രണ്ടാം സെമിഫൈനല്‍: ഇംഗ്ലണ്ട് VS ക്രൊയേഷ്യ
മോസ്‌കോ: 2018 ഫുട്‌ബോള്‍ ലോകകപ്പ് കലാശപ്പോരാട്ടം ആരൊക്കെ തമ്മിലെന്ന് ഇന്നറിയാം. ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ലൂക്കാ മോഡ്രിച്ചിന്റെ കീഴിലെത്തുന്ന ക്രൊയേഷ്യയും ഹാരി കെയ്‌നിന് കീഴിലെത്തുന്ന ഇംഗ്ലണ്ടും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് മത്സരം.
ഒന്നാം ജഴ്‌സിയില്ലാതെ ക്രൊയേഷ്യയും തങ്ങളുടെ ഭാഗ്യ ജഴ്‌സിയില്ലാതെ ഇംഗ്ലണ്ടും കളത്തിലിറങ്ങുമ്പോള്‍ ലോകത്തിന്റെ സ്വപ്‌നം കൈയടക്കാന്‍ ഇരുടീമുകളും തങ്ങളുടെ എല്ലാ ശക്തിയും സമന്വയിപ്പിച്ച് പോരാടും എന്നത് തീര്‍ച്ച.
ഗ്രൂപ്പ് മത്സരത്തില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയതല്ലാതെ ഡി ഗ്രൂപ്പ് ചാംപ്യന്മാരായി വന്ന ക്രൊയേഷ്യ ഇതുവരെ മികച്ച ടീമുകളോട് ഏറ്റുമുട്ടിയിട്ടില്ല. പ്രീ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കും ക്വാര്‍ട്ടറില്‍ റഷ്യയുമായിരുന്നു ക്രൊയേഷ്യയുടെ എതിരാളികള്‍. ഈ രണ്ട് മത്സരങ്ങളും പെനാല്‍റ്റിയില്‍ അതിജീവിച്ചാണ് ക്രൊയേഷ്യ സെമി ബര്‍ത്ത് ഉറപ്പിച്ചത്.
ഗ്രൂപ്പ് ജിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി വന്ന് പ്രീ ക്വാര്‍ട്ടറില്‍ ശക്തരായ കൊളംബിയയെയും ക്വാര്‍ട്ടറില്‍ സ്വീഡനെയും പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം. ഇരു ടീമുകളും മികച്ച താരനിരയുമായാണ് സെമിയിലെത്തുന്നത്. പക്ഷേ ഗോള്‍കീപ്പര്‍ സുബാസിച്ചിന്റെയും മാന്‍സൂക്കിച്ചിന്റെയും പരുക്ക് ക്രൊയേഷ്യന്‍ നിരയെ അലട്ടുന്നുണ്ട്.
സുബാസിച്ച് - പിക്ക്‌ഫോര്‍ഡ്
ഗോള്‍കീപ്പര്‍മാരുടെ മികച്ച പ്രകടനമാണ് ഇരു ടീമുകളെയും സെമിഫൈനലില്‍ എത്തിച്ചത്. ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡാനിയേല്‍ സുബാസിച്ചും ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡുമാണ് ഇരുടീമുകളുടെയും ഗോള്‍ വല കാക്കുന്നത്.
എ.എസ് മൊണാക്കോക്കു വേണ്ടി കളിക്കുന്ന ഗോള്‍കീപ്പര്‍ സുബാസിച്ചാണ് ക്രൊയേഷ്യയുടെ യഥാര്‍ത്ത പോരാളി. ഡെന്‍മാര്‍ക്കുമായി നടന്ന പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ തോല്‍വി മുന്‍പില്‍ കണ്ട ക്രൊയേഷ്യക്ക് വേണ്ടി ഷൂട്ടൗട്ടില്‍ മൂന്ന് സേവുകളാണ് സുബാസിച്ച് നടത്തിയത്. ക്വാര്‍ട്ടറില്‍ ആദിഥേയരായ റഷ്യയെ പരാജയപ്പെടുത്തിയതും സുബാസിച്ചിന്റെ കൈകള്‍ തന്നെ.
പരുക്ക് പറ്റിയിട്ടും മത്സരത്തിലുടനീളം ഗോള്‍വലക്ക് മുന്‍പില്‍ മനോഹര സേവുകളുമായി കളംനിറഞ്ഞ സുബാസിച്ച് ഷൂട്ടൗട്ടില്‍ ഒരു കിക്ക് തടഞ്ഞ് ടീമിനെ സെമിഫൈനലിലെത്തിച്ചു. കഴിഞ്ഞ മത്സരത്തില്‍ പരുക്കേറ്റ സുബാസിച്ച് പരിശീലനത്തിനിറങ്ങിയിട്ടില്ല. ഇത് ക്രൊയേഷ്യക്ക് തിരിച്ചടിയാകും.
