വോട്ടിങ് യന്ത്രത്തിന് ഒച്ചിഴയും വേഗത
വടകര: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചിട്ടും വോട്ടെടുപ്പ് പലയിടത്തും ഒച്ചിഴയും വേഗത്തില്‍. മിനിമം ആയിരത്തി ഇരുനൂറ് വോട്ടര്‍മാരുള്ള ഒരു ബൂത്തില്‍ പതിനൊന്ന് മണിക്കൂര്‍ തുടര്‍ച്ചയായി പോളിങ് നടത്തിയിട്ടും പോളിങ് കഴിഞ്ഞില്ല. സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലെ പിഴവാണോ സംവിധാനങ്ങള്‍ ഒരുക്കുന്നതിലെ അപാകതയാണോ എന്നത് വ്യക്തമല്ല. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത് അല്‍പം സമയം പോളിങ് നിര്‍ത്തിവയ്ക്കാന്‍ കാരണമായി.
എന്നാല്‍ ഇത്തരത്തില്‍ സംഭവങ്ങളൊന്നുമില്ലാതിരുന്നിട്ടും നിശ്ചിത സംയത്തിനുള്ളില്‍ പോളിങ് അവയാനിപ്പിക്കാന്‍ കഴിയാത്തതായും റിപ്പോര്‍ട്ടുണ്ട്. വോട്ട് ചെയ്യാന്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടിവന്നതില്‍ സ്ത്രീകളടക്കമുള്ള വോട്ടര്‍മാര്‍ പ്രതിഷേധിച്ചു. പലയിടങ്ങളിലും ഓപ്പണ്‍ വോട്ട് ദുരുപയോഗം ചെയ്തതാണ് വോട്ടിങ് വൈകാന്‍ കാരണമായത്. ചിലയിടങ്ങളില്‍ പോളിങ് ഉദ്യോഗസ്ഥരുടെ പരിചയക്കുറവും താമസത്തിനിടയാക്കി. വടകര മണ്ഡലത്തില്‍ മാത്രം മുക്കാല്‍ ലക്ഷത്തോളും പുത്തന്‍ വോട്ടുകാരാണുള്ളത്. ഒരു ദിവസം മുഴുവന്‍ വോട്ട് ചെയ്യുന്നതിനായി ചെലവഴിക്കേണ്ടിവരികയാണെന്ന പരിഭവവും അവര്‍ ഉയര്‍ത്തി. അതോടൊപ്പം തന്നെ വീടിന് തൊട്ടടുത്ത് പോളിങ് ബൂത്തിരിക്കുമ്പോള്‍ അഞ്ചും ആറും കിലോമീറ്റര്‍ അകലെയുള്ള ബുത്തില്‍ പോയി വോട്ടു ചെയ്യേണ്ടിവരുന്ന ഗതികേടിനെക്കുറിച്ചും പലരും പരാതി പറയുന്നുണ്ട്. ഒരു മണ്ഡലത്തിലെ വോട്ടര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുമുണ്ടെങ്കില്‍ ആ മണ്ഡലത്തില്‍ എവിടെയും വോട്ട് ചെയ്യാനുള്ള സാഹചര്യമുണ്ടാക്കണമെന്നാണ് ചിലരുടെ അഭിപ്രായം.
ആയഞ്ചേരി: കോട്ടപ്പള്ളി എം.എല്‍.പി സ്‌കൂളിലെ 117, 119 ബൂത്തുകളില്‍ ആറ് മണിയായിട്ടും സ്ത്രീകള്‍ ഉള്‍പ്പടെ 600-ഓളം വോട്ടര്‍മാര്‍ കാത്തുനില്‍ക്കേണ്ടി വന്നു. ഇവിടെ പുരുഷന്മാര്‍ക്ക് ടോക്കണ്‍ നല്‍കാന്‍ 7 മണിയായി. ഈ ബൂത്തില്‍ എത്തിയ വോട്ടര്‍മാര്‍ സൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി.
ഭിന്നശേഷിക്കാര്‍ക്ക് ബൂത്തില്‍ ലഭ്യമാകുമെന്ന് പറഞ്ഞ സൗകര്യങ്ങള്‍ പോലും അപര്യാപ്തമായിരുന്നു. ഓപ്പണ്‍ വോട്ട് ചെയ്യാന്‍ വളരെ അധികം സമയമെടുക്കുന്നതായി പരാതിയുയര്‍ന്നു.
