നാടണയാനുള്ളത് മൂന്നര ലക്ഷം പ്രവാസികള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഇനിയും നാടണയാനുള്ളത് മൂന്നര ലക്ഷം പ്രവാസികള്‍. നോര്‍ക്കയുടെ കണക്ക് പ്രകാരം 4,56,431 പേരാണ് ഇതുവരെ കേരളത്തിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ ഉച്ചവരെ വിദേശത്തുനിന്ന് 98,202 പേര്‍ കേരളത്തിലേക്ക് മടങ്ങിയെത്തി. ഇതില്‍ 96,581 (98.35 ശതമാനം) പേര്‍ വിമാനങ്ങളിലും 1,621 (1.65 ശതമാനം) പേര്‍ കപ്പലുകളിലുമാണ് എത്തിയയത്.
തിരികെ എത്തിയവരില്‍ 36,724 പേര്‍ കൊച്ചിയിലും 31,896 കരിപ്പൂരിലുമാണ് വിമാനമിറങ്ങിയത്. മടങ്ങിയെത്തിയവരില്‍ 72,099 പേര്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ഏഴു ജില്ലകളില്‍ നിന്നുള്ളവരാണ്.
യു.എ.ഇയില്‍നിന്ന് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 2,34,309 പേരാണ്. സഊദിയില്‍ 82,847 പേര്‍ രജിസ്റ്റര്‍ ചെയ്തു. കുവൈത്തില്‍നിന്ന് നാട്ടിലേക്ക് വരാന്‍ 34,388 പേരും ഖത്തറില്‍നിന്ന് 53,961 പേരും ഒമാനില്‍നിന്ന് 33,752 പേരും ബഹ്‌റൈനില്‍നിന്ന് 17,174 പേരുമാണ് രജിസ്റ്റര്‍ ചെയ്തത്.
നാടണഞ്ഞവരില്‍ ഏറ്റവും കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ചത് കുവൈത്തില്‍നിന്ന് വന്നവരിലാണ്.
ഇതുവരെ എത്തിയതില്‍ 5.99 ശതമാനം. സഊദിയില്‍ നിന്നെത്തിയവരില്‍ 2.33 ശതമാനവും യു.എ.ഇയില്‍ നിന്നെത്തിയവരില്‍ 1.6 ശതമാനവും ഖത്തറില്‍ നിന്നെത്തിയവരില്‍ 1.56 ശതമാനവും ഒമാനില്‍ നിന്നെത്തിയവരില്‍ 0.78 ശതമാനവുമാണ് കൊവിഡ് ബാധിതര്‍.
ജൂണ്‍ 25 മുതല്‍ 30 വരെ 111 ചാര്‍ട്ടേഡ് വിമാനങ്ങളും 43 വന്ദേഭാരത് വിമാനങ്ങളുമാണ് വിദേശ മന്ത്രാലയം ചാര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ 72 വിമാനങ്ങളാണ് വിദേശങ്ങളില്‍നിന്ന് എത്തിയത്. ഇന്നു മുതല്‍ ദിവസം 40 മുതല്‍ 50 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിക്കും കോഴിക്കോട്ടുമാണ് കൂടുതല്‍ വിമാനങ്ങള്‍. ഇതുവരെ 543 വിമാനങ്ങളും മൂന്നു കപ്പലുകളുമാണ് സംസ്ഥാനത്തെത്തിയത്.
543ല്‍ 335 എണ്ണം ചാര്‍ട്ടേഡ് വിമാനങ്ങളാണ്. 208 എണ്ണം വന്ദേഭാരത് മിഷന്റെ ഭാഗമായി വന്നതാണ്. ഇതുവരെ 154 സമ്മതപത്രങ്ങളിലൂടെ 1,114 വിമാനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ ഈ മാസം 30 വരെ 462 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.
ഇതുവരെ വിദേശങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ച ആളുകള്‍ക്കെല്ലാം സൗജന്യമായി കേരള സര്‍ക്കാര്‍ ചികിത്സ നല്‍കുന്നുണ്ട്. വിദേശ നാടുകളില്‍നിന്ന് എയര്‍പോര്‍ട്ടിലെത്തുന്നവര്‍ക്ക് അവിടെ തന്നെ ആന്റി ബോഡി ടെസ്റ്റ് നടത്തും.
കൊവിഡ് വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ ഉണ്ടാക്കിയ ശേഷം പ്രത്യക്ഷപ്പെടുന്ന ഐ.ജി.എം, ഐ.ജി.ജി ആന്റി ബോഡികളാണ് ടെസ്റ്റ് ചെയ്യുന്നത്. ഐ.ജി.എം, ഐ.ജി.ജി ആന്റി ബോഡികള്‍ കണ്ടെത്തുകയാണെങ്കില്‍ പി.സി.ആര്‍ ടെസ്റ്റ് കൂടി നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."