സ്വര്‍ണക്കടത്ത് സംഘത്തില്‍പ്പെട്ടവര്‍ കൊല്ലുമെന്ന് ഭയം
തിരുവനന്തപുരം: യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന എ.ആര്‍ ക്യാംപിലെ പൊലിസുകാരന്‍ എസ്.ആര്‍ ജയ്‌ഘോഷിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. സ്വര്‍ണക്കടത്ത് സംഘത്തില്‍പ്പെട്ടവര്‍ കൊല്ലുമെന്ന് ഭയമുള്ളതായും താന്‍ ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും ജയ്‌ഘോഷ് മൊഴി നല്‍കി. അതേസമയം ജയ്‌ഘോഷിന്റെ മൊഴി കസ്റ്റംസും രേഖപ്പെടുത്തും. ആശുപത്രി വിട്ടാലുടന്‍ മൊഴിയെടുക്കാനാണ് നീക്കം. യു.എ.ഇ കോണ്‍സുലേറ്റിലെ ഡ്രൈവറെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ജയ്‌ഘോഷിന്റെ ആത്മഹത്യാശ്രമം നാടകമാണോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. കഴിഞ്ഞ ദിവസമാണ് ജയ്‌ഘോഷിനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ കൈക്ക് മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കസ്റ്റംസിന്റെ പ്രാഥമിക പട്ടികയില്‍ ജയ്‌ഘോഷിന്റെ പേര് ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി ഉടലെടുത്ത ഇയാളുടെ തിരോധാനവും പിന്നീടുണ്ടായ ആത്മഹത്യാ ശ്രമവുമാണ് സംശയം ഇയാളിലേക്ക് നീളാന്‍ കാരണമായത്. മൂന്ന് വര്‍ഷമായി കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന ഇയാള്‍ സ്വപ്ന സുരേഷിന്റെ വിശ്വസ്തന്‍ കൂടിയായിരുന്നു എന്നാണ് വിവരം. ഐ.ടി വകുപ്പില്‍ നിയമിക്കുന്നതിന് മുന്‍പ് സ്വപ്നയെക്കുറിച്ച് ചോദിച്ചറിയാന്‍ എത്തിയ പൊലിസ് സ്‌പെഷല്‍ ബ്രാഞ്ച് സംഘവുമായി ജയ്‌ഘോഷ് സഹകരിച്ചില്ല. അന്നു മുതല്‍ സ്‌പെഷല്‍ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍.കോണ്‍സുലേറ്റിലെ മറ്റ് ജീവനക്കാര്‍ക്ക് ഇല്ലാത്ത ഭീഷണിയും ഭയവും ജയ്‌ഘോഷിന് എന്തിനാണെന്ന ചോദ്യമാണ് ഇക്കാര്യത്തില്‍ പ്രധാനമായും ഉയരുന്നത്. സ്വര്‍ണക്കടത്തുകാരില്‍ നിന്ന് വധഭീഷണി ഉണ്ടായെങ്കില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൂടിയായ ഇദ്ദേഹം പൊലിസിനെ അല്ലേ ആദ്യം അറിയിക്കേണ്ടതെന്ന ചോദ്യവും നിലനില്‍ക്കുന്നു.
ഇക്കാര്യത്തില്‍ അധികൃതരെ അറിയിക്കുകയോ പരാതി നല്‍കുയോ ജയ്‌ഘോഷ് ചെയ്തിട്ടില്ല. മൂന്ന് വര്‍ഷം മുന്‍പാണ് ജയ്‌ഘോഷ് കോണ്‍സല്‍ ജനറലിന്റെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനായത്. കോണ്‍സല്‍ ജനറല്‍ സ്ഥലത്തില്ലാത്തതിനാല്‍ പതിവായി ജോലിക്കു പോകാറില്ലായിരുന്നു. മൂന്ന് മാസം മുന്‍പ് കോണ്‍സല്‍ ജനറല്‍ യു.എ.ഇയിലേക്ക് മടങ്ങിയെങ്കിലും ജയ്‌ഘോഷ് തിരികെ എ.ആര്‍ ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. പകരം അടുത്ത ചുമതലയുള്ള അറ്റാഷെയുടെ ഒപ്പമായി. അറ്റാഷെയും സ്ഥലം വിട്ടതോടെ തനിക്ക് നേരെയും അന്വേഷണമുണ്ടാകുമെന്ന് ജയ്‌ഘോഷ് പരിഭ്രമിച്ചിരുന്നു. വധഭീഷണിയുണ്ടെന്ന ഇയാളുടെ പരാതി പൊലിസ് മുഖവിലക്കെടുത്തിട്ടില്ല. സ്വകാര്യ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞാലുടന്‍ കസ്റ്റംസ് ചോദ്യം ചെയ്യും. ഇയാളുടെ സുഹൃത്ത് മുന്‍ ഐ.ബി ഉദ്യോഗസ്ഥന്‍ നാഗരാജും കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്.സ്വര്‍ണക്കടത്തിന്റെ വാര്‍ത്തകള്‍ വന്നശേഷം തന്നെയും കുടുക്കാന്‍ ശ്രമം നടക്കുന്നതായി ഇയാള്‍ ബന്ധുക്കളോടു പറഞ്ഞിരുന്നു. സ്വര്‍ണക്കടത്ത് കണ്ടെത്തിയ ദിവസം സ്വപ്നാസുരേഷും സരിത്തുമായി ജയഘോഷ് സംസാരിച്ചെന്ന് സൂചന നല്‍കുന്ന ചില ഫോണ്‍രേഖകളും പുറത്തു വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."