വെള്ളം വറ്റിയതോടെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍
കൊട്ടിയൂര്‍: കടുത്ത വേനലില്‍ കിണറിലെ വെള്ളം വറ്റിയതോടെ കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. ജലസേചന വകുപ്പിന്റെ കുടിവെള്ളത്തിനും തടസം നേരിട്ടതോടെ ബുധനാഴ്ച നിരവധി രോഗികളാണ് കുടിവെള്ളം കിട്ടാതെ വലഞ്ഞത്.
വേനല്‍ കടുത്തതോടെ കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ കിണര്‍ വറ്റിയതാണ് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ രോഗികള്‍ വലഞ്ഞത്. ജലസേചന വകുപ്പില്‍ നിന്നു ലഭിച്ചിരുന്ന വെള്ളത്തിനും തടസം നേരിട്ടതോടെ രോഗികള്‍ക്കു മരുന്നു കഴിക്കാന്‍ പോലും വെള്ളം പുറമെ നിന്നു വാങ്ങേണ്ട അവസ്ഥയായിരുന്നു. ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കും പ്രാഥമിക കര്‍മം നിര്‍വഹിക്കുന്നതിനും വെള്ളം ലഭിക്കാതെ വന്നതോടെ രോഗികളും ആശുപത്രി ജീവനക്കാരും ബുദ്ധിമുട്ടിലായി. വ്യാഴാഴ്ച ജലസേചന വകുപ്പിന്റെ വെള്ളം ലഭ്യമായതോടെയാണ് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടന്നത്.
വേനല്‍ക്കാലമാവുമ്പോള്‍ വറ്റാറുള്ള കിണറില്‍ കുഴല്‍ക്കിണര്‍ സ്ഥാപിക്കണമെന്ന ജീവനക്കാരുടെ ആവശ്യം പഞ്ചായത്ത് നടപ്പാക്കിയില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നാനൂറിലധികം രോഗികള്‍ വന്നുപോകുന്ന കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജലസേചന വകുപ്പില്‍ നിന്നു ലഭിക്കുന്ന വെള്ളത്തിനു തടസമുണ്ടായാല്‍ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനം തന്നെ അവതാളത്തിലാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന ആവശ്യമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."