24 വയസുള്ള പിക്ക്‌ഫോര്‍ഡ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടന്‍ താരമാണ്. റഷ്യന്‍ ലോകകപ്പില്‍ ഇതുവരെ 10 സേവുകളാണ് പിക്ക്‌ഫോര്‍ഡ് നടത്തിയത്. മുന്‍പരിചയം കുറവാണെങ്കിലും പിക്ക്‌ഫോര്‍ഡ് നിലവില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഷൂട്ടൗട്ടിലേക്ക് കടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കൊളംബിയന്‍ താരം ബാക്കയുടെ കിക്ക് തടഞ്ഞിട്ട് പിക്ക്‌ഫോര്‍ഡാണ് ഇംഗണ്ടിന് ക്വാര്‍ട്ടറിലേക്കുള്ള വഴി തുറന്നത്. ക്വാര്‍ട്ടറില്‍ സ്വീഡനെതിരേയും താരം മികച്ച സേവുകള്‍ നടത്തി.
ലൂക്കാ മോഡ്രിച്ച് - ഹാരി കെയ്ന്‍
സ്പാനിഷ് ലീഗിലെയും പ്രീമിയര്‍ ലീഗിലെയും രണ്ട് പ്രധാന താരങ്ങളാണ് ഇരു ടീമുകളെയും നയിക്കുന്നത്. ഹാരി കെയ്‌നും ലൂക്കാ മോഡ്രിച്ചും. ഇരു ടീമുകളുടെയും നെടുംതൂണും ഇവര്‍തന്നെ.
റയല്‍ മാഡ്രിഡിന്റെ ലൂക്കാ മോഡ്രിച്ച് മധ്യനിരയില്‍ കളി മെനയുന്നതില്‍ വിദഗ്ധനാണ്. കൂട്ടിന് റാക്കിറ്റിച്ച്, റെബിച്ച്, പെരിസിച്ച് എന്നിവരുണ്ടെങ്കിലും ലൂക്കയാണ് മുന്നേറ്റത്തിലേക്ക് പന്തെത്തിക്കുന്നത്.
ഒരുപോലെ അറ്റാക്കിങ് മിഡ്ഫീല്‍ഡിലും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും കളിക്കുന്ന മോഡ്രിച്ചിനെ തളക്കാന്‍ ഇംഗ്ലണ്ട് കഷ്ടപ്പെടും. മോഡ്രിച്ചിനെ പൂട്ടാനായാല്‍ ഇംഗ്ലണ്ടിനെ മത്സരം അനായാസം കൈവശപ്പെടുത്താമെന്ന വിലയിരുത്തലിലാണ് ഇംഗ്ലണ്ട്. രണ്ട് ഗോളുകളുമായി മോഡ്രിച്ച് തന്നെയാണ് ക്രെയേഷ്യന്‍ നിരയില്‍ മുന്നില്‍.
പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് വേണ്ടി കളിക്കുന്ന ഹാരി കെയ്ന്‍ ലോകകപ്പില്‍ ആറ് ഗോളുമായി ഗോള്‍വേട്ട പട്ടികയില്‍ മുന്നിലാണ്. ഇംഗ്ലണ്ട് നിരയില്‍ പൂര്‍ണ പിന്തുണ ലഭിക്കുന്നതിനാല്‍ വളരെ ഫ്രീ ആയാണ് കെയ്ന്‍ കളിക്കുന്നത്. ആവശ്യ ഘട്ടങ്ങളിലെല്ലാം ഗോള്‍ നേടി ഇംഗ്ലണ്ടിന്റെ രക്ഷകനാകാന്‍ കെയ്‌നിന് കഴിഞ്ഞിട്ടുണ്ട്.
ഇംഗ്ലണ്ട്
3-1-4-2 എന്ന ഫോര്‍മേഷനിലാവും ഇംഗ്ലണ്ട് ക്രൊയേഷ്യയെ നേരിടുന്നത്. മുന്നേറ്റത്തില്‍ ഹാരി കെയ്‌നിനെയും റഹീം സ്‌റ്റെര്‍ലിങിനെയും അണിനിരത്തി അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ ഡെലി അലി, ലിന്‍ഗാര്‍ഡ്, ആഷ്‌ലി യങ്, ട്രിപ്പിയര്‍ എന്നിവരെ ഇറക്കാനാണ് സാധ്യത. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ ഹെന്‍ഡേഴ്‌സനും പ്രതിരോധത്തില്‍ മഗ്യൂര്‍, സ്‌റ്റോണ്‍സ്, വാള്‍ക്കര്‍ എന്നിവരും നിലയുറപ്പിക്കും. പിക്ക്‌ഫോര്‍ഡ് ഗോള്‍ വല കാക്കും.
ക്രൊയേഷ്യ
4-1-4-1 എന്ന ശൈലിയിലാവും ക്രൊയേഷ്യന്‍ മുന്നേറ്റം. മാന്‍സൂക്കിച്ചിനെ ആക്രമണത്തില്‍ നിര്‍ത്തി പെരിസിച്ച്, റാക്കിട്ടിച്ച്, മോഡ്രിച്ച്, റെബിച്ച് എന്നിവരെ അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ ഇറക്കാനാണ് സാധ്യത. ബ്രോസോവിച്ചിനെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് ചുമതല ഏല്‍പിക്കും. സ്ട്രിനിച്ച്, വിദ, ലോവ്‌റെന്‍, വ്രസാല്‍കോ എന്നിവര്‍ പ്രതിരോധത്തില്‍ ഇറങ്ങും. പരുക്കേറ്റ സുബാസിച്ചിന് പകരം കലിനിച്ച് ഇറങ്ങാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."