രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം വ്യാപിക്കുമോ എന്നറിയാന്‍ കസ്റ്റംസിനെ നിരീക്ഷിച്ച് കേരളാ പൊലിസ്
കോട്ടയം: സ്വര്‍ണക്കള്ളക്കടത്തു സംഘത്തെ തേടിയുള്ള കസ്റ്റംസ് അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് പൊലിസ് സ്‌പെഷല്‍ ബ്രാഞ്ച്. കള്ളക്കടത്തിലെ മുഖ്യസൂത്രധാര സ്വപ്ന സുരേഷ് അടക്കമുള്ള സംഘത്തെ പിടികൂടാനുള്ള കസ്റ്റംസിന്റെ അന്വേഷണത്തിനു പിന്നാലെയാണ് പൊലിസ് രഹസ്യാന്വേഷണ വിഭാഗം.
ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് രഹസ്യ പൊലിസിന്റെ നീക്കം. കസ്റ്റംസ് ആറു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഈ ആറു സംഘങ്ങളും പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണ വലയത്തിലാണ്. ആരിലേക്കെല്ലാം അന്വേഷണം നീളുന്നുണ്ട്. രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നുണ്ടെങ്കില്‍ അവര്‍ ആരെല്ലാം.
ഇക്കാര്യങ്ങളാണ് പ്രധാനമായും പൊലിസ് സ്‌പെഷല്‍ ബ്രാഞ്ച് നിരീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് ആരോപണ നിഴലിലാക്കിയ പ്രതിപക്ഷത്തെ തിരിച്ചടിക്കാനുള്ള വഴിതേടുകയാണ് ഭരണപക്ഷം. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ബി.ജെ.പി നേതാക്കളുമായോ പ്രവര്‍ത്തകരുമായോ ഏതെങ്കിലും രീതിയില്‍ ബന്ധമുള്ളവരിലേക്ക് കസ്റ്റംസ് നീങ്ങിയാല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പൊലിസ് ഉന്നതര്‍ക്ക് കൈമാറണമെന്നാണ് പൊലിസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള പ്രധാന നിര്‍ദേശം.
കസ്റ്റംസിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിച്ച് അപ്പോള്‍ തന്നെ പൊലിസ് സ്‌പെഷല്‍ ബ്രാഞ്ച് ഉന്നതങ്ങളിലേക്ക് കൈമാറുന്നുണ്ട്. പൊലിസ് പിന്തുടരുന്നത് തിരിച്ചറിഞ്ഞു തന്നെയാണ് കസ്റ്റംസിന്റെ നീക്കവും. തിരുവനന്തപുരത്ത് ഉണ്ടായിരുന്ന സ്വപ്ന സുരേഷിനെ പിടികൂടാന്‍ അന്വേഷണ സംഘം എത്തുന്നതിന് മുന്‍പ് അവര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത് പൊലിസ് ആണെന്ന് കസ്റ്റംസ് സംശയിക്കുന്നത്.
സ്വര്‍ണക്കള്ളക്കടത്തിനു പിന്നിലുള്ളവരെ പിടികൂടാനുള്ള കസ്റ്റംസിന്റെ പരിശോധനകള്‍ക്ക് പരിമിതികളുണ്ട്. ഇതുതിരിച്ചറിഞ്ഞു തന്നെയാണ് പൊലിസിന്റെ നീക്കവും. ഇതിനൊപ്പം പൊലിസ് മറ്റൊരു അന്വേഷണം കൂടി നടത്തുന്നുണ്ട്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്ന തട്ടിപ്പ് കേസില്‍ സ്വപ്ന സുരേഷിനെ പ്രതിയാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് ശേഷവും മുഖ്യമന്ത്രിയുടേത് അടക്കം മന്ത്രിമാരുടെ ഓഫിസുകളില്‍ സ്വപ്ന സുരേഷ് കയറിയിറങ്ങി. സെക്രട്ടറിയേറ്റില്‍ നിര്‍ബാധം കയറിയിറങ്ങാന്‍ സ്വപ്നയ്ക്ക് ആരാണ് ഒത്താശ നല്‍കിയതെന്നത് കെണ്ടത്താനും പൊലിസ് ശ്രമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."