അഭിമന്യുവിന്റെ ഓര്‍മയില്‍ ആടിയുലയഞ്ഞ് മഹാരാജാസ്
കൊച്ചി: അഭിമന്യുവിന്റെ ഓര്‍മകള്‍ തണലിട്ട കാംപസില്‍ അവര്‍ ഒത്തുകൂടി, അധ്യാപകരും സുഹൃത്തുക്കളും ഒരിക്കല്‍പ്പോലും അവനെ നേരില്‍ക്കണ്ടിട്ടില്ലാത്തവരും... മറക്കില്ലെന്ന് നെഞ്ചുരുകി പ്രതിജ്ഞചൊല്ലി കാലത്തിന്റെ കാല്‍ച്ചുവട്ടില്‍ മെഴുതിരി തെളിയിച്ച് അവര്‍ ഒത്തുകൂടിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ അഭിമന്യുവിന്റെ ഓര്‍മകളില്‍പ്പെട്ട് ആടിയുലയുകയായിരുന്നു മഹാരാജാസ് കാംപസ്. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ കണ്ണീരില്‍തൊട്ടാണ് അവന്റെ ഓര്‍മകള്‍ സാനു മാസ്റ്റര്‍ മുതലുള്ളവര്‍ കോറിയിട്ടത്.
മതഭ്രാന്തിന്റെ ഇരയാണ് അഭിമന്യുവെന്നും ഈ മതഭ്രാന്തിനു പിന്നില്‍ ബഹുരാഷ്ട്ര കുത്തകകളാണെന്നും പ്രൊഫ. എം.കെ സാനു പറഞ്ഞു. സംഘടിത മതമാണ് കുഴപ്പം സൃഷ്ടിക്കുന്നത്. വിശ്വാസങ്ങള്‍ മുതലെടുത്ത് അതിലൂടെ ലോകത്തുണ്ടായിരിക്കുന്ന പുരോഗതികളെ പിന്നോട്ടടിക്കുകയാണ് സംഘടിത മതം ചെയ്യുന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ ആരോഗ്യപരമായി തീര്‍ക്കാനാണ് കാംപസ് രാഷ്ട്രീയം ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട അഭിമന്യുവിന്റെ വീടിനെ രക്ഷപെടുത്തുകയാവണം എല്ലാവരുടെയും ലക്ഷ്യം. അതിന് ആസൂത്രിത പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും സാനു മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
മഴപെയ്തു തോര്‍ന്നൊരു പകലില്‍ അഭിമന്യു തന്നെ കാണാന്‍ വന്നുകയറിയത് ഓര്‍ത്തെടുത്തപ്പോള്‍ പെയ്തടങ്ങാത്ത കാര്‍മേഘം തിങ്ങിനിറഞ്ഞിരിക്കാം ഒരു കത്തിക്കുത്തില്‍ ജീവിതം തകര്‍ന്ന മുന്‍ എസ്.എഫ്.ഐ നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മനസിനുള്ളില്‍. ''അഭിമന്യു ധീരനായിരുന്നു. അവനില്‍ കണ്ടത് പട്ടിണി ആയിരുന്നില്ല, മനസു നിറയുന്ന പുഞ്ചിരി മാത്രം. അങ്ങനെയുള്ള അഭിമന്യുവിനെ കൊല്ലാനും ഒറ്റിക്കൊടുക്കാനും മനുഷ്യനായി പിറന്നവന് കഴിയില്ല'' - സൈമണ്‍ ബ്രിട്ടോ പറഞ്ഞു.
അനുസ്മരണ സമ്മേളനത്തില്‍ എസ്.എഫ്.ഐ ഇടുക്കി ജില്ലാ സെക്രട്ടറി എം.എസ് ശരത്ത്, പൂര്‍വ വിദ്യാര്‍ഥികളായ എസ്. രമേശന്‍, ജയചന്ദ്രന്‍, അധ്യാപകന്‍ പ്രൊഫ. എം.എസ് മുരളി, വിവിധ വിദ്യാര്‍ഥി രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. അനുശോചനപ്രമേയവും അവതരിപ്പിച്ചു.
തുടര്‍ന്ന് മെഴുകുതിരി കത്തിച്ച് അനുശോചനം രേഖപ്പെടുത്തുകയും തൂവെള്ള തുണിയില്‍ തീവ്രവാദത്തിനെതിരേ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയുമാണ് അനുസ്മരണ സമ്മേളനം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."