സ്‌പേസ് പാര്‍ക്കിന്റെ കണ്‍സള്‍ട്ടന്‍സിയില്‍നിന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബഹിരാകാശ സാങ്കേതികവിദ്യയില്‍ വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നീ മേഖലകളില്‍ ഏറെ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്ന സ്‌പേസ് പാര്‍ക്കിന്റെ കണ്‍സള്‍ട്ടന്‍സിയില്‍നിന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കാന്‍ തീരുമാനം.
ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ അന്തിമതീരുമാനം ഉണ്ടാകും. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സ്‌പേസ് പാര്‍ക്കുമായി ബന്ധപ്പെട്ട പദ്ധതിയില്‍ നിയമിച്ചതില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പി.ഡബ്ല്യു.സി) നല്‍കിയ വിശദീകരണം കഴിഞ്ഞദിവസം കേരളാ സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് തള്ളിയിരുന്നു. സ്വപ്നയെ എങ്ങനെയാണ് നിയമിച്ചതെന്നും അവരുടെ യോഗ്യതയടക്കം പരിശോധിച്ചത് എങ്ങനെയെന്നും കാണിച്ച് പി.ഡബ്ല്യു.സി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.സിക്ക് കെ.എസ്.ഐ.ടി.ഐ.എല്‍ ലീഗല്‍ നോട്ടിസും നല്‍കി.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുമായി ചര്‍ച്ച ചെയ്താണ് അന്തിമ തീരുമാനത്തിലെത്തിയതെന്ന് അറിയുന്നു. പി.ഡബ്ല്യു.സിയെ പദ്ധതിയില്‍നിന്ന് പുറത്താക്കുന്നതോടെ സ്വപ്നയെ സര്‍ക്കാരിന്റെ അറിവോടെയല്ല നിയമിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. അതേസമയം, പി.ഡബ്ല്യു.സിയെ സ്‌പേസ് പാര്‍ക്കിന്റെ കണ്‍സള്‍ട്ടന്‍സിയില്‍നിന്ന് മാത്രമായിരിക്കും ഒഴിവാക്കുക. ഇതുവരെ സര്‍ക്കാര്‍ സ്വപ്നയുടെ സേവനത്തിനായി നല്‍കിയ തുക തിരിച്ചുപിടിച്ച് മറ്റു പദ്ധതികളില്‍ സഹകരിപ്പിക്കാന്‍ തന്നെയാണ് തീരുമാനം.
സ്വപ്നയുടെ നിയമനം വിഷന്‍ ടെക്‌നോളജി എന്ന കമ്പനി വഴിയായിരുന്നുവെന്നും അവരുടെ പശ്ചാത്തലം പരിശോധിച്ചത് വിഷന്‍ ടെക്‌നോളജിയാണെന്നുമാണ് പി.ഡബ്ല്യു.സി സര്‍ക്കാരിനു നല്‍കിയിരുന്ന വിശദീകരണം.
ഇതിനായി മറ്റൊരു എച്ച്.ആര്‍ സൊല്യൂഷന്‍സ് കമ്പനിയുടെ സഹായം വിഷന്‍ ടെക്‌നോളജി തേടിയിരുന്നുവെന്നാണ് പി.ഡബ്ല്യു.സി വ്യക്തമാക്കിയത്. എച്ച്.ആര്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു ആ കമ്പനിയുടെ പേര്. പ്രതിമാസം ഒരുലക്ഷം രൂപയിലേറെ ശമ്പളം വാങ്ങുന്ന ഓപറേഷന്‍സ് മാനേജര്‍ പദവിയില്‍ സ്‌പേസ് പാര്‍ക്കില്‍ സ്വപ്നാ സുരേഷ് നിയമിക്കപ്പെട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വം പി.ഡബ്ല്യു.സിക്കാണെന്ന് സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ഐ.ടി.ഐ.എല്‍ പറയുന്നു. സ്വപ്നയുടെ പശ്ചാത്തല അന്വേഷണം നടത്തിയതും വിദ്യാഭ്യാസ യോഗ്യതകള്‍ പരിശോധിച്ചതും കണ്‍സള്‍ട്ടന്‍സി കരാറുകാരായ പി.ഡബ്ല്യു.സി മാത്രമാണ്. പി.ഡബ്ല്യു.സിക്ക് നല്‍കുന്ന കരാര്‍ തുകയില്‍ നിന്നാണ് സ്വപ്നയ്ക്ക് ശമ്പളം നല്‍കിയിരുന്നത്, സര്‍ക്കാര്‍ നേരിട്ടല്ല എന്നായിരുന്നു വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."