HOME
DETAILS
MAL
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട കടത്താന്‍ ശ്രമിച്ചത് 15 കോടിയുടെ സ്വര്‍ണം
backup
July 06 2020 | 01:07 AM
ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്നും സ്വര്‍ണം പിടികൂടുന്നത് ആദ്യ സംഭവം
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്കുവന്ന ബാഗേജില്‍ ഒളിപ്പിച്ച നിലയിലാണ് 35 കിലോ ഗ്രാം സ്വര്‍ണം കണ്ടെത്തിയത്.
ഏകദേശം 15 കോടി രൂപ വില വരുമെന്നാണ് നിഗമനം. സംസ്ഥാനത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സ്വര്‍ണക്കടത്താണിതെന്നാണ് സൂചന. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടുന്നത്. കോണ്‍സുലേറ്റിലേക്കുള്ള ടോയ്‌ലറ്റ് ഉപകരങ്ങള്‍ക്കൊപ്പമാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. പല ബോക്‌സുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്.
മൂന്നുദിവസം മുന്‍പാണ് വിദേശത്തുനിന്ന് കാര്‍ഗോ എത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ എക്‌സറേ പരിശോധനയില്‍ ഇതിനുള്ളില്‍ സ്വര്‍ണമുണ്ടെന്ന് മനസിലായതോടെ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ഇന്നലെ ബാഗേജുകള്‍ തുറന്ന് പരിശോധന നടത്തിയത്. പല പെട്ടികളിലായി ഒളിപ്പിച്ചിരുന്ന 35 കിലോയോളം വരുന്ന സ്വര്‍ണത്തിന് 15 കോടിയോളം രൂപ വില വരുമെന്നാണ് കരുതുന്നത്.
കോണ്‍സുലേറ്റിലേക്ക് വരുന്ന കാര്‍ഗോ ബാഗേജുകള്‍ കാര്‍ഗോ ഏജന്റ് വഴിയാണ് പുറത്തെത്തിക്കുന്നത്. ബാഗേജില്‍ നിന്ന് സ്വര്‍ണം പിടികൂടിയതോടെ ക്ലിയറിങ് ഏജന്റിനെ ചോദ്യം ചെയ്തു. കാര്‍ഗോ അയച്ച വ്യക്തിയെ കണ്ടുപിടിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട സംഭവമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതരെയും ഞെട്ടിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ വി.ഐ.പി പരിഗണന ലഭിക്കുന്ന ബാഗേജില്‍ അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."