ഇറാഖുമായുള്ള വാതക-വൈദ്യുതി വ്യാപാരം വിപുലമാക്കാന്‍ തയാറെന്ന് റൂഹാനി
തെഹ്‌റാന്‍: അയല്‍ രാജ്യമായ ഇറാഖുമായുള്ള വാതക-വൈദ്യുതി വ്യാപാരം വിപുലമാക്കാന്‍ തയാറെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. അമേരിക്കയുടെ ഉപരോധം നിലവിലുണ്ടെങ്കിലും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം 200 കോടി യു.എസ് ഡോളറിലെത്തിക്കാന്‍ താല്‍പര്യമുണ്ടെന്നും ദുബായില്‍ ടി.വി റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്കും എണ്ണ, പാചകവാതകം എന്നിവ കയറ്റി അയക്കാന്‍ ഇറാന്‍ തയാറാണ്. ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം റൂഹാനി പറഞ്ഞു.
ഇറാനില്‍ നിന്ന് ഇന്ധനങ്ങള്‍ വാങ്ങാന്‍ അമേരിക്ക കഴിഞ്ഞ മാസം ഇറാഖിന് 90 ദിവസം അനുവദിച്ചിരുന്നു. ഈ ഇളവ് ഉപയോഗപ്പെടുത്തി വൈദ്യുതിയും പാചകവാതകവും വാങ്ങാന്‍ സാധിക്കും.
ഇറാനെയും ഇറാഖിനെയും ബന്ധിപ്പിക്കുന്ന റെയില്‍ പാളത്തിന്റെ നിര്‍മാണം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തുടങ്ങാനാവുമെന്നു കരുതുന്നതായി റൂഹാനി പറഞ്ഞു. കഴിഞ്ഞ മാസം റൂഹാനി ഇറാഖ് സന്ദര്‍ശിച്ചതിന്റെ ഭാഗമായാണ് റെയില്‍പാള നിര്‍മാണം.
ആണവപദ്ധതികളുടെ പേരില്‍ നവംബറില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്‍ ഊര്‍ജവിഭവങ്ങള്‍ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു. എന്നാല്‍ ഇറാനില്‍ നിന്ന് ഉപഭോക്തൃ ആവശ്യങ്ങള്‍ക്ക് ഊര്‍ജം ഇറക്കുമതി ചെയ്യുന്നവര്‍ക്ക് ഇളവ് അനുവദിക്കുകയായിരുന്നു.
ഇറാഖ് വൈദ്യുതോല്‍പ്പാദനത്തിനായി ഇറാനില്‍ നിന്ന് പ്രതിദിനം 150 കോടി ഘനഅടി വാതകം ഇറക്കുമതി ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."