കാന്‍ഡിഡേറ്റ് ലോഗിന്‍: പ്ലസ് വണ്‍ അപേക്ഷകരെ വട്ടംകറക്കി വിദ്യാഭ്യാസ വകുപ്പ്
തൃക്കരിപ്പൂര്‍: കാന്‍ഡിഡേറ്റ് ലോഗിന്റെ പേരില്‍ പ്ലസ് വണ്‍ അപേക്ഷകരായ വിദ്യാര്‍ഥികളെ വട്ടംകറക്കി വിദ്യാഭ്യാസ വകുപ്പ്. നേരത്തെ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് ഒ.ടി.പി സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പകരമാണ് വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കാനുളള സംവിധാനവുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തുവന്നത്. നേരത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയവര്‍ വീണ്ടും ഒ.ടി.പി സഹായത്തോടെ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യണമെന്നാണ് കഴിഞ്ഞ ദിവസം പൊതു വിദ്യാഭ്യാസ ഡയരക്ടറുടെ സര്‍ക്കുലര്‍. ഇത് പ്രകാരം പ്ലസ് വണ്‍ അപേക്ഷക്കുളള വെബ്‌സൈറ്റില്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ആദ്യ സര്‍ക്കുലര്‍ പ്രകാരം ഈ മാസം 15 വരെയാണ് പ്ലസ് വണിന് അപേക്ഷിക്കാനുളള അവസരം. കഴിഞ്ഞ ദിവസം ഓഗസ്റ്റ് 20വരെയാക്കി നീട്ടിയെങ്കിലും ഭൂരിഭാഗം വിദ്യാര്‍ഥികളും അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞതാണ്.
കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യണമെന്ന പുതിയ സര്‍ക്കുലര്‍ വന്നതോടെ അപേക്ഷ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും അക്ഷയ കേന്ദ്രങ്ങളിലേക്കും സ്‌കൂളുകളിലേക്കും വീണ്ടും എത്തേണ്ട അവസ്ഥയിലായി. മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന്‍ നടത്താതെ തന്നെ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായതിനാല്‍ നേരത്തെ അപേക്ഷക്കൊപ്പം നല്‍കിയ മൊബൈല്‍ നമ്പര്‍ ഏതെങ്കിലും കാരണവശാല്‍ തെറ്റായി നല്‍കിയാല്‍ ഇപ്പോള്‍ ഒ.ടി.പി ലഭിക്കില്ല. അപ്പോള്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യാനും ബുദ്ധിമുട്ടാകും.
നേരത്തെ കൊടുത്ത മൊബൈല്‍ നമ്പര്‍ തെറ്റിപ്പോയിട്ടുണ്ടെങ്കില്‍ ഒ.ടി.പി ലഭിക്കാന്‍ വേറെ മാര്‍ഗമുണ്ടോയെന്ന് തിരുവനന്തപുരം ഐ.സി.ടി സെല്ലില്‍ അന്വേഷിച്ചപ്പോള്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ നിലവില്‍ സംവിധാനമില്ലെന്നും അതിന് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് മറുപടി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."