പൊലിസിന് അലംഭാവമെന്ന് കൊച്ചി മേയര്‍
കൊച്ചി: അനുമതിയില്ലാതെ കോര്‍റേഷന്‍ റോഡുകള്‍ കുത്തിപ്പൊളിക്കുന്നതിനെതിരേ പരാതി നല്‍കിയിട്ടും പൊലിസ് കടുത്ത അലംഭാവം കാണിക്കുകയാണെന്ന് കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍ ആരോപിച്ചു. പനമ്പള്ളിനഗര്‍ ഉള്‍പ്പെടെ നഗരത്തിന്റെ പല ഭാഗത്തും കേബിള്‍ സ്ഥാപിക്കാനായി സ്വകാര്യ ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ റോഡ് കുത്തിപ്പൊളിക്കുന്നതിനെതിരെയാണ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.
സ്ഥലം സന്ദര്‍ശിച്ചതല്ലാതെ ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ പൊലിസ് നടപടി സ്വീകരിച്ചില്ല. ഇതിനെതിരെ ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നിട്ടും നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ അറിയിച്ചു.
തന്റെ ഡിവിഷനിലെ റോഡുകള്‍ സ്വകാര്യ കമ്പനി കുത്തിപ്പൊളിക്കുന്നുവെന്ന കൗണ്‍സിലര്‍ പി.ഡി മാര്‍ട്ടിന്റെ പരാതിയിലായിരുന്നു മേയറുടെ പ്രതികരണം. മഴക്കാലത്ത് റോഡ് വെട്ടിപ്പൊളിക്കുന്നതിന് കോര്‍പറേഷന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് മേയര്‍ വിശദീകരിച്ചു. ഇത് മൂന്നാം തവണയാണ് അനധികൃതമായി കമ്പനി റോഡ് കുത്തിപ്പൊളിക്കുന്നത്. ഇതാവര്‍ത്തിക്കാനാണ് ശ്രമമെങ്കില്‍ കമ്പനിക്കെതിരെ കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരുമെന്നും മേയര്‍ മുന്നറിയിപ്പ് നല്‍കി.
കെ.എസ്.ആര്‍.ടി.സി ജെട്ടി സ്റ്റാന്റിലേക്കുള്ള പ്രവേശന കവാടത്തോട് ചേര്‍ന്ന് അനുമതിയില്ലാതെ നടക്കുന്ന കെട്ടിട നിര്‍മാണം നിര്‍ത്തിവയ്പ്പിക്കാന്‍ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥരെ മേയര്‍ ശാസിച്ചു. കോര്‍പറേഷന്റെ മൂക്കിനു താഴെ കടുത്ത നിയമ ലംഘനം നടന്നിട്ടും ഉദ്യോഗസ്ഥര്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കുകയാണെന്നായിരുന്നു മേയറുടെ വിമര്‍ശനം. സ്ഥലത്തിന്റെ ഉടമസ്ഥതാവകാശം സംബന്ധിച്ചും സ്റ്റേ ഓഡര്‍ ഉണ്ടോ എന്നതിലും അവ്യക്തതയുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വിശദീകരിച്ചപ്പോള്‍ കോര്‍പറേഷന്റെ പെര്‍മിറ്റില്ലാത്ത നടക്കുന്ന നിര്‍മാണം നിര്‍ത്തിവയ്പ്പിക്കണമെന്ന് മേയര്‍ പറഞ്ഞു. കെട്ടിടത്തിന് നമ്പറിട്ടുകൊടുക്കാന്‍ അനുമതി നല്‍കരുതെന്നും നിര്‍ദേശിച്ചു.
പശ്ചിമകൊച്ചിയിലേക്കുള്ള യാത്രാക്ലേശത്തിനു പരിഹാരമായി വാത്തുരുത്തിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണത്തിനെതിരെ നാവികസേനയുടെ എതിര്‍പ്പ് അനുവദിക്കരുതെന്ന് കൗണ്‍സില്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. നാവികസേന വിട്ടുവീഴ്ച്ചയ്ക്ക് തയാറായില്ലെങ്കില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് സമരപരിപാടികളുമായി മുന്നോട്ട് പോകുന്ന കാര്യം ആലോചിക്കാമെന്ന് മേയര്‍ വ്യക്തമാക്കി. എം.ജി റോഡിലെ കോര്‍പറേഷന്റെ അധീനതയിലുള്ള പാര്‍ക്കിങ് സ്ഥലത്തെ മരങ്ങള്‍ അര്‍ധരാത്രിയില്‍ മുറിച്ചുമാറ്റിയ കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്തിയതായും ഇയാളുമായുള്ള കരാര്‍ റദ്ദാക്കിയതായും മേയര്‍ അറിയിച്ചു.
മഹാരാജാസ് കോളജ് വിദ്യാര്‍ഥിയുടെ കൊലപാതകത്തെ അപലപിച്ച് കൗണ്‍സില്‍ യോഗത്തില്‍ അനുശോചന പ്രമേയം അവതരിപ്പിക്കാതിരുന്നതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു.
വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ കരുതിക്കൂട്ടിയുള്ള കൊലപാതകത്തിന് നഗരം സാക്ഷ്യം വഹിച്ചിട്ടും നഗരമാതാവ് അതിനെ അപലപിക്കുകയോ അനുശോചന പ്രമേയം അവതരിപ്പിക്കുകയോ ചെയ്യാതിരുന്നത് ദൗര്‍ഭാഗ്യകരമായി പോയെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം ഭരണപക്ഷത്തെ എം.ജെ അരിസ്റ്റോട്ടില്‍ കൊലപാതകത്തെ അപലപിച്ചുവെങ്കിലും മേയര്‍ ഇക്കാര്യം പരാമര്‍ശിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."