സെക്രട്ടേറിയറ്റിലെ ചുവപ്പുനാടയഴിക്കാന്‍ ആക്ഷന്‍ പ്ലാന്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളുടെ ചുവപ്പുനാടയഴിക്കാന്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട പൊതുമാനദണ്ഡം ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് പുറപ്പെടുവിക്കും. ഓരോ വകുപ്പും അതിനനുയോജ്യമായ നടപടികള്‍ സ്വീകരിക്കണം. 'വര്‍ക്ക് ഫ്രം ഹോം' നടപ്പാക്കുമ്പോള്‍ കുടിശ്ശിക ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് മുന്‍ഗണന നല്‍കണം. ഇന്നലെ ഫയല്‍ തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
കൊവിഡ് സാഹചര്യത്തില്‍ 'വര്‍ക്ക് ഫ്രം ഹോം' ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. വരുന്ന ജീവനക്കാരെക്കൊണ്ട് ഓഫിസ് പ്രവര്‍ത്തനം സുഗമമാക്കണം. ആളില്ലാത്തതുകൊണ്ട് പ്രവര്‍ത്തനം തടസപ്പെടരുത്. കൊവിഡ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകരുത്. ആവശ്യമായ യോഗങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സു വഴി ചേരണം. കോടതി കേസുകളില്‍ സര്‍ക്കാരിനു പ്രതിരോധിക്കാനാവശ്യമായ വിശദാംശങ്ങള്‍ സമയാസമയം നല്‍കണം. പന്ത്രണ്ടിന പരിപാടി, സുഭിക്ഷ കേരളം, പദ്ധതി നടത്തിപ്പ് എന്നിവ മുന്‍ഗണനാക്രമത്തില്‍ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കെട്ടിക്കിടക്കുന്ന ഫയലുകള്‍ അതത് വകുപ്പ് സെക്രട്ടറിമാര്‍ രണ്ടാഴ്ചയിലൊരിക്കല്‍ അവലോകനം ചെയ്ത് തീര്‍പ്പാക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രാധാന്യമുള്‍പ്പെടെയുള്ള ഏതാണ്ട് 1,52,000 ഫയലുകളാണ് സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളില്‍ കെട്ടി കിടക്കുന്നത്. മുഖ്യമന്ത്രിയുടെ വകുപ്പിലാണ് ഏറ്റവും കൂടുതല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."