വരള്‍ച്ചാ നിവാരണ പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥ സംഘം രൂപീകരിച്ചു
കോഴിക്കോട്: വരള്‍ച്ചാ നിവാരണത്തിന് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി വിവിധ വകുപ്പുകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ജില്ലാതല ഉദ്യോഗസ്ഥ സംഘം രൂപീകരിച്ചു. വരള്‍ച്ച മുന്‍കരുതലുകള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനായി കലക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ദീര്‍ഘകാല, ഹ്രസ്വകാല അടിസ്ഥാനങ്ങളില്‍ വരള്‍ച്ചാ നിവാരണ പദ്ധതികള്‍ നടപ്പിലാക്കുകയാണ് സംഘത്തിന്റെ ദൗത്യം. നിലവില്‍ തദ്ദേശതലങ്ങളില്‍ ഉള്‍പ്പെടെയുള്ള വരള്‍ച്ചാ നിവാരണ പ്രവര്‍ത്തനങ്ങള്‍ കൂട്ടിയിണക്കിയാണ് പ്രവര്‍ത്തിക്കുക. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിലൂടെ ലഭ്യമാകുന്ന വെള്ളം പരമാവധി സംഭരിക്കാനുള്ള നടപടികള്‍ ആരംഭിക്കുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
നാഷനല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് ടീമിന്റെ പിന്തുണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണം. വ്യക്തിഗത കിണര്‍ റീച്ചാര്‍ജിങ്, കുളം പുനരുജ്ജീവനം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും ഇവയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച ഹരിതകേരളം മിഷന്‍ കാംപയിന്‍ തുടരാനും കലക്ടര്‍ നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥ സംഘത്തിന്റെ ആദ്യയോഗം ഈ മാസം 10ന് ചേരും.
അസിസ്റ്റന്റ് ഡയരക്ടര്‍ ഓഫ് പഞ്ചായത്ത് അബ്ദുല്‍ ലത്തീഫ് കണ്‍വീനറായുള്ള സംഘത്തിന്റെ ഏകോപന ചുമതല കുന്ദമംഗലത്തുള്ള ജലവിഭവ വിനിയോഗ കേന്ദ്രത്തിനാണ്. സംഘത്തിനുള്ള സാങ്കേതിക സഹായവും ജലവിഭവ വിനിയോഗ കേന്ദ്രം നല്‍കും.
വാട്ടര്‍ അതോറിറ്റി, മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍, മണ്ണ് സംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, ദുരന്ത നിവാരണ വകുപ്പ്, ഭൂഗര്‍ഭജല വകുപ്പ്, വനം വകുപ്പ്, ആരോഗ്യ വകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും രണ്ടു പഞ്ചായത്ത് സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തിയാണ് സംഘം രൂപീകരിച്ചത്. വരള്‍ച്ചാ പ്രതിരോധത്തിനായി തദ്ദേശതലങ്ങളില്‍ പ്രത്യേക കര്‍മസേനകള്‍ രൂപീകരിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.
യോഗത്തില്‍ ജലവിഭവ വിനിയോഗ വകുപ്പ് എക്‌സിക്യുട്ടിവ് ഡയരക്ടര്‍ ഡോ. എ.ബി അനിത, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എം.വി അനില്‍ കുമാര്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരായ സന്തോഷ് കുമാര്‍, കെ. വിനോദന്‍, ഡി.കെ പ്രേമാനന്ദന്‍, ഭൂഗര്‍ഭജല വകുപ്പ് ജില്ലാ ഓഫിസര്‍ കെ. രാധാകൃഷ്ണന്‍, ചീഫ് വെറ്റിനറി ഓഫിസര്‍ ഡോ. കെ. നീനാ കുമാര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രകാശന്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ പി. ഡോളി, മൃഗസംരക്ഷണ വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ. ബിജിലീ ഭാസ്‌കരന്‍, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരായ സി. സഹദേവന്‍, ജി.എസ് അഞ്ജന, പി.വി പ്രീതി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."