കേരളത്തിന് പാക് പിന്തുണ
ഇസ്‌ലാമാബാദ്: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിനു പിന്തുണയറിയിച്ച് പാകിസ്താന്റെ പുതിയ നായകനും. പാകിസ്താനില്‍നിന്നുള്ള സഹായങ്ങളുമായുള്ള വിമാനം കോഴിക്കോട്ട് ഇറങ്ങിയതിനു പിറകെയാണു സഹായം വാഗ്ദാനം ചെയ്ത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയത്.ഇമ്രാന്‍ ട്വിറ്ററിലൂടെയാണ് കേരളത്തിന് ആശ്വാസവാക്കുകള്‍ ചൊരിഞ്ഞത്. ''പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ ജനങ്ങള്‍ക്കായി പാക് ജനതയുടെ പ്രാര്‍ഥനകള്‍ അറിയിക്കുന്നു. കൂടെ എല്ലാ നന്മയും നേരുന്നു.കേരളത്തിന് ആവശ്യമുള്ള മനുഷ്യത്വപരമായ എന്തു സഹായത്തിനും ഞങ്ങള്‍ തയാറാണ്'' എന്നായിരുന്നു ഇമ്രാന്റെ ട്വീറ്റ്.
രാഹുല്‍ ഗാന്ധി ജര്‍മന്‍മന്ത്രിയുമായി ചര്‍ച്ച നടത്തി
ബെര്‍ലിന്‍: ജര്‍മന്‍ വിദേശകാര്യ മന്ത്രിയുമായി കേരള ത്തിലെ പ്രളയ വിഷയം ചര്‍ച്ച ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന 'ഡയസ്‌പോറ ഔട്ട്‌റീച്ച് ' പരിപാടിയുടെ ഭാഗമായി ജര്‍മനിയിലെത്തിയതായിരുന്നു രാഹുല്‍.
ജര്‍മന്‍ വിദേശകാര്യ മന്ത്രി നീല്‍സ് അന്നനുമായാണ് കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തെ കുറിച്ചു ചര്‍ച്ച ചെയ്തത്.
ഇതിനു പുറമെ ജി.എസ്.ടി, ഉദ്യോഗം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
ഇക്കാര്യം നീല്‍സ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
പരിപാടിയുടെ ഭാഗമായി രാഹുല്‍ ലണ്ടനിലും സന്ദര്‍ശനം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."