നവകേരളാ മിഷന് അനുയോജ്യമായ പദ്ധതികള്‍ നടപ്പിലാക്കുമെന്ന്
പാലക്കാട്: ഈ സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ നവകേരളാ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ക്കാണ് ജില്ലാ പഞ്ചായത്ത് പ്രാധാന്യം നല്‍കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി പറഞ്ഞു. 13ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വരുന്ന സാമ്പത്തികവര്‍ഷത്തെ പദ്ധതി ആവിഷ്‌കരണത്തെക്കുറിച്ച് നടന്ന ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
നവകേരളാ മിഷന്‍ പൂര്‍ണമായും നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ആവശ്യമാണ്. വരും വര്‍ഷം ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കാനാണ് ജില്ലാ പഞ്ചായത്ത് ആലോചിക്കുന്നത്. രൂക്ഷമായ വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ കാര്‍ഷിക മേഖല വെല്ലുവിളി നേരിടുന്നുണ്ട്. വരള്‍ച്ച മറികടന്ന് കൃഷി മെച്ചപ്പെടുത്താന്‍ ആസൂത്രിതമായ പദ്ധതികളാണ് ആലോചനയിലുള്ളത്.
ജില്ലയിലെ പ്രധാന ജലസ്രോതസ്സായ ഭാരതപ്പുഴയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടമെന്നോണം വിദഗ്ധ സംഘത്തെക്കൊണ്ട് ശാസ്ത്രീയ പഠനം നടത്തും. മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ശാസ്ത്രീയ പദ്ധതികള്‍ നടപ്പാക്കും.
ഡെങ്കി ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും. എം.ആര്‍.ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള ആധുനിക ചികിത്സാ ഉപകരണങ്ങള്‍ വരും വര്‍ഷത്തില്‍ ജില്ലാ ആശുപത്രിയിലെത്തിക്കും.
പൊതുവിദ്യാഭ്യാസം സംരക്ഷണത്തിന് നിലവില്‍ നല്‍കുന്ന പ്രാധാന്യം തുടരും. സ്‌കൂളുകളില്‍ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കും, സ്‌കൂള്‍ ലൈബ്രറികള്‍ക്ക് കൂടുതല്‍ പുസ്തകങ്ങള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ഥികളെ കണ്ടെത്തി ഉപരിപഠനത്തിന് സാമ്പത്തിക സഹായം നല്‍കും.
പാലക്കാടിനെ സ്ത്രീ സൗഹൃദ ജില്ലയാക്കി മാറ്റുന്നതിന് ഭൂരഹിതരായ കുടുംബങ്ങളെ കണ്ടെത്തി കുടുംബത്തിലെ സ്ത്രീയുടെ പേരില്‍ സ്ഥലം അനുവദിക്കും.
സ്ത്രീ സുരക്ഷയുടെ ഭാഗമായി തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് ഷീ ടാക്‌സികള്‍ വാങ്ങുന്നതിനായി കൂടുതല്‍ തുക അനുവദിക്കും.
ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും വയോജനങ്ങള്‍ക്ക് പകല്‍സമയം ചെലവിടാന്‍ സ്‌നേഹവീടുകള്‍ നിര്‍മിക്കും.
പട്ടിണിയില്ലാത്ത അട്ടപ്പാടിക്കായി ആദിവാസികളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതികള്‍ നടപ്പാക്കും.
വരും വര്‍ഷം റോഡ് വികസനത്തിനായി 23 കോടി രൂപ നീക്കിവെച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന ഗ്രാമസഭയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ് അധ്യക്ഷനായി.
ജില്ലയിലെ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."