താലിബാന്‍ ആക്രമണം; 36 അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
കാബൂള്‍: താലിബാന്‍ ആക്രമണത്തില്‍ 36 അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ അഫ്ഗാനിലെ ബദ്ഗസ് പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്.
ബലാ മുര്‍ഗാബ് ജില്ലയിലെ സര്‍ക്കാര്‍ കോംപൗണ്ട് വളഞ്ഞ നൂറ് കണക്കിന് താലിബാന്‍കാര്‍ ആക്രമണം നടത്തുകയായിരുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രി മുതല്‍ ആരംഭിച്ച ആക്രമണം തുടരുകയാണ്. നിരവധി ചെക്ക് പോയിന്റുകള്‍ താലിബാന്‍ പിടിച്ചെടുത്തു. 30ല്‍ കൂടുതല്‍ താലിബാന്‍കാര്‍ കൊല്ലപ്പെട്ടെന്ന് ബദ്ഗസ് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് ജംഷെദ് ഷഹാബ് പറഞ്ഞു. അഞ്ച് ചെക്ക് പോയിന്റുകള്‍ പിടിച്ചെടുക്കാനായി നാല് ഭാഗങ്ങളില്‍ നിന്നായാണ് ആക്രമണം നടത്തിയതെന്ന് ഖാരി യൂസുഫ് അഹമ്മദ് പറഞ്ഞു. 2000 താലിബാന്‍കാര്‍ ആക്രമണത്തില്‍ പങ്കാളികളായിരുന്നെന്ന് പ്രവിശ്യ കൗണ്‍സില്‍ അംഗം മുഹമ്മദ് നാസിര്‍ നസാരി പറഞ്ഞു.
പ്രദേശത്ത് 600 സൈനികരും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണം നേരിടാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് ജില്ലാതലവനായ അബ്ദുല്‍ വാരിസ് ഷെഹര്‍സാദ് പറഞ്ഞു. നാറ്റോ സൈന്യവും സര്‍ക്കാരും സഹായിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.സിവിലയന്‍മാര്‍ക്ക് പരുക്കേല്‍ക്കാതിരിക്കാനായി ചെക്ക് പോയിന്റുകളില്‍ തന്ത്രപരമായ തിരിച്ചടിയാണ് സൈന്യം നല്‍കുന്നതെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
അഫ്ഗാന്‍ കേന്ദ്രങ്ങളില്‍ നിരവധി വ്യോമാക്രമണങ്ങള്‍ നടത്തി. ബദ്ഗസില്‍ ആവശ്യമായ വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ട്. ഭൂരിപക്ഷം പ്രദേശങ്ങളില്‍നിന്ന് താലിബാന്‍ പിന്‍മാറിയെന്നും മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ബല മുര്‍ഗാബില്‍ നിരവധി ആക്രമണങ്ങളുണ്ടായിരുന്നു. സൈനിക സാന്നിധ്യം ശക്തമാക്കിയിട്ടില്ലെങ്കില്‍ പ്രദേശം താലിബാന്‍ കീഴടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അഫ്ഗാന്റെ ഏകദേശം പകുതിയോളം പ്രദേശങ്ങള്‍ താലിബാന് കീഴിലാണ്. രാജ്യത്ത് സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുന്നതിനിടെയാണ് ആക്രമണം തുടരുന്നത്.
2001 മുതല്‍ അഫ്ഗാനില്‍ അധിനിവേഷം നടത്തിയ യു.എസിനെ രാജ്യത്തുനിന്ന് പുറത്താക്കുകയെന്നാണ് താലിബാന്റെ ലക്ഷ്യം. നിലവിലെ സര്‍ക്കാര്‍ യു.എസിന്റെ നിയന്ത്രണത്തിലായതിനാല്‍ അംഗീകരിക്കില്ലെന്ന് താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."