അമിത്ഷായെ തിരുത്തി ബി.ജെ.പി
അഹ്മദാബാദ്: തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം രാമക്ഷേത്ര വിഷയവുമായി രംഗത്തെത്തുന്ന ബി.ജെ.പി ഇത്തവണയും പതിവു തെറ്റിച്ചില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് രാമക്ഷേത്രമുണ്ടാക്കുമെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍, തൊട്ടു പിന്നാലെ തന്നെ വാര്‍ത്ത നിഷേധിച്ച് ബി.ജെ.പി രംഗത്തെത്തിയതു ജനങ്ങളില്‍ കൗതുകവും പാര്‍ട്ടി അണികളില്‍ അങ്കലാപ്പുമുണ്ടാക്കി.
ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു ക്ഷേത്രനിര്‍മാണത്തെ കുറിച്ച് അമിത്ഷാ സംസാരിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അമിത്ഷാ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് അംഗമായ പെരാല ശേഖര്ജിയാണ് ഇക്കാര്യം മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. തെലങ്കാന നിയമസഭാ തെരഞ്ഞടുപ്പിനു മുന്നോടിയായാണ് അമിത്ഷാ ഹൈദരാബാദിലെത്തിയത്. ഇവിടെ പ്രയോഗിക്കേണ്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ചും അദ്ദേഹം നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍, ഇതിനു പിന്നാലെ അമിത്ഷായുടെ വാക്കുകള്‍ നിഷേധിച്ച് ബി.ജെ.പി രംഗത്തെത്തുകയായിരുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച് ബി.ജെ.പി വ്യക്തത വരുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്പ് രാമക്ഷേത്ര നിര്‍മാണത്തിനുള്ള നടപടികളെടുക്കുമെന്ന് അമിത്ഷാ എവിടെയും പറഞ്ഞിട്ടില്ലെന്നായിരുന്നു ട്വീറ്റ്. ഒരുകൂട്ടം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതുപോലെ തെലങ്കാനയിലെ ബി.ജെ.പി നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ അമിത്ഷാ അയോധ്യാ വിഷയം സംസാരിച്ചിട്ടില്ലെന്നും അത്തരമൊരു വിഷയം യോഗഅജന്ഡയില് പോലും ഇല്ലായിരുന്നെന്നും പാര്‍ട്ടി വ്യക്തമാക്കി.
രാമക്ഷേത്ര നിര്‍മാണം തെരഞ്ഞെടുപ്പിനുമുന്പ് ആരംഭിക്കുമെന്ന് അടുത്തിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."