നാദാപുരം: 1300-ഓളം വോട്ടര്‍മാരുള്ള കുമ്മങ്കോട് 183-ാം നമ്പര്‍ ബൂത്തില്‍ 250ലധികം വോട്ടര്‍മാര്‍ക്ക് പ്രത്യേക സ്ലിപ്പുകള്‍ നല്‍കിയാണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്. ഇവിടെ ഒന്‍പതു മണി വരെ തെരഞ്ഞെടുപ്പ് നീണ്ടു. എട്ടോടെ ആരംഭിച്ച കാറ്റും മഴയും വോട്ടര്‍മാര്‍ക്ക് ഭീഷണിയായി. പുറമേരി കെ.ആര്‍ ഹൈസ്‌കൂള്‍, തൂണേരി ഇ.വി.യു.പി സ്‌കൂള്‍, തുടങ്ങി മേഖലയിലെ പല ബൂത്തിലും സമാന സ്ഥിതിയായിരുന്നു. വി.വി പാറ്റ് മെഷിനില്‍ തെരഞ്ഞെടുപ്പ് ചിഹ്നം തെളിയാന്‍ എടുക്കുന്ന സമയവും വോട്ടര്‍മാരെ തിരിച്ചറിയാനുള്ള രേഖകളുടെ പരിശോധന, മഷി രേഖപ്പെടുത്തല്‍ തുടങ്ങിയവയ്‌ക്കൊക്കെ വേണ്ടി വന്ന സമയ ദൈര്‍ഘ്യമാണ് ആയിരത്തില്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചത്.
കുറ്റ്യാടി: വോട്ടിങ് മെഷിന്റെ ബാറ്ററി ചാര്‍ജ് തീര്‍ന്നതു കാരണം പോളിങ് നിര്‍ത്തിവച്ചു. കുറ്റ്യാടി എം.ഐ.യു.പി സ്‌കൂള്‍ 78-ാം നമ്പര്‍ ബൂത്തിലാണ് മെഷീന്‍ ബാറ്ററി ഡൗണ്‍ ആയതിനാല്‍ പോളിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
അരമണിക്കൂറിനു ശേഷം പുനരാരംഭിച്ചു. പെരുമണ്ണ 128-ാം ബൂത്തില്‍ വോട്ടിങ് മെഷീനില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് വോട്ടിങ് അല്‍പ സമയം നിര്‍ത്തിവച്ചു.
വടകര: വോട്ടിങ് യന്ത്രങ്ങള്‍ക്കുണ്ടായ തകരാര്‍ കാരണം വടകര മേഖലയിലെ നിരവധി പോളിങ് സ്‌റ്റേഷനുകളില്‍ വോട്ടിങ് തുടങ്ങാന്‍ മണിക്കൂറുകള്‍ വൈകി. പുറങ്കര മാപ്പിള ജെ.ബി സ്‌കൂള്‍ 134-ാം നമ്പര്‍ ബൂത്ത്, കടമേരി യു.പി സ്‌കൂളിലെ മുപ്പതാം നമ്പര്‍ എന്നിവിടങ്ങളില്‍ വിവി പാറ്റ് മെഷിനിന്റെ തകരാര്‍ കാരണം വോട്ടിങ് തുടങ്ങാന്‍ ഒന്‍പത് മണിയായി. കൈനാട്ടി മുട്ടുങ്ങല്‍ 81-ാം നമ്പര്‍ ബൂത്ത്, അഴിയൂര്‍ പാനാടേമ്മല്‍ ഏഴ്, ഒന്‍പത് ബൂത്തുകള്‍, ചോമ്പാല്‍ സ്‌കൂളിലെ ബൂത്ത് നമ്പര്‍ 21, അരൂര്‍ യു.പി സ്‌കൂളിലെ ബൂത്തുകള്‍ എന്നിവിടങ്ങിലും ഇടയ്ക്ക് വോട്ടിങ് യന്ത്രം പണിമുടക്കി. പല പോളിങ് സ്‌റ്റേഷനുകളിലും വളരെ സമയമെടുത്താണ് വോട്ടിങ് പൂര്‍ത്തിയാക്കുന്നത്. വിവി പാറ്റ് വന്നതിനാലുള്ള വൈകല്‍ കൂടാതെയാണ് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക്. പല സ്ഥലത്തും മണിക്കൂറുകള്‍ ക്യൂ നിന്നാണ് ആളുകള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞത്.
