസന്ധി അതിജീവിച്ച പ്രവാസികള്‍ക്ക് 2008ലെ ആഗോള സാമ്പത്തിക മാന്ദ്യം കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. ഇത് 2018 വരെ നീണ്ടുനിന്നു. ബിസിനസ് മേഖല സീറോ ലവലിലേക്ക് താഴ്ന്നു. അതോടെ ഇതിലേറെയൊന്നും സംഭവിക്കാനില്ലെന്ന അവസ്ഥയിലായിരുന്നു പ്രവാസി വ്യവസായ ലോകം. എന്നാല്‍ കൊവിഡ് കാലത്ത് ബിസിനസ്, സീറോ ലവലില്‍നിന്നും താഴ്ന്നതോടെ ഉയിര്‍ത്തെഴുന്നേല്‍പ്പിലുള്ള പ്രതീക്ഷപോലും അസ്തമിച്ച സാഹചര്യമാണെന്ന് പ്രവാസികളുടെ സാക്ഷ്യം. ഇതോടെയാണ് നല്ലൊരു വിഭാഗം തൊഴിലാളികളും നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് എംബസിയിലും നോര്‍ക്കയിലും രജിസ്റ്റര്‍ ചെയ്ത് കാത്തിരിപ്പ് തുടങ്ങിയത്. വാടകയ്ക്ക് മുറികളെടുത്ത് ബിസിനസ് തുടങ്ങിയ പ്രവാസികളാകട്ടെ പ്രതിസന്ധി രൂക്ഷമായതോടെ വാടക തുടര്‍ന്ന് നല്‍കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഒപ്പിട്ട് നല്‍കിയ ചെക്കിന്റെ ഉറപ്പിലാണ് കരാര്‍. ചെക്ക് മടങ്ങുന്നതോടെ നിയമനടപടികളിലേക്ക് നീങ്ങും. യു.എ.ഇയില്‍ ചെക്ക് കേസില്‍ ഉള്‍പ്പെട്ടാല്‍ പിന്നെ രാജ്യം വിടാന്‍ സാധിക്കില്ല. ഇത്തരത്തില്‍ ആശങ്കയിലായ ഏറെപേരുണ്ട് വിമാന സര്‍വിസ് തുടങ്ങിയതോടെ നാട്ടിലേക്ക് മടങ്ങിയെത്തിയവരില്‍. താങ്ങാനാവാത്ത ഭാരിച്ച ചികിത്സാ ചെലവും മഹാമാരിയുടെ കാലത്ത് നാട്ടിലേക്കുള്ള മടക്കത്തിന് പ്രവാസികളെ പ്രേരിപ്പിച്ച ഘടകമായി.
കേരളത്തില്‍ ലഭ്യമാകുന്ന സാമൂഹിക, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ഗള്‍ഫ് രാജ്യങ്ങളിലടക്കം സാധാരണക്കാരെ വലയ്ക്കുന്ന പ്രധാനഘടകം. ഭരണകൂട നിയന്ത്രണത്തിലുള്ള ആരോഗ്യ സംരക്ഷണ പദ്ധതികള്‍ യു.എ.ഇ 20 വര്‍ഷം മുമ്പ് അവസാനിപ്പിച്ചതാണ്. 300 ദിര്‍ഹം അടച്ചാല്‍ ലഭിക്കുന്ന ഹെല്‍ത്ത് കാര്‍ഡില്‍ ഏതൊരാള്‍ക്കും ചികിത്സ സൗജന്യമായിരുന്നു. എന്നാലിപ്പോള്‍ സാമൂഹ്യ ആരോഗ്യ പദ്ധതിക്ക് പകരം പരിരക്ഷ പൂര്‍ണ്ണമായും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കീഴിലായി. ലോകാരോഗ്യ സംഘടന കൊവിഡ് ബാധയെ ആഗോള ദുരന്തമായി പ്രഖ്യാപിച്ചതോടെ കൊവിഡ് രോഗികള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍നിന്ന് പുറത്തുമായി. യു.എ.