പുറംലോകമറിയാതെ വനാതിര്‍ത്തി ഗ്രാമങ്ങള്‍
പടിഞ്ഞാറത്തറ: കേരളത്തിലാകെ തെരഞ്ഞെടുപ്പും അതിനോടനുബന്ധിച്ചുള്ള കൊട്ടികലാശവും അവസാനിച്ചു. ഇന്ന് ജനം പോളിങ് ബൂത്തിലേക്ക് പ്രയാണവും തുടങ്ങിയിട്ടും പുറത്ത് നടക്കുന്നതൊന്നുമറിയാതെ വനാതിര്‍ത്തികളിലെ ആദിവാസി ഗ്രാമങ്ങളിലുള്ളവര്‍.
പടിഞ്ഞാറത്തറ, വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകളിലായി ബാണാസുര മലനിരകളോട് ചേര്‍ന്നുള്ള ഗ്രാമങ്ങളാണ് നാട്ടില്‍ നടക്കുന്ന കോലാഹളങ്ങളൊന്നും അറിയാതെ പതിവു ജീവിതവുമായി മുന്നോട്ടു പോകുന്നത്. നിത്യവൃത്തിക്കായി ജോലിയും കൂലിയും കുടുംബവുമായി ഇന്നും ഇവര്‍ തങ്ങളുടെ കോളനികളില്‍ തന്നെ. ദേശീയ ശ്രദ്ധയാകര്‍ഷിച്ച വയനാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനിച്ചതൊന്നും ഇവിടുള്ളവര്‍ അറിഞ്ഞിട്ടില്ലെന്നുള്ളതാണ് വസ്തുത. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെ തുടര്‍ന്ന് നിരവധി ദേശീയ നേതാക്കള്‍ ജില്ലയില്‍ പ്രചാരണത്തിന് എത്തുമ്പോഴും ഇവിടേക്ക് ആരും വരാറില്ലെന്നാണ് ഇവിടുത്തെ താമസക്കാര്‍ പറയുന്നത്. വനത്തിനുള്ളിലും വനത്തോട് ചേര്‍ന്നുമുള്ള ഇത്തരം ഗ്രാമങ്ങളില്‍ നല്ലൊരു പങ്കും ആദിവാസികളാണ് താമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം വീര്‍പ്പുമുട്ടുന്ന ഇവരുടെ ദുര്‍ഗതി കാണാന്‍ പോലും അധികാരികള്‍ക്ക് നേരമില്ലതാണ് യാഥാര്‍ഥ്യം. ഗതാഗത സംവിധാനമുള്ള റോഡ് പോലുമില്ലാത്ത ഗ്രാമങ്ങളാണ് ഇവിടെ ഏറെയും ഉള്ളത്. ചോരാത്ത കൂരയും വൈദ്യുതിയും കുടിവെള്ള സംവിധാനങ്ങളും ഇവരുടെ സ്വപ്നങ്ങളാണങ്കിലും ഈ ദുരവസ്ഥ കാണാന്‍ പോലും ആരും എത്തുന്നില്ലെന്നുള്ളതാണ് ഇവരുടെ ഏറ്റവും സങ്കടവും. ഗതാഗത സൗകര്യമില്ലാത്തതിനാല്‍ വോട്ട് ചോദിച്ച് പോലും പ്രധാന നേതാക്കളാരും ഇവിടേക്ക് വരാറില്ല. അതിനാല്‍ തന്നെ ഇവരുടെ ദുരവസ്ഥ പുറം ലോകം അറിയാറുമില്ല.
എല്ലാ തവണയും വോട്ടെടുപ്പിന്റെ തലേന്ന് പ്രാദേശിക നേതൃത്വം വോട്ടഭ്യര്‍ഥിച്ച് എത്തും അതും രാത്രിയില്‍ കോളനിക്കകത്തെ അത്യാവശ്യം സ്വാധീനമുള്ളവരെ കണ്ട് കാര്യങ്ങള്‍ ഏല്‍പ്പിച്ച് പോകാറാണ് പതിവെന്ന് കോളനിക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
കാല്‍നട യാത്രയായി പോലും സഞ്ചരിക്കാന്‍ പറ്റാത്ത വിധം തകര്‍ന്ന റോഡുകള്‍ ഗതാഗത യോഗ്യമാക്കിയാല്‍ ഇവിടേക്കും പ്രചാരണ വാഹനങ്ങള്‍ എത്തുമെന്നാണ് ഇവരുടെ വലിയ സ്വപ്നമായി അവശേഷക്കുന്നത്. എന്നാല്‍ കാലാകാലങ്ങളായി ഇവര്‍ അവഗണന നേരിട്ട് കഴിയുകയാണ്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ ദുരിത ജീവിതം നയിക്കുന്ന നൂറുകണക്കിന് വരുന്ന മനുഷ്യരുടെ ആവശ്യങ്ങള്‍ കാണാനും പരിഹരിക്കാനും എപ്പോഴാണ് നേതാക്കളെത്തുക എന്നതാണ് ഇവരുടെ ചേദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."