മാറില്ല, ഞങ്ങള്‍ മാറില്ല; ' സങ്കല്‍പ് പത്ര്' വര്‍ഗീയതയിലെഴുതിയ ബി.ജെ.പിയുടെ പ്രകടനപത്രിക
ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബി.ജെ.പി പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. 2014ല്‍ അധികാരത്തില്‍ കയറാന്‍ ബി.ജെ.പി വര്‍ഗീയതയുടെ ഏതെല്ലാം വിഷവിത്തുകളിറക്കിയോ അതേ വിത്തുമായി വീണ്ടും 2019ലിതാ.
2014ല്‍ വാഗ്ദാനം ചെയ്ത രാമക്ഷേത്രമെന്ന നിര്‍മാണം വാഗ്ദാനമാണ് പ്രധാനം. രാമക്ഷേത്ര നിര്‍മാണത്തിനുള്ള എല്ലാ വഴികളും തേടുമെന്നും കഠിനമായി ശ്രമം നടത്തുമെന്നും പ്രകടന പത്രികയില്‍ ആവര്‍ത്തിക്കുന്നു.
ഗോരക്ഷയുടെ പേരില്‍ മനുഷ്യ ജീവനുകള്‍ക്ക് വില കുറഞ്ഞ നാളുകള്‍, പശു സംരക്ഷത്തിന്റെ പേരില്‍ മാത്രമല്ല അല്ലാതെയും ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍, സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കാനായി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവ്. പാവപ്പെട്ടവന്റെ നടുവൊടിച്ച കറന്‍സി നിരോധനം. ഇങ്ങനെ നിരവധി അനുഭവങ്ങളാണ് ഇന്ത്യയിലെ ഓരോ പൗരനും അനുഭവിച്ചത്. മോഹന വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ കയറിയ എന്‍.ഡി.എ സര്‍ക്കാരിന്റെ ' നേട്ട' ങ്ങളില്‍ ഒരുപാടുണ്ട് എഴുതി ചേര്‍ക്കാന്‍.
വീണ്ടും തെരഞ്ഞെടുപ്പില്‍ അവരുടെ മുഖമുദ്ര വര്‍ഗീയത തന്നെ.
പ്രത്യേക കാര്‍ഷിക ബജറ്റ് കോണ്‍ഗ്രസ് നിര്‍ദേശിക്കുമ്പോള്‍ ബിജെപി വാഗ്ദാനത്തിന്റെ കാര്യത്തില്‍ അതുക്കും മേലെയാണ്. 25 ലക്ഷം കോടി രൂപയാണത്രെ കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി മാറ്റിവെയ്ക്കുന്നത്. അടുത്ത വര്‍ഷത്തോടെ തന്നെ കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്നും വാഗ്ദാനമുണ്ട്.
സങ്കല്‍പ് പത്ര് എന്നു പേരിട്ടിരിക്കുന്ന പത്രികയില്‍ 75 പദ്ധതികളാണ് ബി.ജെ.പി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏകീകൃത സിവില്‍കോഡ് നടപ്പാക്കും എന്നതാണ് ഒരു വാഗ്ദാനം. രാജ്യത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയര്‍ത്തും. 2020ഓടെ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വീട് നിര്‍മിച്ചു നല്‍കും തുടങ്ങിയവയാണ് പ്രകടനപത്രികയിലെ മറ്റു വാഗ്ദാനങ്ങള്‍.
130 കോടിയോളം വരുന്ന ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."