ലീഗ് വര്‍ഗീയത പ്രചരിപ്പിക്കുന്നെങ്കിലും ഭരണഘടനയെ അംഗീകരിക്കുന്നു: ഷാനവാസ് ഹുസൈന്‍
മലപ്പുറം: മുസ്്‌ലിംലീഗ് വര്‍ഗീയത പ്രചരിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ രാജ്യത്തിന്റെ ഭരണഘടനയെ അംഗീകരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയാണെന്നും ബി.ജെ.പി വക്താവ് ഷാനവാസ് ഹുസൈന്‍. ലീഗ് രാജ്യത്തിന്റെ ഒരു പ്രത്യേക പ്രദേശത്ത് മാത്രമാണുള്ളതെന്നും മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
പാക്കിസ്താന്റെ കൊടിയാണ് ലീഗിന്റെ പച്ചക്കൊടിയെന്ന അഭിപ്രായമില്ല. എന്നാല്‍ പാക്കിസ്താന്‍ പതാകയോട് ചില സാദൃശ്യങ്ങളുണ്ട്. കോണ്‍ഗ്രസ് തന്നെ ലീഗ് കൊടി വേണ്ടന്ന നിലപാടിലാണ്.
ലീഗിന്റെ ആശയം, കൊടി, വിചാരം എന്നിവ ബി.ജെ.പി അംഗീകരിക്കുന്നില്ല. ഇന്ത്യാവിഭജനത്തിന് ഉത്തരവാദി ലീഗാണ്. ലീഗിനെപ്പോലുള്ള വര്‍ഗീയ കക്ഷികളുമായാണ് കോണ്‍ഗ്രസിന്റെ കൂട്ട്. ലീഗിന്റെ ആശയങ്ങള്‍ വര്‍ഗീയത വളര്‍ത്താന്‍ സഹായകമാവും. മുസ്്‌ലിംലീഗിന്റെ പ്രത്യയശാസ്ത്രത്തെയാണ് യോഗി ആദിത്യനാഥ് എതിര്‍ത്തത്. മോദി വീണ്ടും പ്രധാനമന്ത്രിയാവണമെന്ന് പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത് സ്‌നേഹം കൊണ്ടല്ല. മോദിയെ തോല്‍പിക്കാന്‍ ശ്രമിക്കുന്നവരാകും അതിനു പിന്നില്‍.
ഇമ്രാന്‍ ഖാന്റെ സൗജന്യമല്ല, ഇന്ത്യയുടെ ആവശ്യമാണ് മോദി ജയിക്കേണ്ടത്. ബീഹാറിലെ ന്യൂനപക്ഷ പ്രദേശമായ കിഷന്‍കഞ്ചില്‍ നിന്ന് താന്‍ ജയിച്ചപോലെ മലപ്പുറത്ത് ബി.ജെ.പി ജയിക്കും. അമേഠിയില്‍ പേടിയുള്ളതുകൊണ്ടാണ് ന്യൂനപക്ഷ സീറ്റായ വയനാട്ടിലേക്ക് രാഹുല്‍ എത്തിയത്. മലപ്പുറത്തോ വയനാട്ടിലോ വച്ചു രാഹുലുമായി സംവാദത്തിനു തയാറാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."