സഭയുടെ വാദം പൊളിയുന്നു; അന്വേഷണവുമായി സഹകരിക്കുമെന്ന് പറഞ്ഞ കന്യാസ്ത്രീയുടെ കത്ത് പുറത്ത്
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനപരാതിയില്‍ ആഭ്യന്തര അന്വേഷണവുമായി കന്യാസ്ത്രീ സഹകരിച്ചില്ലെന്ന സഭയുടെ വാദം പൊളിയുന്നു. ആഭ്യന്തര അന്വേഷണവുമായി സഹകരിക്കാന്‍ തയാറെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീ നല്‍കിയ കത്ത് പുറത്തുവന്നു. 2017 ഡിസംബറില്‍ നല്‍കിയ കത്തിന്റെ പകര്‍പ്പ് വാര്‍ത്താചാനലുകളാണ് പുറത്തുവിട്ടത്.
മദര്‍ സുപ്പീരിയറിനാണ് ഇവര്‍ കത്തയച്ചത്. തന്റെ വാദം കേള്‍ക്കണമെന്നും ജലന്ധറില്‍ വെച്ച് കൂടിക്കാഴ്ചക്ക് തയാറാണെന്നും കത്തില്‍ കന്യാസ്ത്രീ ആവശ്യപ്പെടുന്നു.
തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വ്യോമയാന മന്ത്രാലയത്തിന് അന്വേഷണ സംഘം കത്തയച്ചിരുന്നു.
സഭക്ക് കീഴിലെ മറ്റ് മഠങ്ങളിലും തെളിവെടുപ്പ് നടത്തിയേക്കും. 13 തവണ ബിഷപ്പ് പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി. 2014 മുതലുള്ള കാലയളവില്‍ ബിഷപ്പ് നടത്തിയ കേരള സന്ദര്‍ശനത്തിനിടെ ആയിരുന്നു പീഡനം. ഈ സാഹചര്യത്തിലാണ് ബിഷപ്പ് മറ്റു മഠങ്ങളില്‍ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."