തൊടുപുഴ ഗവ. എച്ച്.എസ്.എസ് മുഖം മിനുക്കുന്നു; രണ്ടു കോടിയുടെ വികസനപദ്ധതികള്‍ പൂര്‍ത്തിയാകുന്നു
തൊടുപുഴ: തൊടുപുഴയുടെ തിലകക്കുറിയായ ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള് മുഖം മിനുക്കുന്നു. രണ്ടു കോടി രൂപയുടെ വികസനപദ്ധതികളാണ് ഇവിടെ പൂര്‍ത്തിയായി വരുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ പുതിയ ബ്ലോക്ക് പെയിന്റിങ് ജോലിയടക്കം അവസാന ഘട്ടത്തിലാണ്. മിനി ഓഡിറ്റോറിയവും ഇന്‍ഡോര്‍ സ്റ്റേഡിയവുമൊക്കെയായി വേറെയും നിര്‍മാണങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. ഹയര്‍ സെക്കന്‍ഡറി ബ്ലോക്കില്‍ വൈദ്യുതീകരണ ജോലികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. പുതിയ അധ്യയനവര്‍ഷാരംഭം തന്നെ ഉദ്ഘാടനത്തിന് സജ്ജമാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
പല ഘട്ടങ്ങളായി കെട്ടിടങ്ങള്‍ നിര്‍മിച്ചിരുന്നെങ്കിലും ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിച്ച ശേഷം സ്ഥലപരിമതി അലട്ടിയിരുന്നു. ഇതിന് പരിഹാരമായി ഒടുവില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ട്രേറ്റില്‍ നിന്ന് കെട്ടിട-അടിസ്ഥാന സൗകര്യ വികസനത്തിന് ഒന്നര കോടി അനുവദിക്കുകയായിരുന്നു. മൂന്നു നിലകളാണ് പുതിയ ബ്ലോക്കിലുള്ളത്. ഹയര്‍ സെക്കന്‍ഡറി ക്ലാസ് നടത്തുന്നതിന് നിഷ്കര്‍ഷിച്ചിട്ടുള്ള എല്ലാ ആധുനീക സൗകര്യങ്ങളുമുള്ള പുതിയ ബ്ലോക്കില്‍ ആറ് ക്ലാസ് മുറികളാണുള്ളത്. ഇതിനു പുറമെ ലാബും അനുബന്ധ സൗകര്യങ്ങളും. ഇതു കൂടാതെ 13 ക്ലാസുകളാണ് ഹയര്‍ സെക്കന്‍ഡറിയില്‍ നിലവിലുള്ളത്.
400 പേര്‍ക്കിരിക്കാവുന്ന മിനി ഓഡിറ്റോറിയമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. നിരവധി സാംസ്കാരിക പരിപാടികള്‍ സ്കൂളില്‍ നടക്കാറുണ്ടെങ്കിലും സ്ഥലപരിമിതി പ്രശ്നമായിരുന്നു. ഇതിനെല്ലാം ഇപ്പോള്‍ പരിഹാരമാവുകയാണ്. ഇതിനു പുറമെ സ്കൂള്‍ മുറ്റവും പരിസരവും തറയോട് പാകുകയുമാണ്. തറയോട് വിരിക്കുന്നതിന് തൊടുപുഴ നഗരസഭയാണ് 13 ലക്ഷം രൂപ അനുവദിച്ചത്. ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണത്തിന് അഡ്വ. ജോയ്സ് ജോര്‍ജ് എം.പി 10 ലക്ഷം രൂപയും തൊടുപുഴ നഗരസഭ ഏഴ് ലക്ഷവും അനുവദിച്ചിരുന്നു. കളിസ്ഥലമായിരുന്നു സ്കൂളധികൃതരെ ഏറെ അലട്ടിയിരുന്ന മറ്റൊരു പ്രശ്നം. ആധുനിക സൗകര്യത്തോട് കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയമാണ് നിര്‍മിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറിയില്‍ സയന്‍സ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ അഞ്ചു ബാച്ചുകളിലായി 600 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. എല്ലായ്പോഴും മികച്ച വിജയവുമുണ്ട്. തൊടുപുഴയിലേയും പരിസര പ്രദേശങ്ങളിലേയും സാധാരണക്കാരുടെ മക്കള്‍ക്ക് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വിദ്യാഭ്യാസം നടത്തുന്നതിനുള്ള സൗകര്യമാണ് പൂര്‍ത്തിയാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."