ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് സര്‍ക്കാരിന് നൂറുകോടി ലാഭം
മലപ്പുറം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നതോടെ സംസ്ഥാന സര്‍ക്കാരിന് നൂറുകോടി ലാഭമുണ്ടാകും. ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് പ്രതിമാസം 300 രൂപ ജീവനക്കാരില്‍നിന്ന് ഈടാക്കിയാണ് ഇന്‍ഷുറന്‍സ് നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രീമിയം തുക പൂര്‍ണമായും ഒരു വര്‍ഷത്തേക്ക് 3600 രൂപ വീതം അടക്കുന്നതു വഴി ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ സംരക്ഷണ പദ്ധതിയില്‍നിന്നും സര്‍ക്കാരിന്റെ പിന്‍മാറ്റം പൂര്‍ണമാവും. ജീവനക്കാരുടെ മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ് ഇനത്തില്‍ 70 കോടി, പലിശരഹിത ചികിത്സാ വായ്പ പദ്ധതി 10 കോടി, പെന്‍ഷന്‍കാര്‍ക്കുള്ള മെഡിക്കല്‍ അലവന്‍സ് 150 കോടി എന്നിങ്ങനെ 230 കോടി രൂപ സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെക്കാറുണ്ട്.
പെന്‍ഷന്‍കാരുടെ മെഡിക്കല്‍ അലവന്‍സില്‍നിന്നും ജീവനക്കാരുടെ ശമ്പളത്തില്‍നിന്നും തുക ഈടാക്കിയാണ് പുതിയ രീതി പ്രകാരം ഇന്‍ഷുറന്‍സ് കമ്പനിക്കു പ്രീമിയം നല്‍കുക. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാകുന്നതോടെ ഈ രണ്ടുബാധ്യതകളും സര്‍ക്കാരിന് ഇല്ലാതാകും. ജീവനക്കാരുടെ മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ് വകയില്‍ 71.94 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ചെലവിട്ടത്.
സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ എന്നിങ്ങനെ അഞ്ചുലക്ഷത്തോളം ആളുകളാണ് ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താനായുള്ളത്. ഇവരില്‍നിന്ന് പ്രതിമാസം 300 രൂപ ഈടാക്കിയാല്‍ ഒരോ വര്‍ഷവും 180 കോടി രൂപയാണ് സര്‍ക്കാരിനു ലഭിക്കുക. വിരമിച്ച അഞ്ചുലക്ഷത്തോളംപേര്‍ക്ക് നല്‍കുന്ന 300 രൂപ അലവന്‍സ് ഇന്‍ഷുറന്‍സ് പ്രീമിയമാക്കുന്നതോടെ ഇതിന്റെ നേട്ടവും സര്‍ക്കാരിന് ലഭിക്കും. ഇങ്ങനെയെങ്കില്‍ നൂറുകോടിയോളം രൂപയുടെ ലാഭമാണ് സര്‍ക്കാരിന് ലഭിക്കുക.
അതേസമയം, ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം തീരുമാനിച്ചത് കൃത്യമായ പഠനങ്ങളില്ലാതെയാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് സ്‌കീമില്‍ ജീവനക്കാരനോടൊപ്പം ആരെയെല്ലാം ഉള്‍പ്പെടുത്തുമെന്നും ഏതെല്ലാം ആശുപത്രികള്‍ സ്‌കീമിലുണ്ടെന്നും തീരുമാനമായിട്ടില്ല. തെലങ്കാന ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ സൗജന്യമായാണ് ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."