പാരിസില്‍ ഐ.എസ് ഭീകരാക്രമണം; പൊലിസുകാരന്‍ കൊല്ലപ്പെട്ടു
പാരിസ്: ആദ്യഘട്ട ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം സമാപിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ പാരിസിനെ നടുക്കി ഭീകരാക്രമണം. പാരിസിലെ പ്രസിദ്ധ നടപ്പാതയായ ചാംപ്‌സ് എലിസീസിനു പരിസരത്ത് നടന്ന വെടിവയ്പ്പില്‍ പൊലിസ് ഉദ്യോഗസ്ഥനായ ഫ്രാന്‍സെ മോളിന്‍സ്(30)കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.
വ്യാഴാഴ്ച അര്‍ധരാത്രിയാണ് ഭീകരാക്രമണം നടന്നത്. ചാംപ്‌സ് എലിസീസിനു പരിസരത്തു നിര്‍ത്തിയിട്ടിരുന്ന പൊലിസ് ബസിനു തൊട്ടുമുന്‍പില്‍ കാര്‍ നിര്‍ത്തി ഒരാള്‍ പുറത്തിറങ്ങിവന്ന് നിറയൊഴിക്കുകയായിരുന്നു.
ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ശേഷം മറ്റൊരു ഉദ്യോഗസ്ഥനുനേരെ കൂടി നിറയൊഴിച്ച ഭീകരന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലിസ് വെടിവയ്പ്പില്‍ ഇയാള്‍ കൊല്ലപ്പെട്ടു.
ഫ്രഞ്ച് പൗരനായ കരീം ഷ്യൂര്‍ഫിയാണ് പൊലിസ് വാഹനത്തിനുനേരെ വെടിവച്ചതെന്ന് പൊലിസ് തിരിച്ചറിഞ്ഞതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയെ തിരിച്ചറിഞ്ഞതായി പൊലിസ് അറിയിച്ചെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി പേര് വെളിപ്പെടുത്തിയിരുന്നില്ല. കാറില്‍നിന്നു ലഭിച്ച രേഖകളില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി കരീമിന്റെ മൂന്നു ബന്ധുക്കളെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭീകരവിരുദ്ധസേന അന്വേഷിച്ചുകൊണ്ടിരിക്കുന്നയാളാണ് കരീം ഷ്യൂര്‍ഫിയെന്നാണു വിവരം. 2005ല്‍ രണ്ട് പൊലിസ് ഉദ്യോഗസ്ഥരെയടക്കം മൂന്നുപേരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനിടെ പൊലിസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിപ്പറിച്ച് കൊലപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.
നാളെ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഫ്രാന്‍സില്‍ ഭീകരാക്രമണം നടന്നത്. ഇത് മുതലെടുക്കാനുള്ള ശ്രമത്തിലാണ് തീവ്രപക്ഷ പാര്‍ട്ടികളെല്ലാം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മൂന്ന് പ്രധാന സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവച്ച് ആക്രമണത്തിനെതിരേയുള്ള ടെലിവിഷന്‍ പ്രക്ഷേപണവുമായി രംഗത്തെത്തി. തീവ്ര വലതുപക്ഷ സ്ഥാനാര്‍ഥിയായ മരിന്‍ ലീ പെന്‍ രാജ്യത്തെ എല്ലാ പള്ളികളും അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ആക്രമണം മുതലെടുക്കാനാണ് മരിന്‍ ശ്രമിക്കുന്നതെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ബെര്‍നാഡ് കാസനോവെ കുറ്റപ്പെടുത്തി.
അതേസമയം, ഐ.എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ അമാഖ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ബെല്‍ജിയം പൗരനായ അബൂ യുസുഫാണ് ആക്രമണം നടത്തിയതെന്നാണ് വ്യക്തമാക്കുന്നത്.
തുടര്‍ന്ന് കൂടുതല്‍ പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍, പാരിസ് ആക്രമണം നടത്തിയത് തങ്ങളുടെ പൗരനല്ലെന്നും ഫ്രഞ്ച് പൗരനാണെന്നും ബെല്‍ജിയം ആഭ്യന്തരമന്ത്രി ജാന്‍ ജാംബന്‍ വ്യക്തമാക്കി.
ഭീകരാക്രമണത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍, യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ തുടങ്ങിയ ലോകനേതാക്കള്‍ അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."