ഇയുടെ ആകെ ജനസംഖ്യയില്‍ 25 ശതമാനവും മലയാളികളായതിനാല്‍തന്നെ മരണസംഖ്യയില്‍ ആനുപാതിക വര്‍ധനയുണ്ടാകുന്നതും സ്വഭാവികം. എന്നാല്‍ പ്രവാസി തൊഴിലാളികളുടെ ജീവിത സാഹചര്യവും മരണസംഖ്യ ഉയരുന്നതിന് കാരണമാണ്. കൊവിഡ് ബാധിച്ചു മരിച്ച പ്രവാസികളില്‍ 90 ശതമാനവും അടിസ്ഥാന തൊഴിലുകളില്‍ ഏര്‍പ്പെട്ടവരാണ്. പത്തും പതിനഞ്ചും പേര്‍ ഒറ്റമുറിയില്‍ തിങ്ങി താമസിക്കുന്ന സാഹചര്യത്തില്‍ കഴിയുന്നവര്‍. മാത്രമല്ല, ഷോപ്പിങ് മാളുകള്‍ പോലുള്ള ജനങ്ങള്‍ കൂടുതലായും സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ഇടങ്ങളിലാണ് ഏറെപേര്‍ക്കും ജോലി. ഇതെല്ലാം വൈറസ് പടരുന്നതിന് പ്രധാന ഘടകവുമാണ്.
കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നത് പ്രവാസികളുടെ സമ്പാദ്യമാണ്. അതേപോലെ തന്നെ ഓരോ പ്രവാസിയേയും ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളും അനവധി. ഒരു പ്രവാസിയുടെ മരണത്തോടെ, തൊഴില്‍ നഷ്ടത്തോടെ അനാഥമാകുന്നത് ആ കുടുംബമാണ്. ഈ നഷ്ടം സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ കൂടെ സ്വാധീനിക്കുന്നതോടെ ആഘാതം പതിന്മടങ്ങാകുന്നു. കേരളത്തിന്റെ കുടുംബ, സാമൂഹിക, മാനസിക തലങ്ങളില്‍ ഈ ആഘാതം രൂപപ്പെടുത്തുന്ന പ്രതിസന്ധി നിസാരവുമല്ല. പ്രവാസിയുടെ മൃതദേഹം പോലും കാണാനാകാതെ നാട്ടില്‍ ഉള്ളുരുകി കരയാന്‍ വിധിക്കപ്പെട്ട ആശ്രിതരുടെ മാനസികാവസ്ഥയും ദയനീയം തന്നെ.
ഇതിനിടയിലാണ് പ്രവാസികളുടെ ജീവന്‍വച്ചുള്ള രാഷ്ട്രീയ വിവാദങ്ങളും കൊഴുക്കുന്നത്. വിദേശത്തുനിന്നുള്ള വിമാനത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന കേന്ദ്രത്തിന്റെ വെളിപ്പെടുത്തലും അതിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയുമാണ് രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് പ്രവാസി വിരുദ്ധ നിലപാടുകള്‍ കൈക്കൊള്ളുന്നതിനാണ് ഇരു സര്‍ക്കാരുകളും മത്സരിച്ചത്. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സന്നദ്ധ സംഘടനകള്‍ സ്വന്തം നിലയ്ക്ക് തയാറായിട്ടും കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന അപ്രായോഗിക നിബന്ധന മുന്നോട്ടുവച്ച് സര്‍ക്കാര്‍ പ്രവാസി വിരുദ്ധ നിലപാട് തുടര്‍ച്ചയായി തുറന്നുകാട്ടി. ഡല്‍ഹി അടക്കമുള്ള കൊവിഡ് പടര്‍ന്ന മേഖലകളില്‍നിന്ന് സംസ്ഥാനത്തേക്ക് എത്തുന്നവര്‍ക്ക് യാതൊരുവിധ നിബന്ധനകളുമില്ലാത്ത സാഹചര്യത്തിലാണ് തൊഴിലും വരുമാനവും നഷ്ടമായി തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് മാത്രം വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന പി.പി.ഇ കിറ്റ് അടക്കമുള്ള അപ്രായോഗിക നിര്‍ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇവയത്രയും പൂര്‍ണ്ണമായും പിന്‍വലിച്ചാല്‍ മാത്രമേ പ്രവാസികളുടെ മടക്കം സുഗമമാകുകയുള്ളൂ.