കക്കൂസ് ടാങ്കിനുള്ളില്‍ സൂക്ഷിച്ചിരുന്ന വാഷ് പിടികൂടി
എരുമപ്പെട്ടി: എരുമപ്പെട്ടി കുട്ടഞ്ചേരിയില്‍ ഉപയോഗിക്കുന്ന കക്കൂസ് ടാങ്കിനുള്ളില്‍ ചാരായം വാറ്റാന്‍ സൂക്ഷിച്ചിരുന്ന വാഷ് പൊലിസ് പിടികൂടി. ഭരണച്ചിറക്ക് സമീപം താമസിക്കുന്ന ഓലിശ്ശേരിപറമ്പില് സുബ്രഹ്മണ്യന്റെ വീട്ടിലെ കക്കൂസ് ടാങ്കിനുള്ളില്‍ നിന്നാണ് 50 ലിറ്റര്‍ വാഷ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എരുമപ്പെട്ടി എസ്.ഐ വനില്‍കുമാര്‍, അഡീഷ്ണല്‍ എസ്.ഐ എ.എ തങ്കച്ചന് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക്ക് കുടത്തിലും ഇരുമ്പ് ടിന്നിലും നിറച്ച വാഷ് കണ്ടെത്തിയത്. കക്കൂസ് ടാങ്കിന്റെ ഒരു വശം തകര്‍ത്താണ് അതിനുള്ളില്‍ വാഷ് ഒളിപ്പിച്ച് വെച്ചിരുന്നത്. പൊലിസ് പരിശോധന നടത്തുന്നതിനിടയില്‍ പ്രതിയായ സുബ്രഹ്മണ്യന് ഓടി രക്ഷപ്പെട്ടു.
ഇയാള്‍ സ്ഥിരമായി ചാരായം വാറ്റി വില്‍പ്പന നടത്തുന്നയാളാണെന്ന് നാട്ടുകാര്‍ പറയുന്നു. പൊലിസ് ഓഫീസര്‍മാരായ സുധാകരന്, സഞ്ജയ് എന്നിവരും പരിശോധനയില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."