ലൈഫ് ഭവന പദ്ധതി പൂര്‍ത്തീകരണത്തിന് ജനകീയ പങ്കാളിത്തവും ആവശ്യം: മന്ത്രി
തിരുവനന്തപുരം: ഭവന രഹിതര്‍ക്കു വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകളുടെ പൂര്‍ത്തീകരണത്തിനു ജനകീയ പങ്കാളിത്തം ആവശ്യമാണെന്ന് മന്ത്രി എ.കെ ബാലന്‍.
നെയ്യാറ്റിന്‍കര നഗരസഭയിലെ പി.എം.എ.വൈ ലൈഫ് ഗുണഭോക്താക്കളുടെ ആദ്യ ഗഡു ധനസഹായ വിതരണവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയില്‍നിന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും വിഹിതമായി ലഭിക്കുന്ന നാലു ലക്ഷം രൂപ കൊണ്ടു വീട് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് തടസങ്ങളുണ്ടെങ്കില്‍ സന്നദ്ധ സംഘടനകളും പ്രദേശവാസികളും ആവശ്യമായ സഹായം നല്‍കണമെന്നു മന്ത്രി പറഞ്ഞു.
വീടു നിര്‍മാണത്തിന് ആവശ്യമായ കായികമായ സഹായവും, കഴിയുമെങ്കില്‍ സാമ്പത്തിക സഹായവും നല്‍കണം. അങ്ങനെയാകുമ്പോള്‍ ആറു ലക്ഷം രൂപയോളം മതിപ്പുവരുന്ന മനോഹരമായ വീട് യാഥാര്‍ഥ്യമാക്കാം. കിടപ്പാടമില്ലാത്ത ഒരാള്‍ പോലും സംസ്ഥാനത്ത് ഉണ്ടാകാന്‍ പാടില്ലെന്ന ദൃഢനിശ്ചയത്തോടെയാണു ലൈഫ് പദ്ധതി മുന്നോട്ടു പോകുന്നതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
നഗരസഭയില്‍ ലൈഫ് പദ്ധതിപ്രകാരം വീട് നല്‍കുന്നതിനു തെരഞ്ഞെടുത്ത 2168 പേരില്‍ 1036 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. സ്വദേശാഭിമാനി ടൗണ്‍ ഹാളില്‍ നടന്ന യോഗത്തില്‍ കെ. ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷനായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍ ഹീബ, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.കെ ഷിബു, എന്‍.കെ അനന്തകുമാരി, ജി. സുകുമാരി, കെ.പി ശ്രീകണ്ഠന്‍ നായര്‍, ടി.എസ് സുനില്‍ കുമാര്‍, എം. അലിഫാത്തിമ, രാഷ്ട്രീയ കക്ഷി നേതാക്കളായ ലളിത ടീച്ചര്‍, എം. ഷിബുരാജ് കൃഷ്ണ, പി.കെ രാജ്‌മോഹനന്‍, വി.കെ അവനീന്ദ്ര കുമാര്‍, എന്‍. അയ്യപ്പന്‍ നായര്‍, ജി. സുരേഷ് തമ്പി, കൊടങ്ങാവിള വിജയകുമാര്‍, എസ്.എസ് സജി, എന്‍. സജുകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."