കയര്‍ ഭൂവസ്ത്രം: പദ്ധതി അട്ടിമറിക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍
കണ്ണൂര്‍: സംസ്ഥാനത്ത് കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിനായി സംസ്ഥാനസര്‍ക്കാര്‍ നയപരമായി തീരുമാനിച്ചുവെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിമുഖത പദ്ധതിയുടെ ഗതിവേഗത്തെ ബാധിക്കുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തോടുകള്‍,പുഴയോരങ്ങള്‍, മറ്റു നിര്‍മാണ പ്രവൃത്തികള്‍ എന്നിവയില്‍ കയര്‍ഭൂവസ്ത്രമായി ഉപയോഗിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് തുടക്കത്തിലെ അട്ടിമറിക്കപ്പെടുന്നത്.
ആലപ്പുഴയില്‍ കയര്‍ഫെഡ് മികച്ച രീതിയില്‍ നടത്തിവരുന്ന ഈ പദ്ധതി വിദേശരാജ്യങ്ങളില്‍ പരീക്ഷിച്ചുവിജയിച്ചതാണ്. ധനമന്ത്രി തോമസ് ഐസക് ഇതിന്റെ പ്രചാരണം നടത്തിവരികയും സര്‍ക്കാരിന്റെ മുഖ്യപരിപാടികളിലൊന്നായി ഇതുമാറ്റുകയും ചെയ്തിട്ടുണ്ട്.
അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുന്ന കയര്‍മേഖലയെ താങ്ങിനിര്‍ത്താന്‍ പദ്ധതിക്കാവുമെന്നാണ് വിലയിരുത്തുന്നത്. ഒരു സ്‌ക്വയര്‍ഫീറ്റിന് 72 രൂപ നിരക്കിലാണ് കയര്‍ഭൂവസ്ത്രമായി കയര്‍ഫെഡ് വിരിച്ചുകൊടുക്കുന്നത്. ഇന്‍ഡ്യന്‍ ആര്‍മി ക്യാംപുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇതു തന്നെയാണ്. കയര്‍ഫെഡിനെ കൂടാതെ സ്വകാര്യ ഏജന്‍സികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ തൊണ്ടിന്റെ ലഭ്യതക്കുറവും ഇവ സംസ്‌കരിച്ചെടുക്കാനുള്ള തോടുകള്‍ നികത്തപ്പെട്ടതും പദ്ധതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കേരളത്തില്‍ പരമ്പരാഗതമായി കയര്‍ ഉല്‍പാദിപ്പിക്കുന്നത് ആലപ്പുഴ, കൊല്ലം ജില്ലകളിലാണ്. നേരത്തെ മലബാറില്‍ ഗണ്യമായി ഉല്‍പാദിപ്പിച്ചിരുന്നുവെങ്കിലും പുഴയോരങ്ങളിലെ ചതുപ്പുനിലങ്ങള്‍ നികത്തിയതും തെങ്ങുകളിലെ മണ്ഡരിബാധയും പ്രതികൂലമായി ബാധിച്ചു.
ഇതിനാല്‍ ആലപ്പുഴയില്‍ നിന്ന് കയര്‍ എത്തിച്ചാല്‍ മാത്രമേ മലബാറില്‍ പദ്ധതികള്‍ നടപ്പിലാക്കാനാവൂ. സാധാരണയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തോട്,കനാല്‍, പുഴയോര സംരക്ഷണം നടക്കുന്നത് ചെങ്കല്ലോ,കരിങ്കല്ലോ ഉപയോഗിച്ചു കെട്ടിയാണ്. എന്നാല്‍ ക്വാറികളുടെ സ്തംഭനം ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിച്ചിരിക്കുകയാണ്.
ഇത് ഒരളവുവരെ പരിഹരിക്കാന്‍ കയര്‍ ഭൂവസ്ത്ര പദ്ധതിക്കു കഴിയുമെന്നു വിദഗ്ധര്‍പറയുന്നു. ഇതു നടപ്പിലാക്കാനായി തദ്ദേശസ്വയം ഭരണവകുപ്പ് ജില്ലാപഞ്ചായത്തുകളോട് പദ്ധതി സമര്‍പ്പിക്കാനായി നിര്‍ദേശിച്ചിരുന്നു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താനായിരുന്നു നിര്‍ദേശം.
എന്നാല്‍ മലബാര്‍ മേഖലയില്‍ പദ്ധതിയോട് തണുപ്പന്‍ പ്രതികരണമാണുള്ളത്. കണ്ണൂര്‍ ജില്ലയില്‍ ഒരു ബ്‌ളോക്ക് പഞ്ചായത്തും മൂന്ന് ഗ്രാമപഞ്ചായത്തുകളും മാത്രമാണ് ഇതുവരെ പദ്ധതി സമര്‍പ്പിച്ചത്.
ഇതു സംബന്ധിച്ചുള്ള ആസൂത്രണയോഗവും പഠനക്ലാസും നടന്നുകഴിഞ്ഞു.
എന്നാല്‍ ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കുകയെന്ന വെല്ലുവിളിയാണ് ഇനി ബാക്കിയുള്ളത്. ഇവിടെയാണ് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുഭരണസമിതികളുടെ വിമുഖത തിരിച്ചടിയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."