സ്‌കൂള്‍ തുറക്കല്‍: സാധ്യത പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി നീണ്ടുപോകുന്ന പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകളും വെല്ലുവിളികളും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
സെപ്റ്റംബറിലോ, ഒക്ടോബറിലോ, നവംബറിലോ സ്‌കൂള്‍ തുറക്കാന്‍ കഴിഞ്ഞാല്‍ അധ്യയനവര്‍ഷം എങ്ങനെ ആസൂത്രണം ചെയ്യാമെന്നതായിരിക്കും റിപ്പോര്‍ട്ടിലെ പ്രധാന ഉള്ളടക്കം.
മാര്‍ച്ചിനു പകരം മെയ് വരെ അധ്യയനവര്‍ഷം നീട്ടുന്നതും പരീക്ഷകള്‍ പുനഃക്രമീകരിക്കുന്നതും ഉള്‍പ്പെടെയുള്ള സാധ്യതകളും ഇതിന്റെ പ്രായോഗികതയും പരിശോധിക്കാനാണു നിര്‍ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം മന്ത്രി സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. സെപ്റ്റംബറില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിഞ്ഞേക്കുമെന്നായിരുന്നു നേരത്തേയുള്ള കണക്കുകൂട്ടല്‍. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആ സാധ്യത കുറഞ്ഞു. ഡിജിറ്റല്‍ അധ്യയനപരിപാടി ഫലപ്രദമായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും ഇതിന്റെ അടിസ്ഥാനത്തില്‍ ഓണപ്പരീക്ഷ നടത്തേണ്ടതില്ലെന്നാണ് ഇപ്പോഴുള്ള ധാരണ.
സിലബസ് ചുരുക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ഉള്‍പ്പെടെ വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യം പിന്നീട് പരിശോധിക്കാമെന്നാണു വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്. കരിക്കുലം കമ്മിറ്റി യോഗവും അനിശ്ചിതമായി നീട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."