തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു; പ്രധാന കവാടമൊഴികെ എല്ലാ വഴികളും അടച്ചു, പുറത്തിറങ്ങിയാല്‍ കേസ്
തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ്19 വ്യാപനവും ഉറവിടമറിയാത്ത രോഗബാധിതരുടെ എണ്ണവും കൂടിയതോടെ തലസ്ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും സ്ഥാപനങ്ങളും അടച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകള്‍ അവരുടെ വീടുകളില്‍ പ്രവര്‍ത്തിക്കും. പൊലിസ് ആസ്ഥാനവും പ്രവര്‍ത്തിക്കും. പൊതുഗതാഗതം ഉണ്ടാവില്ല. ജില്ലയില്‍ കോടതികള്‍ പ്രവര്‍ത്തിക്കില്ല.ജാമ്യം ഉള്‍പ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴിയാവും പരിഗണിക്കുക.
മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കാം. എല്ലാ ആശുപത്രികളും പ്രവര്‍ത്തിക്കും.മെഡിക്കല്‍ ഷോപ്പില്‍ പോകണമെങ്കില്‍ കൃത്യമായ സത്യവാങ് മൂലം വേണം.
ഇന്നു രാവിലെ 6 മുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്. അനാവശ്യമായി ആരും പുറത്തിറങ്ങാന്‍ പാടില്ല. നഗരത്തില്‍ പ്രവേശിക്കാന്‍ ഒറ്റ വഴി മാത്രം ഏര്‍പ്പെടുത്തി. തുറക്കുന്ന കടകളില്‍ ജനങ്ങള്‍ക്ക് പോകാന്‍ കഴിയില്ല. അവശ്യ സാധനങ്ങള്‍ വേണ്ടവര്‍ പൊലിസിനെ അറിയിച്ചാല്‍ വീട്ടിലെത്തിക്കും.112 എന്ന ടോള്‍ഫ്രീ നമ്പറിലാണ് ഇതിനായി ബന്ധപ്പെടേണ്ടത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ അറസ്റ്റു ചെയ്യും.
നഗരപരിധിയില്‍ പ്രവേശിക്കുന്നവര്‍ നിരീക്ഷണത്തില്‍ പോകണം. കൂടാതെ തലസ്ഥാനത്തെ പരമാവധി ആളുകളെ പരിശോധനയ്ക്കു വിധേയമാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 27 പേരില്‍ 22 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധയെന്ന് കണ്ടെത്തിയതോടെയാണ് ആശങ്ക പാരമ്യത്തിലായത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ക്ലിഫ് ഹൗസില്‍ ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഉന്നതതല യോഗം കൂടി തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."