കുറ്റ്യാടി: വോട്ടിങ് മെഷിന്‍ കേടായ ബൂത്തുകളില്‍ ഉള്‍പ്പെടെ നിരവധി ബൂത്തുകളില്‍ 6 കഴിഞ്ഞും വോട്ടിങ് നീണ്ടു. സ്ത്രീ സൗഹൃദ ബൂത്തായ ഊരത്ത് എല്‍.പി സ്‌കൂള്‍ 81-ാം ബൂത്തില്‍ രാത്രിയും കനത്ത പോളിങ്ങായിരുന്നു. നടുപ്പൊയില്‍ യു.പി സ്‌കൂള്‍, മരുതോങ്കര ഗവ. എല്‍.പി സ്‌കൂള്‍, മരുതോങ്കര സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍, ചേരാപുരം സൗത്ത് എം.എല്‍.പി സ്‌കൂള്‍, കുറിച്ചകം ഗവ. എല്‍.പി സ്‌കൂള്‍, മൊയിലോത്തറ ഗവ. എല്‍.പി സ്‌കൂള്‍, ദേവര്‍കോവില്‍ യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ബൂത്തുകളില്‍ രാത്രിയാണ് പോളിങ് അവസാനിച്ചത്.
ഇതിനിടെ മാവോയിസ്റ്റ് ഭീക്ഷണി നിലനില്‍ക്കുന്ന ബൂത്തുകളില്‍ ഇന്റൊ തിബറ്റന്‍ അതിര്‍ത്തി രക്ഷാ സേന, മുബൈയില്‍ നിന്നും വന്ന റെയില്‍വേ പ്രൊട്ടക്ഷന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ്, തമിഴ്‌നാട് പൊലിസ് അടങ്ങുന്ന ടീമിന്റെ സുരക്ഷയും ശക്തമായിരുന്നു.
ആയഞ്ചേരി: വോട്ടെടുപ്പ് നടപടി ക്രമങ്ങള്‍ വൈകിയതിനെ തുടര്‍ന്ന് കടമേരി എല്‍.പി സ്‌കൂളില്‍ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി 10.45ന്. രാവിലെ അല്‍പം വൈകി 7.30ന് ആരംഭിച്ച പോളിങ്ങാണ് നിശ്ചയിച്ച സമയത്തിനും അഞ്ചു മണിക്കൂറോളം കൂടുതലെടുത്ത് അവസാനിച്ചത്. ഈ ബൂത്തില്‍ 1268 വോട്ടര്‍മാരാണുള്ളത്. ആറു മണിയായിട്ടും വോട്ടെടുപ്പ് പൂര്‍ത്തിയായില്ല. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥരെ സഹായിക്കാന്‍ ഒരാളെ കൂടി നിയമിക്കുകയും ചെയ്തു. ഇതോടെയാണ് മന്ദഗതിയിലായിരുന്ന വോട്ടെടുപ്പിന് വേഗത കൂടിയത്. കടമേരി എല്‍.പി സ്‌കൂളില്‍ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി 10.45ന്
കുറ്റ്യാടി: വേളം പഞ്ചായത്തിലെ മുഴുവന്‍ ബൂത്തുകളിലും ഉണ്ടായത് കനത്ത പോളിങ്. രാവിലെ ഏഴു മുതല്‍ ആരംഭിച്ച പോളിങ് വൈകീട്ട് വരെ തുടര്‍ന്നു. ചേരാപുരം യു.പി സ്‌കൂളിലും ചേരാപുരം ഗവ. എല്‍.പിയിലും യന്ത്രത്തകരാറ് കാരണം പോളിങ് ആരംഭിക്കാന്‍ അര മണിക്കൂറോളം വൈകി. ചേരാപുരം യു.പി സ്‌കൂള്‍ 96-ാം ബൂത്തില്‍ 81ശതമാണ് പോളിങ് രേഖപ്പെടുത്തിയത്. 95ാം ബൂത്തില്‍ വൈകിട്ട് ആറു കഴിഞ്ഞും പോളിങ് തുടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."