പത്തനംതിട്ടയില്‍ കൃഷ്ണദാസ് പക്ഷത്തെ പ്രചാരണത്തില്‍ നിന്നൊഴിവാക്കി ആര്‍.എസ്.എസ്
കൊച്ചി: പത്തനംതിട്ട മണ്ഡലത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് ജില്ലയിലെ കൃഷ്ണദാസ് പക്ഷത്തെ ഒഴിവാക്കി. മുരളീധര പക്ഷക്കാരനായ കെ. സുരേന്ദ്രന്റെ പ്രചാരണ പരിപാടി അട്ടിമറിക്കാനുള്ള സാധ്യത മുന്നില്‍കണ്ട് ആര്‍.എസ്.എസാണ് കൃഷ്ണദാസ് പക്ഷത്തിന് മേല്‍ക്കൈയുള്ള ജില്ലാ നേതൃത്വത്തെ അപ്പാടെ മാറ്റിനിര്‍ത്തിയിരിക്കുന്നത്. അതിന്റെ ഭാഗമായി മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലയില്‍ നിന്ന് കൃഷ്ണദാസിന്റെ വിശ്വസ്തന്‍ എം.എസ് കുമാറിനെ അകറ്റിനിര്‍ത്തി. പകരം ബി.ജെ.പി സംസ്ഥാന സഹസംഘടനാ സെക്രട്ടറി സുഭാഷിനാണ് പൂര്‍ണ ചുമതല.
തത്ത്വത്തില്‍ കുമാര്‍ ചുമതലയില്‍ തുടരുന്നുണ്ടെങ്കിലും സുഭാഷാണ് ആര്‍.എസ്.എസിന്റെ അജന്‍ഡ മണ്ഡലത്തില്‍ പ്രാവര്‍ത്തികമാക്കുന്നത്. ചുരുക്കത്തില്‍ ആര്‍.എസ്്.എസ് കുമാറിനെ വെറും കാഴ്ചക്കാരനാക്കി ഒതുക്കിയെന്നാണ് മുരളീധര പക്ഷം അഭിപ്രായപ്പെടുന്നത്.
ജില്ലാ പ്രസിഡന്റും പാര്‍ലമന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറുമടക്കം ജില്ലാ കമ്മിറ്റിയിലെ ബഹുഭൂരിപക്ഷം ഭാരവാഹികളും അടങ്ങുന്ന കൃഷ്ണദാസ് പക്ഷത്തെയാണ് മാറ്റിനിര്‍ത്തിയിരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ജില്ലാ നേതൃത്വത്തിന്റെ നിലപാട് കല്ലുകടി ഉണ്ടാക്കിയിരുന്നു. സ്ഥാനാര്‍ഥിപ്പട്ടികയില്‍ കെ. സുരേന്ദ്രന്‍ ഇടം പിടിച്ചതോടെ കടുത്ത എതിര്‍പ്പാണ് നേതൃത്വം ഉയര്‍ത്തിയത്.
സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള, മറ്റൊരു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് എന്നിവരില്‍ ആരെയെങ്കിലും പരിഗണിക്കണമെന്ന് സമ്മര്‍ദവും ഉണ്ടായിരുന്നു. എന്നാല്‍ ആര്‍.എസ്.എസിന്റെ ശക്തമായ ഇടപെടലോടെ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയായി. അതോടെ അനിഷ്ടം ഉള്ളിലൊതുക്കേണ്ടി വന്നു നേതൃത്വത്തിന്. എന്നാല്‍ നേതൃത്വം പാലം വലിക്കാനുള്ള സാധ്യത ആര്‍.എസ്.എസ് തള്ളിയിരുന്നില്ല. അതിനിടെ പ്രചാരണ പരിപാടികളില്‍ നിന്ന് അവര്‍ പിന്‍വലിഞ്ഞതും സംഘത്തിന്റെ ശ്രദ്ധയില്‍പെട്ടു. ഈ സാഹചര്യത്തിലാണ് കൃഷ്ണദാസ് പക്ഷത്തെ പൂര്‍ണമായും പ്രചാരണ പരിപാടികളില്‍ നിന്ന് ഒഴിവാക്കാന്‍ ആര്‍.എസ്.എസ് തായാറായത്. അതേസമയം, എം.ടി രമേശ് കഴിഞ്ഞ തവണ നേടിയ വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ശബരിമല വിഷയം ഉയര്‍ത്തി ഇത്തവണ നേടാമെന്നാണ് ആര്‍.എസ്.എസ് കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."