രശ്മി കൊലക്കേസ്: വിവാദങ്ങള്‍ക്കില്ലെന്ന് രശ്മിയുടെ പിതാവ്
കൊല്ലം: രശ്മി കൊലക്കേസില്‍ സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ വെറുതെവിട്ട ഹൈക്കോടതി വിധിയില്‍ കൂടുതല്‍ പ്രതികരിക്കാതെ രശ്മിയുടെ പിതാവ്. എല്ലാം ദൈവം കാണുന്നുണ്ടെന്നും വിധിയില്‍ സര്‍ക്കാരും കോടതിയും തീരുമാനിക്കട്ടെയെന്നും പിതാവ് രാമന്‍കുളങ്ങര വനിതാ ഐ.ടി.ഐക്ക് സമീപം പൊയിലക്കട വീട്ടില്‍ പരമേശ്വരന്‍പിള്ള പറഞ്ഞു. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതലെന്തെങ്കിലും പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവും മാതാവ് രാജമ്മാളിന് മൂന്ന് വര്‍ഷം കഠിനതടവുമാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ വിധിച്ചിരുന്നത്. കേസിലെ അപ്പീലിലാണ് ഇപ്പോഴത്തെ വിധി. 2006 ഫെബ്രുവരി നാലിനാണ് രശ്മിയെ മരിച്ച നിലയില്‍ ബിജുവിന്റെ കുളക്കടയിലുള്ള വീട്ടില്‍ കണ്ടെത്തിയത്. കുളക്കടയില്‍ ബി.എഡിന് പഠിക്കാന്‍ വന്ന രശ്മി ബിജുവിന്റെ അമ്മ രാജമ്മാളിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്നു. ഡല്‍ഹിയില്‍ പഠിക്കാന്‍ പോയിരുന്ന ബിജു വീട്ടില്‍ വരുമ്പോഴൊക്കെ രശ്മിയെ കാണാറുണ്ടായിരുന്നു. അത് പ്രണയത്തില്‍ കലാശിച്ചു. രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ പോകുന്നതിന്റെ അന്ന് പരമേശ്വരന്‍ പിള്ള വിവരം അറിഞ്ഞ് മകളെ കൂട്ടിക്കൊണ്ടുപോയി. പക്ഷേ, ബിജു രശ്മിയുമായുള്ള ബന്ധം തുടര്‍ന്നു.ഇതിനിടെ ബിജു ഒരു ധനകാര്യ സ്ഥാപനത്തില്‍ മാനേജരായി ജോലി നേടി. ഈ സ്ഥാപനത്തിന്റെ കോഴഞ്ചേരി ബ്രാഞ്ചില്‍ സരിത ഉദ്യോഗസ്ഥയായിരുന്നു. കമ്പനി യോഗങ്ങളില്‍ വച്ചുള്ള സൗഹൃദം വളര്‍ന്നു. സ്ഥാപനത്തിലെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് സരിതക്ക് നേരെ അരോപണം ഉയര്‍ന്നപ്പോള്‍ സഹായിക്കാനെത്തിയത് ബിജുവായിരുന്നു. അതോടെ രണ്ട് പേര്‍ക്കും ജോലി പോയി. സരിതയുമായുള്ള ബിജുവിന്റെ അവിഹിത ബന്ധവും രാജമ്മാളിന്റെ പീഡനം കൂടിയായപ്പോള്‍ നിവൃത്തിയില്ലാതെ രശ്മി തിരുമുല്ലവരത്തെ വീട്ടിലേക്ക് മടങ്ങി. തട്ടിപ്പിനിരയായ ജോസഫ് എന്നൊരാള്‍ ബിജുവിനെ തന്ത്രപൂര്‍വം വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ടിരുന്നു. ഭാര്യയുടെ ചെക്ക് തന്നാല്‍ വിടാമെന്ന് ജോസഫ് വ്യവസ്ഥ വച്ചു. പിണങ്ങിപ്പോയ രശ്മിയെ അനുനയിപ്പിച്ച് കൊണ്ടുവന്ന് ചെക്ക് കൊടുപ്പിച്ചു. തുടര്‍ന്ന് ബിജു രശ്മിയെ അരുംകൊല ചെയ്‌തെന്നാണ് കേസ്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.ജി സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ രശ്മിയുടെ മരണകാരണം കൊലപാതകമാണെന്ന് കണ്ടെത്തി. 2013 ജൂണ്‍ 16ന് കോയമ്പത്തൂരില്‍ വച്ചാണ് ക്രൈംബ്രാഞ്ച് സംഘം ബിജുവിനെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."