അഴിമതി പുറത്ത് കൊണ്ടുവന്നതിന്റെ പകയാണ് സിപിഎമ്മിന് രമേശ് ചെന്നിത്തലയോട്: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സമീപകാലത്ത് സ്പ്രിംഗ്ലര്‍, ബെവ്‌കോ, ഇ മൊബിലിറ്റി അഴിമതികള്‍ പുറത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് സി.പി.എമ്മിന് പകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
അഴിമതിയിലും സ്വര്‍ണക്കടത്ത് കേസിലും മുഖം നഷ്ടപ്പെട്ട പിണറായി സര്‍ക്കാരിന്റെ ദയനീയാവസ്ഥയില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനുള്ള വില കുറഞ്ഞ തന്ത്രത്തിന്റെ ഭാഗമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേയുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥി ജീവിതകാലം മുതല്‍ കോണ്‍ഗ്രസിന്റെ മതേതര ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തലയ്ക്ക് എ.കെ.ജി സെന്ററില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ എല്ലാകാലത്തും ഉറച്ച നിലപാട് സ്വീകരിച്ച ഇന്ത്യയിലെ ഏക രാഷ്ട്രീയ പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണെന്ന യാഥാര്‍ഥ്യം കോടിയേരി മറക്കരുതെന്നും ഉമ്മന്‍ ചാണ്ടി വിമര്‍ശിച്ചു.
അഴിമതികള്‍ പുറത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവിനോടുള്ള സി.പി.എമ്മിന്റെ പക മനസിലാക്കാവുന്നതേയുള്ളു. വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനെ പരിഹസിച്ചു പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ തന്ത്രവും ജനങ്ങള്‍ക്കു മനസിലാകുമെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."