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്ന അഞ്ച് ശതമാനം വോട്ട് തങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് പ്രവാസികള്‍, തങ്ങള്‍ക്കെതിരായി തിരിഞ്ഞ രാഷ്ട്രീയക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. കൊവിഡ് വ്യാപനത്തോടെ ഗള്‍ഫ് പ്രവാസം മരണ മുനമ്പായി മാറിയ സാഹചര്യത്തില്‍ രാഷ്ട്രീയപരമായ ലാഭനഷ്ടക്കണക്കുകള്‍ മാറ്റിവച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികള്‍ക്ക് അനുഗുണവും മനുഷ്യത്വപരവുമായ രീതിയില്‍ നിലപാട് കൈക്കൊള്ളുകയാണ് വേണ്ടത്. ഇതിനകം തന്നെ പ്രവാസികളില്‍ 10 ലക്ഷത്തോളം പേര്‍ സംസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ തയാറായി നോര്‍ക്കയിലും മറ്റും രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇതേരീതിയിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 25 ലക്ഷം പ്രവാസികള്‍ തിരിച്ചെത്താനാണ് സാധ്യത. തൊഴില്‍ നഷ്ടമായി തിരിച്ചെത്തുന്നവര്‍ക്ക് പുനരധിവാസത്തിന് സമഗ്രമായ പദ്ധതി തയാറാക്കേണ്ടതുണ്ട്. ഗള്‍ഫില്‍ വളര്‍ന്ന കുട്ടികളുടെ ഭക്ഷണ ശീലങ്ങള്‍ക്ക് അനുസൃതമായ ഭക്ഷണശാലകള്‍ക്കും ഉല്‍പന്ന വിതരണ കേന്ദ്രങ്ങള്‍ക്കും സാധ്യത വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇത് സൂപ്പര്‍ മാര്‍ക്കറ്റുകളുടെ വര്‍ധനവിനും ഇടയാക്കും.
കൊവിഡാനന്തരകാലത്ത് ലോകവ്യാപകമായി ആരോഗ്യമേഖലയില്‍ തൊഴിലവസരം ഗണ്യമായി വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. പാരാമെഡിക്കല്‍, ഫിസിയോ തെറാപ്പി തുടങ്ങിയ മേഖലകളില്‍ ഒഴിവുകള്‍ കൂടും. ലോകവ്യാപകമായുള്ള കണക്കെടുത്താല്‍ കൊവിഡ് ബാധയില്‍ മരിക്കുന്നതില്‍ കൂടുതലും പ്രായമായവരും രോഗികളുമായതിനാല്‍ മെഡിക്കല്‍ ടൂറിസത്തിനുള്ള സാധ്യത ഗണ്യമായി കുറയും. പ്രായമായവരെ പരിപാലിക്കാനും മറ്റുമായി എത്തുന്നവര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് മാത്രമല്ല, ഭാവിയില്‍ ഇത്തരം മേഖലയില്‍ ജോലി സാധ്യത തെല്ലുമില്ലാതാകുകയും ചെയ്യും. മരുന്നുവിപണിയിലാകട്ടെ വലിയ സാധ്യതകളാകും തുറന്നിടുക. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള താല്‍പ്പര്യം ശക്തമാകും. കേരളത്തിന്റെ പരമ്പരാഗത പ്രതിരോധ ഉപാധികളെ ഈ മേഖലയില്‍ സമര്‍ഥമായി ഉപയോഗപ്പെടുത്താനാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
(പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന
സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."