പെണ്‍കൂട്ടായ്മയില്‍ നിറഞ്ഞൊഴുകുന്നത് വറ്റാത്ത നീരുറവ
മലയിന്‍കീഴ്: കൊടുംവരള്‍ച്ചയില്‍ നാടിനു തുണയായി പെണ്‍കൂട്ടായ്മയില്‍ പിറവി കൊണ്ടത് വാറ്റാത്ത നീറുറവ. വിളപ്പില്‍ പഞ്ചായത്തില്‍ നൂലിയോട്ട് സ്ത്രീകളുടെ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 'സേവ' എന്ന സംഘടനയാണ് കുളം പരിപാലിച്ച് മാതൃകയാകുന്നത്. സേവയുടെ പ്രവര്‍ത്തനം ഇങ്ങനെയാണ്;
1995ല്‍ തങ്ങളുടെ കെട്ടിട സമുച്ചയം പ്രകൃതിക്ക് ഇണങ്ങും വിധം നിര്‍മിക്കാന്‍ പ്രശസ്ത വാസ്തുശില്‍പ്പി ലാറി ബക്കറെ സമീപിക്കുന്നു. കെട്ടിട സമുച്ചയം പ്രകൃതി സൗഹൃദമാകണമെന്ന സേവാ ഭാരവാഹികളുടെ ആവശ്യം ബക്കര്‍ക്കും ഇഷ്ടമായി. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഭൂപ്രദേശത്ത് ഒരു പാറ പോലും പൊട്ടിക്കാതെ, മരങ്ങള്‍ മുറിക്കാതെ കെട്ടിടനിര്‍മാണം ആരംഭിച്ചു. മണ്‍കട്ടയില്‍ 'റ' മോഡലില്‍ നാലോളം കെട്ടിടങ്ങള്‍ നൂലിയോട്ടെ ഒന്നര ഏക്കറില്‍ ലാറി ബക്കര്‍ സേവയ്ക്ക് നിര്‍മിച്ചുനല്‍കുകയായിരുന്നു.
കെട്ടിടനിര്‍മാണം ആരംഭിച്ചപ്പോള്‍ പ്രവേശനഭാഗത്ത് 50 വര്‍ഷത്തോളം പഴക്കമുള്ള വലിയൊരു പാറക്കുളം ഉണ്ടായിരുന്നു. വൈദേശിക രൂപഭംഗിയില്‍ നിര്‍മിക്കുന്ന സേവാ മന്ദിരത്തിന്റെ പ്രൗഢിക്ക് കുളം തടസമാകുമെന്ന് പലരും പറഞ്ഞെങ്കിലും അത് നികത്താന്‍ സേവാ ഭാരവാഹികളും ബക്കറും തയാറായില്ല. പകരം കെട്ടിടങ്ങളുടെ മുകള്‍പ്പരപ്പില്‍ വീഴുന്ന മഴത്തുള്ളികള്‍ നീര്‍ച്ചാലുകള്‍ വഴി പാറക്കുളത്തില്‍ എത്തിക്കാനുള്ള സംവിധാനമുണ്ടാക്കുകയായിരുന്നു. പാറക്കുളത്തിലെ വെള്ളം പമ്പ് ചെയ്ത് ഫില്‍ട്ടറിങ് യൂനിറ്റിലെത്തിച്ച് ശുദ്ധീകരിച്ച് കുടിനീരാക്കുവാനും സംവിധാനമൊരുക്കി.
എന്നാല്‍ ഇന്നു നാട്ടുകാര്‍ക്ക് അത്ഭുതമാണ് ഈ നീരുറവ. നാടും നഗരവും കുടിവെള്ളമില്ലാതെ നെട്ടോട്ടമോടുമ്പോള്‍ നൂലിയോട്ട് പ്രദേശത്തുകാര്‍ക്ക് അനുഗ്രഹം കൂടിയാണ് ഈ നീരുറവ. ഇപ്പോഴും പ്രദേശവാസികള്‍ ജലക്ഷാമത്തെ അതിജീവിക്കാന്‍ ആശ്രയിക്കുന്നത് പ്രകൃതിയുടെ ഈ വരദാനത്തെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."